LIMA WORLD LIBRARY

ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം (23) – ആൻ്റെണി പുത്തൻപുരയ്ക്കൽ

ലോകപ്രശസ്ത മനഃശാസ്ത്രജ്ഞാനും നാഢീശാസ്ത്ര വിദഗ്ദ്ധനുമായ റിക്ക് ഹാൻസൻൻ്റെ അഭിപ്രായത്തിൽ, “സമ്മർദപൂരിതമായ സമയത്തും സ്ഥലത്തും നമുക്ക് സമാധാനം അല്ലെങ്കിൽ നിശ്ചലത കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അനിശ്ചിതത്വമുള്ള ഭാവിയെ അഭിമുഖീകരിക്കാനും വൈകാരിക വെല്ലുവിളികൾ കൈകാര്യം ചെയ്യുവാനും നമുക്ക് നല്ല പരിശീലനം ആവശ്യമാണ്”. ഇതേ അഭിപ്രായം തന്നെയാണ് ഭൂരിപക്ഷം നാഢീയശാസ്ത്രജ്ഞന്മാർക്കും മനഃശാസ്ത്രജ്ഞന്മാർക്കും നമ്മോട് പറയാനുള്ളത്. ഡാനിയേൽ ജെ. സീഗല്‍, ബ്രൂസ് ലിപ്റ്റൻ, ജോ ഡിസ്പെൻസ, ക്രിസ്റ്റഫർ കോഹ് മുതലായ ശാസ്ത്രജ്ഞന്മാർ ഈ മേഖലയിൽ അനേകം ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുള്ളവരാണ്. ഈ ശാസ്ത്രജ്ഞന്മാർ ആന്തരിക മൗനം അല്ലെങ്കിൽ ആന്തരിക നിശ്ചലത കൈവരിക്കാൻ ഒന്നടങ്കം നിർദ്ദേശിക്കുന്ന വഴി നാഢീയ ഉദ്ഗ്രഥനമാണ്. ‘ന്യൂറോധർമ്മ’ എന്ന തന്റെ പുതിയ പുസ്തകത്തിൽ അവധാപൂർവ്വ ധ്യാനത്തിലൂടെ എപ്രകാരം കൂടുതൽ സമചിത്തതയും ജ്ഞാനവും, ശാരീരികവും മാനസികവുമായ ക്ഷേമവും ധാർമ്മിക നിലവാരവും നമുക്ക് വളർത്തിയെടുക്കാമെന്ന് ഹാൻസൺ വിവരിക്കുന്നുണ്ട്. നാഢീയവിജ്ഞാന ഗവേഷണത്തിലൂടെ അദ്ദേഹം വിശദീകരിക്കുന്നത്, ഇതുപോലെയുള്ള ഭാവാത്മക അവസ്ഥകൾ പരിശീലിക്കുന്നത് തലച്ചോറിലെ ശാരീരിക മാറ്റങ്ങൾക്ക് കാരണമാകും. ഇത് ഭാവിയിൽ നമ്മുടെ സന്തുലിതാവസ്ഥയെ മെച്ചപ്പെടുത്തും. ഡോ. ഹാൻസന്റെ സമീപനം ഊഷ്മളവും പ്രോത്സാഹജനകവും പ്രായോഗികവുമായ, ഘട്ടം ഘട്ടമായുള്ള ഭാവാത്മക നാഡീവ്യതിയാന (positive neuroplasticity) ശാസ്ത്രത്തിൽ അധിഷ്ഠിതമാണ്. മസ്തിഷ്കത്തിന്റെ നിഷേധാത്മക പക്ഷപാതത്തെ എങ്ങനെ മറികടക്കാമെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. വേദനാജനകമായ ചിന്തകളേയും വികാരങ്ങളേയും പുറത്തുവിടാനും ഇവയെ സ്വാനുകമ്പയും ആത്മാഭിമാനവും സന്തോഷവും ആന്തരിക സമാധാനവുമായി എങ്ങനെ മാറ്റിസ്ഥാപിക്കാമെന്നും കഴിയുമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

മസ്തിഷ്കം ആകർഷകവും അതേസമയം സങ്കീർണ്ണവുമായ ഒരു അവയവമാണ്. നമ്മുടെ ശരീരത്തിലെ സമ്മർദ്ദം സംഭരിക്കുകയും അതിനനുസരിച്ച് സ്വയം മാറുകയും ചെയ്യുന്ന ഒരു കേന്ദ്രം കൂടിയാണിത്. മാനസിക സമ്മർദ്ദം മൂലം മസ്തിഷ്കത്തിലെ പാതകൾക്ക് തടസ്സം നേരിടുകയോ, അടച്ചുപൂട്ടപ്പെടുകയോ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മസ്തിഷ്കത്തിന്റെ വിവിധ മേഖലകളിലുടനീളമുള്ള നാഢീയ പ്രവർത്തനത്തിന്റെ ഏകോപനവും ക്രമീകരണവും വിവരിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് നാഢീയ ഉദ്ഗ്രഥനം (neural integration). നമുക്ക് സങ്കൽപ്പിക്കാൻ പോലും പ്രയാസമുള്ള തരത്തിലാണ് മസ്തിഷ്കത്തിന്റെ പരികലന (computation) ശേഷി. അതിനാൽ നാഢീയ ഉദ്ഗ്രഥനം അതിസങ്കീർണ്ണമായ ഒരു പ്രതിഭാസമാണ്.
നാഢീയ ഉദ്ഗ്രഥനം വെറുമൊരു നാഢീപേശിപരമോ, (neuromuscular), നാഢീഘടനാശാസ്ത്രപരമോ, (neuroanatomy) ആയ സംയോജന പ്രക്രിയകൾ മാത്രമായി നാം കണക്കാക്കരുത്. യഥാർത്ഥത്തിൽ, ഇത് മനഃശാസ്ത്രപരവും നാഢീയ വിജ്ഞാനപരവുമായ മസ്തിഷ്ക-മാനസിക പ്രവർത്തനമാണ്. ഇതുവഴി ഓരോ വ്യക്തിയും ആഗോള സമൂഹവും കൈവരിക്കാൻ ഉതകുന്ന ക്ഷേമത്തിനായുളള ശ്രദ്ധാപൂർവമായ അവബോധം വളർത്തലാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px