കെ. ഇന്ദിര ഇന്നു വെളുപ്പിന് അന്തരിച്ചു. ആരായിരുന്നു കെ. ഇന്ദിര.? ആറേഴ് കൊല്ലത്തിന് മുൻപാണ്. ഒരു നോവലുമായി പ്രസിദ്ധീകരണത്തിന് വന്നപ്പോഴാണ് പരിചയമാകുന്നത്. “ഇറ്റലിയിലെ വാനമ്പാടി” എന്നായിരുന്നു ആ കൃതിയുടെ പേര്. ചെറിയൊരു നോവൽ. കേരള സർക്കാരിലെ ഒരു ഉദ്യോഗസ്ഥയായി വിരമിച്ചു കഴിഞ്ഞാണ് നോവലെഴുത്തു തുടങ്ങിയത്. ഇറ്റലിയിലെ വാനമ്പാടിയെപ്പറ്റി എഴുതാൻ എന്താണ് കാര്യം എന്നു ചോദിച്ചപ്പോഴാണറിയുന്നത്. കവി രമാകാന്തന്റെ പ്രിയ പത്നിയാണെന്ന്. ഇറ്റലിയിൽ സന്ദർശനത്തിന് ഭർത്താവിനോടൊപ്പം പോയതാണ് പ്രചോദനം. നോവൽ പ്രസിദ്ധപ്പെടുത്തിയ ശേഷം ഇടയ്ക്കിടെ വിളിക്കും. രമാകാന്തൻ മരിച്ചപ്പോൾ fb യിൽ ഒരു കുറിപ്പെഴുതിയത് വായിച്ചു വിളിച്ചു. ഒന്നോ രണ്ടോ വാക്കുകൾ. അതു കേരളകൗമുദിക്ക് വാങ്ങിക്കൊടുത്തു. കവിയുടെ ഊർജ്ജമായി ചേച്ചിയും.
സൗമ്യമായ പെരുമാറ്റം. ഭർത്താവിനെപ്പോലെ പൂവ് പോലെയുള്ള സംസാരം. സൂക്ഷ്മമായി എല്ലാം നിരീക്ഷിക്കുന്ന മനസ്സ്. ഒരു മഹാകവിയോടൊപ്പം ജീവിച്ചതുകൊണ്ടാവും മനസ്സിന്റെ ആർദ്രത അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ആദ്യം ഞാനൊരെഴുത്തുകാരനായിട്ടറിയില്ലായിരുന്നു. ഞാനൊട്ടു പറയാനും പോയില്ല. പിന്നെ പടം കണ്ട് എഴുത്തുകാരനായി തിരിച്ചറിഞ്ഞു.
“എഴുതുമല്ലേ?”
ഞാൻ പറഞ്ഞു
“എഴുതും. കുറേശ്ശേ”
പത്തു മുപ്പതു പുസ്തകം പുറത്തിറക്കിയിട്ടുണ്ടെന്നു പറയാൻ പോയില്ല. മനുഷ്യർക്ക് വായിക്കാൻ കൊള്ളാവുന്ന മാസികകളിലൊന്നും കാണാത്തതുകൊണ്ടാകും എഴുതുമോ എന്ന് ചോദിച്ചത്. അതിനുശേഷം എവിടെ എന്റെ പേര് കണ്ടാലും വിളിക്കും. അഭിനന്ദനങ്ങൾ, അല്ലാതെ ചൊരിയാറില്ല. ആരോടും പരുഷമായി ഒരു വാക്കു പോലും അവർ പറയാറില്ലായിരുന്നു എന്നു പിന്നീടറിഞ്ഞു.
പരുഷമൊഴി പറയുന്നതും വിലക്കിയിരുന്നു. ഈ “കലണ്ട”റിന്റെ നല്ലൊരു വായനക്കാരിയായിരുന്നു. ചിലപ്പോൾ വിളിച്ചു പറയും
“രാജീവ്കുമാറെ. ഇങ്ങനെ എഴുതാമോ. അവരെന്തു വിചാരിക്കും. ഇതു കടന്നു പോയില്ലേ? അവർ ശത്രുക്കളാകില്ലേ?”
ഞാൻ പറയും
“ചേച്ചി, അവർ അല്ലെങ്കിലും മിത്രങ്ങളല്ലല്ലോ.”
വിവാദമുണ്ടാക്കുന്ന ഒന്നിലും ഇടപെടില്ലെന്നു മാത്രമല്ല അതിന് എതിരുമായിരുന്നു.
ഒടുവിൽ രമാകാന്തന്റെ ആത്മകഥ, അദ്ദേഹം ഡയറിയിൽ കുറിച്ചിട്ടത് പകർത്തി എഴുതി പുസ്തകമാക്കിയപ്പോൾ പോലും എന്ത് ചഞ്ചലചിത്തയായിരുന്നു.
“ഇതിൽ കുഴപ്പമുണ്ടോ? അദ്ദേഹം എഴുതിയത് ഞാനല്ലേ പകർത്തിയത്?”
“അതിനെന്താ, ചേച്ചി ധൈര്യമായി എഴുത്. ഭർത്താവിന്റെ ആത്‌മകഥയല്ലേ! ഭാര്യക്കല്ലാതെ പകർത്തി എഴുതാൻ പിന്നെ ആർക്കാണ് അവകാശം?”
എങ്കിലും ആകെ ആസ്വസ്ഥയായിരുന്നു. ടൈപ്പ് സെറ്റ് ചെയ്യുന്നതിനിടയിൽ ഒരു ദിവസം രാവിലെ വിളി വന്നു:
“എങ്കിലും രാജീവ്കുമാറേ, അതെങ്ങനെ ശരിയാകും. സാർ തന്നെയല്ലേ ആത്‍മകഥ എഴുതേണ്ടത്. അതിപ്പോൾ ഞാൻ… നമുക്ക് ആ പുസ്തകം ഇറക്കാതിരുന്നാലോ?”
ഞാൻ പറഞ്ഞു,
“ചേച്ചീ, ഇപ്പോൾ ഓരോരുത്തര് ആത്മകഥ മറ്റുള്ളവരെക്കൊണ്ട് എഴുതിക്കുന്ന കാലത്ത്, അദ്ദേഹം എഴുതിയ കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി പകർത്തി എഴുതുന്നതിൽ എന്താണ് തകരാറ്?”
ഒടുവിൽ പുസ്തകം പുറത്തു വന്നു. ” ഞാനും നീയും രണ്ട് റെയിൽപ്പാളങ്ങൾ” – ഇറങ്ങിയത് മുതൽ വീണ്ടും സന്ദേഹം.
“വല്ലവരും വാങ്ങുമോ?”
ഞാൻ പറഞ്ഞു,
“വാങ്ങിയില്ലെങ്കിൽ വാങ്ങിപ്പിക്കും. അതിന്റെ തന്ത്രങ്ങളെല്ലാമുണ്ട് “
പറഞ്ഞുതീർന്നില്ലല്ലോ. രാവിലെ ഷാനവാസാണ് ആ വിയോഗവാർത്ത അറിയിച്ചത്. പെട്ടന്നായിരുന്നു മരണം. ഇനി പുലർച്ചെ ആ വിളി വരില്ല. എന്തെഴുതിയാലും വിളിച്ചഭിനന്ദിക്കുന്നവർ ഓരോരുത്തരായി യാത്രയാവുകയാണ്!
About The Author
No related posts.