LIMA WORLD LIBRARY

തർക്കവിഷയങ്ങളിൽ ധാരണയായില്ല; നിർമാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ്: തീരുമാനങ്ങൾ ഇവ

തിരുവനന്തപുരം∙ തർക്കവിഷയങ്ങളിൽ ധാരണയാകാതെയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ഒത്തുതീർപ്പായത്. തീരസംരക്ഷണ പ്രവർത്തനങ്ങൾ പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ ധാരണയായി. തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കും.

പഠനസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്ന സമരസമിതിയുടെ ആവശ്യത്തിലും തീരുമാനമായില്ല. സർക്കാർ പഠനസമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ധ പ്രതിനിധികളുമായി ചർച്ച നടത്തും.

കടൽക്ഷോഭത്തിൽ വീട് നഷ്ടമായവർക്കുള്ള വാടക 5,500 രൂപ തന്നെയാണ്. രണ്ടുമാസത്തെ വാടക മുൻകൂറായി നൽകും. പ്രതിമാനം 8000 രൂപ മേണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം. വീട് നഷ്ടമായവർക്കുള്ള ഫ്ലാറ്റ് നിർമാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന സർക്കാർ അറിയിച്ചു.

പുരധിവാസ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. വീടിന്റെ വിസ്തീർണം സംബന്ധിച്ച് ചർച്ച നടത്തും. വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്നതിനായി പൊതുവായി ഒരു സ്ഥലം ഒരുക്കുമെന്നും സർക്കാർ അറിയിച്ചു.

നിലവിലുള്ള മണ്ണെണ്ണ എൻജിനുകൾ പെട്രോൾ/ഡീസൽ/ഗ്യാസ് എൻജിനുകളായി മാറ്റുന്ന പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്‌സിഡി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. തുറമുഖ നിർമാണം തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകും. വിഴിഞ്ഞം സമരം ഒത്തുതീർപ്പായെന്നും സഹകരിച്ച എല്ലാവർക്കും നന്ദിയെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

അതേസമയം, സമരം തീർന്നതായി സർക്കാർ അറിയിച്ചാൽ ഉടൻ തുറമുഖ നിർമാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. നാളെത്തന്നെ നിർമാണ സമാഗ്രികൾ എത്തിക്കാൻ തയാറെന്ന് കമ്പനി അറിയിച്ചു. സമരം തീർന്നതിൽ സന്തോഷമുണ്ടെന്നും ലത്തീൻ അതിരൂപതയെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു.

English Summary: Vizhinjam protest withdraws after discussion with Kerala chief minister Pinarayi Vijayan

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px