സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും – ചന്ദ്രമതി ടീച്ചറിന്റെ
‘ഒഴുകാതെ ഒരു പുഴ ‘ എന്ന നോവലിന്റെ പുറം കവറില്‍ അജയ് പി. മങ്ങാട്ട് എന്ന എഴുത്തുകാരന്റെ വാക്കുകള്‍ ശ്രദ്ധാര്‍ഹമായി കൊടുത്തിട്ടുണ്ട്.
അതീവവും അഗാധവും അത്യന്തം അനന്തവുമായി തുടരുന്ന സത്യമാണത്.
വിജയിയായ ഏതൊരു പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീസാന്നിധ്യത്തിന്റെ നിഴല്‍ സദാ ചേര്‍ന്നു നില്‍ക്കുന്നുണ്ടാവും എന്നു പറയുന്നല്ലോ. പ്രയത്‌നശാലികളും വിവേകികളുമായ
പെണ്ണുങ്ങള്‍ക്ക് ആശ്വാസം പകരാനെന്ന വ്യാജേന ( അതോ അടക്കിയിരുത്താനോ ? ) എവിടുന്നോ വന്ന ഒരു തിരുവെഴുത്താണത്.
സ്വന്തം വീട്ടില്‍ ഇഷ്ടത്തിനൊത്ത് വരച്ചും പാടിയും നൃത്തം വെച്ചും വായിച്ചും ആഹ്‌ളാദിച്ച പെണ്‍കുട്ടിയെ, വി വിവാഹിതയാക്കുന്നിടം മുതല്‍ ‘ വിജയം വരിക്കുന്ന ഒരു പുരുഷ നിര്‍മ്മിതി’യിലേക്ക്‌നിര്‍ബന്ധിത നിയമനം ലഭിക്കുകയാണ്. മരത്തില്‍ കെട്ടിയിട്ട പോലെയുള്ള ജീവിതം.
ഇതില്‍ നിന്നും കൊയ്‌തെടുക്കുന്ന നേട്ടങ്ങളാണ് പുരുഷനെ വിജയിയാക്കുന്നത്.
പ്രേമവും വിവാഹവും ലോല വിചാരങ്ങളും നവവധു ആസ്വദിക്കുന്നു.
രാത്രികളില്‍ രതിയുടെ താളവും ഭംഗിയും ടോള്‍സ്റ്റോയ് യുടെ ഭാര്യ സോണിയയും ആസ്വദിച്ചു എന്ന് നോവല്‍ പറയുന്നു.. ഇതായിരിക്കും മുന്നോട്ടുള്ള ജീവിതമെന്ന മൂഢവിചാരങ്ങള്‍ ഒഴിഞ്ഞു പോകുന്നത് അവളെ ദു:ഖിതയാക്കുന്നു.
സ്വപ്നങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടാകുന്നത് നവവധു മനസ്സിലാക്കുന്നയിടത്ത് കാര്യങ്ങള്‍ മാറുകയാണ് .
തുടര്‍ന്നു വരുന്നത്
ചിരിയും സന്തോഷവുമില്ലാത്ത പകലുകളിലെ മൗനങ്ങളായിരിക്കും.
അവളുടെ സ്വപ്നങ്ങളെ ആരും അറിയാനോ , വളര്‍ത്താനോ വരില്ലെന്നും ചാപിള്ളകളോ അംഗഭംഗം വന്നതോ അകാല മരണമടയുന്നതോ ആയി അതൊക്കെ പരാജയപ്പെടുമെന്നും അറിഞ്ഞ് വിഷാദവതിയാവുകയാണവള്‍. തുടര്‍ന്ന്,
വ്യഥിതവും വ്യസനങ്ങളനുഭവിക്കുന്നതും മാരകവും മാത്രമായ ഒരു സ്ത്രീച്ചിത്രമാകുകകയാണവള്‍.’ ഒഴുകാതെ ഒരു ഒരു പുഴ ‘യുടെ കഥ ടോള്‍സ്റ്റോയ് യുടേതും സോണിയയുടേതും മാത്രമല്ലാതാകുന്നത് അങ്ങനെയാണ്.
യാസ്‌നായ പോള്യാനയിലേക്ക് ഉല്ലാസവതിയായി കടന്നുവരുന്ന സോണിയ , കാര്‍ഷിക വൃത്തിയും കന്നുകാലി വളര്‍ത്തലും അനേകം അംഗങ്ങളും പരിചാരകരും , സേവകരും പണിക്കാരുമെല്ലാമടങ്ങിയ ആള്‍ക്കൂട്ടത്തിലേക്കാണെത്തുന്നത്. മോസ്‌കോയിലെ നഗര ജീവിതം കണ്ട അവള്‍ക്ക് പോള്യാനോയിലെ ഗ്രാമ്യ ശീലങ്ങള്‍ ദു:സ്സഹമാകുന്നു ആദ്യമൊക്കെ .
– വിവാഹം വഴി സ്വന്ത വീടുപേക്ഷിച്ചു വരുന്ന പെണ്ണിന് ലോകത്തെവിടെയും നേരിടേണ്ടി വരുന്ന ആദ്യ വെല്ലുവിളി.-
ഏറെ വൈകാതെ ജീവിതഭാരമാകെ അവളുടെ തോളുകളിലെത്തുന്നു.
തുടരെത്തുടരെയുള്ള പ്രസവങ്ങള്‍…
സോണിയയ്ക്ക് 16 മക്കളുണ്ടായി എന്ന് വായിക്കുമ്പോള്‍ നമ്മള്‍ തലയില്‍ കൈവച്ച് പോകും.
മൂന്ന് കുഞ്ഞുങ്ങള്‍ മരണപ്പെടുന്നുമുണ്ട്.
എന്നാലിതൊന്നും ടോള്‍സ്റ്റോയ്ക്ക് ബാധകമാകുന്നില്ല.
പുസ്തകങ്ങളെഴുതുന്നത് പകര്‍ത്തിയെഴുതാനും അദ്ദേഹത്തിനുണ്ടാകുന്ന ഭ്രമ വ്യതിയാനങ്ങളനുഭവിക്കാനും സോണിയ നിര്‍ബന്ധിതയാകുകയാണ്.
അനാരോഗ്യവതിയും ചഞ്ചലചിത്തയുമെങ്കിലും ഭര്‍ത്താവിനോടുള്ള യഥാര്‍ത്ഥ സ്‌നേഹം നിമിത്തം അയാളുടെ നിലപാട് ചാഞ്ചാട്ടങ്ങളോടു പോലും ചേര്‍ന്നു നില്‍ക്കുകയാണ് സോണിയ.
പുറമേയ്ക്ക് വാഴ്ത്തപ്പെടുന്നവനെങ്കിലും കാപട്യങ്ങളുടെ യാഥാര്‍ത്ഥ്യം സോണിയയ്ക്ക് അരോചകമാകുന്നു. അതും മൂടിവെക്കുകയാണവര്‍.
വിവാഹത്തിന് സ്ത്രീ കൊടുക്കുന്ന വില അവളോളം തന്നെയാണ്.
അവള്‍ക്ക് ഒരു പ്രാധാന്യവും കല്‍പ്പിച്ചു കൊടുക്കാത്ത, എന്നാല്‍ അവളില്ലാതെ ഒരു ചലനം പോലും നേരെ ചൊവ്വേ നടക്കാത്ത കുടുംബ സ്ഥാപനത്തില്‍ സൗന്ദര്യവും ആരോഗ്യവും മനസ്സും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയുള്ള ജീവിതം.
ടോള്‍സ്റ്റോയ് റഷ്യയൊന്നാകെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ്.
. വെട്ടിയും തിരുത്തിയും ആവര്‍ത്തിച്ചാവര്‍ത്തിക്കുന്ന പകര്‍ത്തിയെഴുത്ത് . അതത്യന്തം ക്ലേശകരമാണെങ്കിലും
ഒരഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം പോലും വിഖ്യാത എഴുത്തുകാരന്‍ ഭാര്യയ്ക്ക് കൊടുക്കുന്നില്ല.
താന്‍ എഴുതിയതില്‍ കൈവെക്കാന്‍ അവസരം കിട്ടിയതില്‍ തലകുനിച്ച് കൈകൂപ്പി നില്‍ക്കുക എന്നാ ണങ്ങേരുടെ ഭാവം.
– സോണിയ തലേന്ന് പറയുന്ന കാര്യങ്ങള്‍ കഥയായി വരുന്നത് കണ്ട് അന്തം വിടാറുണ്ടവര്‍.
– വിഖ്യാത കൃതികളിലെല്ലാം ആ പാവത്തിന്റെ സംഭാവനകള്‍ ഉറപ്പായും ഉണ്ടാവാന്‍ സാധ്യതയുണ്ട്.
– സോണിയയില്‍ ഒരു എഴുത്തുകാരിയുണ്ടെന്ന് അറിയാവുന്ന ടോള്‍സ്റ്റോയ് ആ വശം മൂടിവെക്കാനും അവരുടെ ചിറകുകള്‍ അരിഞ്ഞു കളയാനും പരിശ്രമിച്ചിരിക്കണം.
– കഥയുടെ അന്ത്യത്തോളം ഒഴുകാതെ ഒരു പുഴയായി തുടരുകയാണ് സോണിയ. നിറയുന്ന പുഴ എങ്ങനെയാണ് ഒഴുകാതെ നില്‍ക്കുക?
– ആ സമ്മര്‍ദ്ദങ്ങളാണ് നോവല്‍ മുഴുവനും . ഒടുവില്‍ വറ്റിവരണ്ട് തരിശായിത്തീരുന്ന സോണിയ എന്ന പുഴ നമ്മുടെ ദുഃഖമായി മാറുന്നു.
– സമാന കഥകള്‍ എവിടെയും കാണാം.
– താജ് മഹല്‍ എന്നത് വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രണയ കാവ്യശില്പമെന്നല്ലേ പറയുന്നത്. കല്ലില്‍ കവിത വിരിയിക്കുന്ന
– ഷാജഹാന് മുംതാസിനോട് മാത്രമായിരുന്നോ പ്രണയം .?
– 16-ാമത്തെ പ്രസവത്തിലാണെന്ന് തോന്നുന്നു അവരുടെ മരണം.
– താജ് മഹല്‍ പോലെയുള്ള അത്ഭുത നിര്‍മ്മിതി ഷാജഹാന് വിട്ടുമാറാത്ത ഭ്രമമായിരുന്നോ?
– അടുത്ത മഹാത്ഭുതം നിര്‍മ്മിക്കാനൊരുങ്ങിയ അച്ഛനെ മകന്‍ തടവിലാക്കിയെന്നും ചരിത്രം പറയുന്നുണ്ടോ?
– മുംതാസിനുള്ള സ്മാരകം എന്ന് പറയുന്നിടത്ത് ലോക ശ്രദ്ധയുടെ പിടിച്ചു വാങ്ങലായിരുന്നോ ഉദ്ദേശ്യം?
–
– 10 ഉം 14 ഉം പ്രസവിച്ചിട്ടുള്ള മുന്‍തലമുറകള്‍ ഇവിടെയുമുണ്ടായിരുന്നു.
– 10 മക്കളുണ്ടായ അമ്മയുടെ അമ്മയെ ഓര്‍ക്കാനൊരവസരമായി നോവല്‍ വായന . ഞങ്ങള്‍ സഹോദരങ്ങള്‍ 3 പേര്‍ ഉണ്ടായ അതേ കാലയളവില്‍ തന്നെ അമ്മയുടെ അമ്മയ്ക്കും മക്കളുണ്ടായത് ഓര്‍ക്കാന്‍ ഒരവസരം.
– പത്തു മക്കളില്‍ 5 പേര്‍ ചെറുതിലേയും വയറ്റിനുള്ളിലുമൊക്കെയായി മരിച്ചു പോയ അപ്പന്റെ അമ്മയുടെ അമ്മയെയും കണ്ടിട്ടുള്ള എനിക്ക് അത് വീണ്ടും ഓര്‍മ്മ വരുന്നു.
– അതുപോലെ എത്രയോ പേര്‍.
– ടോള്‍സ്റ്റോയ് യുടെ സോണിയയെ അവരിലെല്ലാം കാണുന്നു ഞാനിപ്പോള്‍.
– നാടോടിക്കഥകള്‍ വായിച്ച കാലത്തിനിപ്പുറം റഷ്യയിലെ കുറെക്കൂടി വിപുലമായൊരു ജീവിതാവിഷ്‌കാരം കണ്ടതുപോലെ.
– അതുപോലെ
– ദസ്തയോവ്‌സ്‌കി അലക്‌സാണ്ടര്‍ പുഷ്‌കിന്‍ ,ടര്‍ഗ് നേവ് , ചെക്കോവ്
– തുടങ്ങിയവര്‍ നയിച്ച എത്ര മഹത്തരമായൊരു സാഹിത്യ സംസ്‌കാരമാണ്
– പൂര്‍വകാല റഷ്യയ്ക്ക് സ്വന്തമായുണ്ടായിരുന്നത് എന്നൊരു തെളിഞ്ഞ കാഴ്ചയും
– ചന്ദ്രമതി ടീച്ചറിന് പകരാനായി..
– അവസാന അധ്യായത്തില്‍ ‘ചന്ദ്രാ ‘എന്നു വിളിച്ചു കൊണ്ട് സോണിയയുടെ ഒരു വരവുണ്ട്…
–
വായിക്കപ്പെടട്ടെ സോഫിയാ ആന്‍ന്ദ്രീവ്‌ന ബെഹര്‍ എന്ന
സോണിയയുടെ കഥ.
ജീവിതം പാടുപെട്ട് കൊണ്ടുനടന്ന് പ്രാകൃത രീതികളിലൂടെയെന്ന പോലെ ജീവിച്ച് സ്ത്രീകളെ ഇത്രയ്‌ക്കൊക്കെ എത്തിച്ച സോണിയമാര്‍ക്കെല്ലാമുള്ള ആദരവാണ് ഈ പുസ്തകം.
പുഴ ഒഴുകുന്നില്ലെന്ന് ആരു പറഞ്ഞു…?
ഒഴുകാതെ പുഴയുണ്ടോ?
പ്രസാധകര്‍:
മാതൃഭൂമി ബുക്‌സ്
വില : 390













