എണ്ണക്കാട്ടു തറയിൽ കൊട്ടാരത്തിലെ വേലായുധൻ തമ്പിയെ അധികം ആരും അറിയില്ല. അതിലേക്കു കടക്കുന്നതിനു മുമ്പ് മധ്യ തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ് മുന്നേറ്റത്തിന് നിമിത്തമായൊരു കഥകൂടിയുണ്ട്.
1949 ഡിസംബർ 31ന് രാത്രി. ശൂരനാട്ടിലെ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഇൻസ്‌പെക്ടറും മൂന്നു പോലീസുകാരും വധിക്കപ്പെട്ടു. അതിനത്തുടർന്നു ഭീകര മർദനവും നിരോധനവും. തുടർന്നു നരവേട്ടയായിരുന്നു. എല്ലാത്തിനും സാക്ഷിയായതു എണ്ണക്കാട് കൊട്ടാരവും. അന്നൊക്കെ മദ്ധ്യ തിരുവിതാംകൂർ കൊട്ടാരങ്ങൾ വിശേഷിച്ചു എണ്ണക്കാട്ടെ കൊട്ടാരവും പന്തളത്തെ കൊട്ടാരങ്ങളുമെല്ലാം പോലീസ് ഐജി ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ അരിച്ചുപെറുക്കി ഒളിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാരെ കൊണ്ടുപോയി. ആദ്യ സ്‌പീക്കർ ആർ.ശങ്കരനാരായണൻ തമ്പിയെയും സഹോദരന്മാരെയും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ദ്രോഹച്ചതിനു കയ്യും കണക്കുമില്ല. ഏറ്റവും കൂടുതൽ പോലീസ് പീഡനം
അക്കാലത്തു സഹിച്ചതും എണ്ണക്കാട് കൊട്ടാരമാണ്.
തുടക്കം ശൂരനാട്ടു സംഭവം തന്നെ. അത് നടന്നു 12 മണിക്കൂറിനുള്ളിൽ തണ്ടാശ്ശേരി രാഘവൻ, കതുക്കാട്ടുതറ പരമേശ്വരൻ നായർ, പുരുഷോത്തമൻ പിള്ള, പോണാൽ തങ്കപ്പക്കുറുപ്പ് തുടങ്ങിയ അഞ്ചു സഖാക്കളെ പോലീസ് പിടിച്ചുകൊണ്ടുപോയി ഇടിച്ചു കൊന്നു. തുടർന്നു ഇടിവണ്ടികളുടെ പരക്കം പാച്ചിലായിരുന്നു.
ഇതിനിടയിൽ കായംകുളം പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ തോപ്പിൽ ഭാസി പ്ലാനിട്ടു. അതിനു കാരണം മധ്യ തിരുവിതാംകൂറിലെ പ്രമുഖ നേതാവായിരുന്ന പുതുപ്പള്ളി രാഘവനും പേരൂർ മാധവൻ പിള്ളയും തഴവക്കടുത്തു ഒരു വീട്ടിൽ ഒളിച്ചിരുപ്പാണ്. കമ്മ്യൂണിസ്റ്റുകാർ ആരെക്കണ്ടാലും തൂക്കിയെടുത്തു സ്റ്റേഷനിൽ കൊണ്ടുപോയി ഇഞ്ചപ്പരുവമാക്കുന്ന കാലം. നിരോധനമാണ്. അതിന്റെ കൂടെ ശൂരനാട് സംഭവവും.
അങ്ങനെ പുതുപ്പള്ളിയുടെ ഒളിവിടം ഒറ്റുകാർ മുഖേന കായംകുളം പോലീസിന് വിവരം കിട്ടി. ഉടൻ ഇൻസ്‌പെക്ടർ വേലുക്കുട്ടി നായരും മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ പാലാമ്പടം കോശിയും ഒരു സംഘം പോലീസുകാരും കൂടി തഴവയ്ക്ക് കുതിച്ചു. വീടു വളഞ്ഞു കൈത്തോക്കും ചൂണ്ടി ഇറങ്ങിവരാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ വഴങ്ങിയില്ല. തുടർന്നു വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തു കടന്നപ്പോൾ വീട്ടിലിരുന്ന രണ്ട് ഉലക്കയും എടുത്തുകൊണ്ടാണ് പുതുപ്പള്ളിയും പേരൂരും പോലീസിനെ നേരിട്ടത്. എത്ര നേരം നേരിടാൻ പറ്റും. പോലീസ് അവരെ പിടിച്ചു കെട്ടി കായംകുളം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവരെ ഇറക്കിക്കൊണ്ട് പോരുന്നതിനാണ് തോപ്പിൽ ഭാസി പോലീസ് സ്റ്റേഷൻ ആക്രമിക്കുന്നതിനു പദ്ധതിയിട്ടതെന്നൊരു കഥ പരന്നു. പിന്നെ അതിന്റെ പിറകെയായി പോലീസ്. കമ്മ്യൂണിസ്റ്റുകാരെ തേടി രഹസ്യപ്പോലീസും.
ഇതിനിടയിൽ ഇൻസ്റ്റാൾമെന്റിനു തുണി വിൽക്കാൻ വന്ന പന്തളത്തുകാരൻ ഒരു റാവുത്താറെ നാട്ടുകാർ രഹസ്യപ്പോലീസെന്ന് തെറ്റിദ്ധരിച്ചു പൊതിരെത്തല്ലി അവശനാക്കിയതു പോലുള്ള സംഭവങ്ങളുമുണ്ടായി.
ഇനി എണ്ണക്കാട് തറയിൽ കൊട്ടാരത്തിലെ ഒരു കുടുംബത്തെ മുഴുവൻ പോലീസ് ഉപദ്രവിച്ച കഥ നോക്കാം. സുഭദ്രാമ്മയും രാധമ്മയും ആദ്യമേ അറസ്റ്റു ചെയ്യപ്പെട്ടു. ആർ. രാജശേഖരൻ തമ്പിയും സഹോദരീ പുത്രന്മാരായ ബാലകൃഷ്ണൻ തമ്പിയും ഗോപാലകൃഷ്ണൻ തമ്പിയും അറസ്റ്റിലായി. അവരെ മൂവരെയും പോലീസ് ഇടിച്ചു ചതച്ചു. ജയിലിൽ നിന്നു വന്ന ബാലകൃഷ്ണൻ തമ്പി ഉടനെ മരിച്ചു.
പുനലൂർ സർക്കാർ ആശുപത്രിയിൽ ഡോക്ടർ ആയിരുന്ന ആർ രാമകൃഷ്ണൻ തമ്പിയെയും ശങ്കരനാരായണൻ തമ്പിയുടെ സഹോദരനാണെന്ന
ഒറ്റക്കാരണത്താൽ പോലീസുകാർ പിടിച്ചുകൊണ്ടുപോയി ഉപദ്രവിച്ചു ബുദ്ധി ഭ്രമം വരുത്തി ജയിലിൽ അടച്ചു.
ഇനി വേലായുധൻ തമ്പിയുടെ കഥയിലേക്ക് കടക്കാം. രാവിലെ മാവേലിക്കര ടൗണിലൂടെ നടന്നു പോകുകയായിരുന്നു. വഴിയിൽ ഭാസി എന്ന പോലീസുകാരനെ കണ്ടു. ഈ ഭാസി, കുപ്രസിദ്ധ ഇടി വീരനായ ഇസ്‌പേഡ് കുട്ടൻപിള്ള പോലീസിന്റെ മൂത്ത മകനാണ്. ഭാസിയും വേലായുധൻ തമ്പിയും ഒന്നിച്ചു സ്കൂളിൽ പഠിച്ചവർ. അവരിരുവരും കുശലപ്രശ്നം നടത്തി. പോലീസ്റ്റേഷന്റെ പിന്നാമ്പുറത്തെത്തിയപ്പോൾ ഭാസി ക്രൂരമായ ഒരു പോലീസുകാരനായി. അയാൾ തമ്പിയെ പൂണ്ടടക്കം പിടിച്ചു വലിച്ചു പോലീസ്റ്റേഷൻ മതിലിനുള്ളിലേക്ക് തള്ളാൻ ഒരു ശ്രമം നടത്തി. അതിൽ നിന്നു കുതറി മാറുക മാത്രമല്ല സ്വയംരക്ഷക്ക് എളിയിൽ സൂക്ഷിച്ചിരുന്ന കഠാര വലിച്ചൂരി ഒറ്റക്കുത്ത്. താഴെ വീണു പിടഞ്ഞു മരിച്ചു. രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വളഞ്ഞിട്ട് പിടിച്ചു. ഇസ്‌പേട് കുട്ടൻപിള്ളയുമെത്തി. പിന്നെ കഥ ബാക്കി പറയേണ്ടല്ലോ.
1952 ലെ പൊതു തിരഞ്ഞെടുപ്പു വരെ സഖാകൾക്ക് പോലീസിൽ നിന്നനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ ഭാവനയ്ക്കും അപ്പുറമായിരുന്നു. ഭരണകൂട ഭീകരത! അതിനെയൊക്കെ അതിജീവിച്ചതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. ഒടുവിൽ പല തവണ അധികാരത്തിൽ ഏറുകയും ചെയ്തു.
പിന്നീട് നക്സലൈറ്റ് വേട്ടയിലാണ് പോലീസ് മനുഷ്യത്വം വെടിഞ്ഞത്. ജയറാംപടിക്കലും പുലിക്കോടനും ചേർന്ന് നരവേട്ട നടത്തുമ്പോൾ അരമുറി കമ്മ്യൂണിസ്റ്റും അതിന് വിളക്കു പിടിച്ചിരുന്നു. അന്നത്തെ പോലീസിന്റെ കൈത്തരിപ്പ് മാറ്റാനാണോ ഇടക്കെങ്കിലും നിരപരാധികളുടെ മേൽ പോലീസ് നടത്തുന്ന നടക്കുന്ന പീഡനങ്ങൾ. നോക്കണേ ഒരു വാക്കിന് വന്ന അർഥച്യുതി. “പീഡനം” എന്നു പറഞ്ഞാൽ ഇപ്പോൾ ഒറ്റ അർഥം മാത്രമേയുള്ളൂ. സ്ത്രീകളുടെ നേർക്കു പുരുഷൻ കാണിക്കുന്ന”ഡിങ്ങോ ഡെൽഫി!” അല്ലാതെ പോലീസ് സ്റ്റേഷനിൽ നിരപരാധികളെ എടുത്തിട്ടുരുട്ടുന്നതിനെ അതിക്രമം എന്നല്ലേ പറയുക!