“തുർക്ക്മാൻഗേറ്റിൻ ശ്മാശാന നിശ്ശബ്ദതയായിരുന്നു. റോഡുകളിലും ഗലികളിലും ഇടിച്ചുവീഴ്ത്തപ്പെട്ട ദുക്കാനുകളുടേയും കിടപ്പാടങ്ങളുടേയും കല്ലും കമ്പിയും സിമൻ്റും കൂമ്പാരമായി കിടന്നു. അതിനിടയിൽ കസേരകളും ബിരിയാണിച്ചെമ്പുകളും നിസ്കാരപ്പായകളും കണ്ണാടികളും കമ്മീസുകളം ദുപ്പട്ടകളും ചെരിപ്പുകളും ചിതറിക്കിടന്നു. എല്ലായിടത്തുനിന്നും പുകയുയർന്നു. ഗലിയിൽ അരിയും ഗോതമ്പും ബജ്റയും ചിതറിക്കിടന്നു. ഒരുപക്ഷിയും കൊത്തിക്കൊറിക്കാനായി എത്തിയില്ല.”
(ദൽഹിഗാഥകൾ, നോവൽ എം.മുകുന്ദൻ.)
അടിയന്തിരാവസ്ഥയിലെ ദൽഹിനഗരത്തെ അറിഞ്ഞും അനുഭവിച്ചും എഴുതിയ നോവലാണ് ദൽഹിഗാഥകൾ. രാപകൽ വിയർപ്പൊഴുക്കി അദ്ധ്വാനിച്ചിട്ടും ജീവിതത്തെ എത്തിപ്പിടിക്കാൻ നിവൃത്തിയില്ലാതിരുന്ന ഒരു കൂട്ടം മനുഷ്യരോട് ഇന്ദിരാഗാന്ധിയും മകൻ സഞ്ജയനും കിങ്കരന്മാരും എന്തുചെയ്തു എന്ന് ഹൃദയത്തിൽ സ്പർശിക്കുന്ന വിധം അതു വിവരിക്കുന്നു. ദൂരെ എവിടെനിന്നോ സൈക്കിളിൽ നഗരത്തിലേക്ക് വന്നിരുന്ന കല്ലുമോച്ചി എന്ന കൽപ്പണിക്കാരൻ നോവലിൽ എവിടെയോ വരുന്നുണ്ട്. ഒരു വർഷം മുഴുവൻ ഒരേ വേഷമാണ് അയാൾ ധരിക്കുക. അതു കഴുകുക പതിവില്ല. പോയവർഷത്തെ ഹോളിയുടെ നിറങ്ങൾ അതിൽ കാണാം. മൂന്നോട്ടുന്തിയ പല്ലുകൾ കാരണം അയാൾ സദാ ചിരിക്കുന്നതായി തോന്നും. അടിയന്തിരാവസ്ഥ അയാളെ പിടിച്ചു. ലോക്കപ്പിൽ നിന്ന് വന്നപ്പോൾ അയാൾക്ക് മുൻവരിപ്പല്ലുകളും അതുകൊണ്ട് ചിരിയും നഷ്ടമായി.
കത്തിയും കല്ലും കണ്ണാടിയുമായി നഗരത്തിലെ വഴിവക്കിൽ മരത്തണലിൻ മുടിമുറിക്കാനിരുന്ന ദാസപ്പനും വലിച്ചെറിയപ്പെട്ടു. അടിയന്തിരാവസ്ഥ വന്നതു കൊണ്ട് ഇനി പോലീസുകാർ വന്നു മുടിമുറിച്ചാലും പണം തരും എന്ന് ആ പാവത്തോട് ആരോ പറഞ്ഞിരുന്നു. പിന്നെ വന്നത് ഒരു വണ്ടിനിറയെ പോലീസാണ്. സന്തോഷത്തോടെ അയാൾ ചോദിച്ചു: കട്ടിംഗോ ഷേവിംഗോ?
അവർ അയാളുടെ തൊഴിലുപകരണങ്ങൾ എറിഞ്ഞു കളയുകയും അയാളെ വണ്ടിയിലേക്കിടുകയുമാണ് ചെയ്തത്.
അറവുശാലകൾ പോലുള്ള ക്യാമ്പുകളിലേക്ക് പിടിച്ചു കൊണ്ടുപോയി നിർബന്ധിച്ച് വന്ധ്യംകരിച്ച് നാഭിയും വൃഷണവും പഴുത്ത് മരിച്ചുപോയ സീതാറാം എന്ന ധോബി പതിനായിരങ്ങളിൽ ഒരാൾ മാത്രമാണ്. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ സ്കൂളുകളെ ക്യാമ്പാക്കി മാറ്റിയാണ് കൂട്ട വന്ധ്യംകരണങ്ങൾ നടന്നത്. ഓരോ സ്കൂൾക്യാമ്പുകൾക്കും ക്വാട്ട നിശ്ചയിച്ചിരുന്നു. അവിവാഹിതർ ഉൾപ്പടെ യുവാക്കളും പടുവൃദ്ധരും അണുവിമുക്തമാക്കാത്ത തുറന്ന സ്ഥലങ്ങളിൽ നടത്തിയ കൂട്ട “നശ്ബന്ധി”യിൽ തകർന്നടിഞ്ഞുപോയി.
ജർമ്മൻ യാത്രകളിൽ ഹിറ്റ്ലർ മനുഷ്യക്കശാപ്പു നടത്തിയിരുന്ന ചില “ആതുരാലയങ്ങൾ” ഞാൻ സന്ദർശിച്ചിരുന്നു. ഭിന്നശേഷിക്കാരെയും മാറാരോഗികളേയും ആരോഗ്യം കുറഞ്ഞ കുഞ്ഞുങ്ങളേയും വൃദ്ധരേയും “സമ്മതമില്ലാത്ത ദയാവധം” നടത്തുന്ന പരിപാടിയെ “സമൂഹത്തിൻ്റെ ആരോഗ്യനിലവാരമുയർത്തൽ” എന്നാണ് ഹിറ്റ്ലറുടെ ആരോഗ്യവകുപ്പ് വിശേഷിപ്പിച്ചിരുന്നത്. ഇന്ദിരാഗാന്ധിക്കു ശേഷമായിരുന്നെങ്കിൽ ഹിറ്റ്ലർ നിയ്ചയമായും നിർബന്ധവന്ധ്യംകരണം കൂടി അതിൽ ഒരു പരിപാടിയായി ഉൾപ്പെടുത്തുമായിരുന്നു.
ദൽഹി നഗരത്തിൽ ഒരു “മിനിപാക്കിസ്ഥാൻ” വേണ്ട എന്നു പറഞ്ഞാണത്രെ സഞ്ജയ് ഗാന്ധി തുർക്ക്മാൻഗേറ്റിലെ കുടിലുകളും കടകളും കെട്ടിടങ്ങളും ബുൾഡോസർ വെച്ച് നിരപ്പാക്കിയത്. ആ നിരപ്പിൽ അന്നെറിഞ്ഞ മുസ്ലീംമതവിദ്വേഷത്തിൻ്റെ വിത്താണ് പിന്നെ വളർന്ന് ഗുജറാത്ത് വംശഹത്യയിലൂടെ ഹിന്ദുത്വ രാഷ്ട്രീയഭീകരതയുടെ അധികാരാരോഹണമായി മാറിയത്.













