നഗരം വളരുന്നു; പ്രകൃതി കരയുന്നു! (ഭാഗം:2) – ശ്രീനിവാസ് ആർ ചിറയത്ത് മഠം

Facebook
Twitter
WhatsApp
Email

നഗരം വളരുന്നു; പ്രകൃതി കരയുന്നു! (ഭാഗം:2)

-ശ്രീനിവാസ് ആർ ചിറയത്ത്മഠം

Jwala Vol 22 Issue March 2016

ഗ്രാമപ്രദേശങ്ങൾ പട്ടണങ്ങളും, പട്ടണങ്ങൾ നഗരങ്ങളും, നഗരങ്ങൾ മഹാനഗരങ്ങളുമായി, ജനത പെരുകും തോറും, ലോകമെങ്ങും ‘വികസിച്ചു’കൊണ്ടിരിക്കെ, ഒരുകാലത്ത് പ്രകൃതിരമണീയതയ്ക്കൊപ്പം തെളിമയോടേ ഒഴികിക്കൊണ്ടിരുന്ന നദികളുടെ ഗതിയെന്താകുന്നു?

നഗരമാലിന്യങ്ങൾ ചേർന്ന്, ഒഴുകാൻ വഴിയില്ലാതെ, അവ വെറും അഴുക്കു ചാലുകളായി പരിണമിക്കുന്നു!

കുറേക്കാലം മുമ്പ് ജ്വാല മാസികയുടെ മുഖ്യ പത്രാധിപൻ ശ്രീ യു.എൻ. ഗോപിനായർ, സഹയോഗികളുമായി നവിമുംബൈയിലെ ഖാർഘറിൽ അവതരിപ്പിച്ച കലാപരിപാടികൾക്കിടെ, നഗരസഭാംഗവും, എൻ.എം.എം.ടി.യുടെ അദ്ധ്യക്ഷനുമായ ശ്രീ സാബു ഡാനിയലിനെ കണ്ട്, ഖാർഘറിലെ നദികളുടെ ശോചനീയ അവസ്ഥയേക്കുറിച്ച് സംസാരിച്ചതിന്റെ ഫലമായി, അവയെ ശുചീകരിച്ച്, ഇരുവശത്തും കരിങ്കൽ മാട്ടം മാടി സിമെന്റ് ഇട്ട് സംരക്ഷിച്ച മഹദ്ക്കാര്യം ഇത്തരുണം, കൃതജ്ഞതാപൂർവം ഓർക്കുന്നു.

വലിയ നഗരങ്ങളിൽ അനേകം വീടുകളുള്ള കെട്ടിടങ്ങളിലും മറ്റും, ദൈനംദിന കുപ്പയും ഇതര മലിനവസ്തുക്കളും, പ്രതിദിനം ശേഖരിച്ച് കൊണ്ടുപോകാൻ സംവിധാനമുണ്ടെങ്കിലും, നല്ലൊരുഭാഗം നഗരമാലിന്യം നേരെ ചെന്നെത്തുത്, ഒരുകാലത്ത് ശുദ്ധജലമൊഴുകിയിരുന്ന നദികളായിരുന്ന, ഇന്ന് ‘അഴുക്കൊഴുകുന്ന ചാലുകളായി പരിണമിച്ചവയിൽത്തന്നെ!

കൂടാതെ, നൂറുകണക്കിന് മേൽചൊന്ന കെട്ടിടസങ്കുലങ്ങളിലെ ആയിരക്കണക്കിന് വീടുകളിൽനിന്നും പ്രതിദിനം സംഭരിക്കുന്ന മെഗാമെട്രിക് ടൺ മലിനവസ്തുക്കൾ പ്രത്യേക ‘ഡംബർ’വാഹനങ്ങളിൽ നിറച്ച്, കൊണ്ടുപോയി തള്ളുന്നതെവിടെ?

നഹാനഗരാതിർത്തിക്കകത്തു തന്നെ!

മുംബൈ പോലുള്ള മഹാനഗരങ്ങളിൽ പല പാർശ്വഭാഗങ്ങളിലും, കുന്നുകളും മലകളും പോലെ കുമിഞ്ഞു പൊങ്ങുന്ന, വളിച്ചു നാറുന്ന ദൈനംദിന ഉച്ചിഷ്ടങ്ങളുമടങ്ങുന്ന പാഴ്‌വസ്തുക്കൾ, ആശുപത്രി മാലിന്യങ്ങൾ എന്നിത്യാദി കാണാവുന്നതാണ്!

നഗരങ്ങളിലങ്ങോളമിങ്ങോളം, പ്രാണവായുവിനെ അത്യന്തം പ്രദൂഷിപ്പിക്കുന്ന ദുർഗന്ധം, കുന്നുകൂടിയുണ്ടാകുന്ന ഈ മാലിന്യമലകളിൽനിന്നും, അവിരാമം വമിച്ചുകൊണ്ടിരിക്കുന്നു!

ആ മാലിന്യക്കൂമ്പാരങ്ങൾക്കുളളിൽനിന്ന്
സമ്മർദ്ദം മൂലമുണ്ടാകുന്ന വാതകം കത്തിക്കാളിയുണ്ടാകുന്ന വിഷപ്പുകയും വായുവിൽ ലയിച്ച്, കാറ്റുവഴി നഗരാന്തരീക്ഷമാകെ ദുർഗന്ധം പരന്ന്, പക്ഷി-മൃഗ-മനുഷ്യാദി തൊട്ട്, വൃക്ഷലതാദികളേപ്പോലും അത്യന്തം ഹാനികരമായി ബാധിക്കുന്നു!

പലരും, പണ്ടുതൊട്ടുതന്നെ, പറയാറുള്ള ഒരു വസ്തുതയാണ്, ‘നാട്ടിൽ ചെന്നാൽ, ശുദ്ധവായുവെങ്കിലും ശ്വസിക്കാം’ എന്നത്!

അടുത്ത കാലം വരെ, ഈ വസ്തുത, യുക്തി യുക്തം ശരിതന്നെ ആയിരുന്നെങ്കിലും, ഇന്നത്തെ സ്ഥിതിവൈപരീത്യാവസ്ഥയിൽ, നാടും, കാടുപോലും, ‘നഗരം കേറുന്ന’ ഒരു വിരോധാഭാസപ്രക്രിയയാണ് നടക്കുന്നത്!

പോരാത്തതിന്, നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വാഹനഗതാഗതപ്രദൂഷണവും!

ഇൻഷൂറൻസ് കമ്പനികളും ബേങ്കുകളും, പലിശവിനാ പോലും, പണം വായ്പ കൊടുക്കുന്നതിൽ തിരുതകൃതിയായി മത്സരിക്കേ, വാഹനങ്ങൾ വാങ്ങിക്കുക എന്നത്, സാധാരണക്കാർക്ക് അസാദ്ധ്യമായിരുന്ന കാലം മാറി!

സമൂഹത്തിലെ ഏറ്റവും ചെറിയ വരുമാനമുള്ള വിഭാഗക്കാർ പോലും, നിർബാധം വാഹനങ്ങൾ വാങ്ങിക്കമ്പോൾ, പ്രതിദിനം നിരത്തിൽ പുതുതായിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം, ശരാശരി ഒരു മഹാനഗരത്തിൽ, ആയിരക്കണക്കിൽ അല്ലെങ്കിൽക്കൂടെ, നൂറുകണക്കിലാണെന്ന് തീർച്ചയായും അനുമാനിക്കാം!

വിഷവായുവമനത്തിനെതിരേയുള്ള ശ്രമഫലമായി, ‘സി.എൻ.ജി.വത്ക്കരണം’ (സമ്മർദ്ദിത പ്രാകൃതിക വാതകോപയോഗം) ഒരളവിൽ പ്രായോഗികമായിട്ടുണ്ടെങ്കിലും, ഇപ്പോഴും, സിംഹപങ്കും തദനുസൃതമായിട്ടില്ലതന്നെ.

മഹാനഗര വിഷാന്തരീക്ഷം, കുട്ടികളെ പ്രഥമദൃഷ്ട്യാ, സാരമായി ബാധിച്ചു
കാണാത്ത ആശ്വാസത്തിന് കാരണം, നിരന്തര പ്രദൂഷണ വിധേയരായിപ്പോന്ന്, തലമുറതോറും ഉണ്ടാകുന്ന നമ്മുടെ ജനിതകങ്ങളിൽ പരിവർത്തനം വന്നതുകൊണ്ടാകാം!

‘തെളിച്ച വഴിക്ക് പോകില്ലെങ്കിൽ, പോകും വഴിക്ക് തെളിക്കാം’ എന്ന തത്വം, ശാരീരികശാസ്ത്രം പോലും സ്വായത്തമാക്കുന്ന പ്രതീതി!

ഇത്രയെല്ലാമായിട്ടും, നഗരാരോഗ്യസാഥിതി മെച്ചപ്പെടുത്തുവാനൊരു പോംവഴി കാര്യമായി കാണുമാറാകുന്നില്ല!

കടലിലാകട്ടെ, ‘കച്ര’ (കുപ്പ) ഇടാനും വയ്യാ; സമുദ്ര ശുചിത്വ ചിന്തയും, ഇദ:പര്യന്തം, അന്തർദേശീയ തലത്തിൽ തന്നെ, തീവ്രമാണ്!

നഗരാതിർത്തിക്കകത്തോ പുറത്തോ ആകട്ടെ, അനുദിനമെന്നകണക്കിൽ ഇരട്ടിച്ചുവരുന്ന മലിന/പാഴ്വസ്തുക്കൾ എവിടേക്കുമിച്ചാലും ശരി, പരിണതഫലം ഗുരുതരമെന്നു വ്യക്തം!

(മാലിന്യക്കുന്നുകൾ ചികഞ്ഞ് തിരഞ്ഞ് പുനരുപയോഗപ്രദമാകുന്ന വസ്തുക്കൾ, നി:സ്സാര വേതനച്ചിലവിൽ, കുപ്പ പെറുക്കുകാരേക്കൊണ്ട് വേർതിരിപ്പിച്ചെടുപ്പിച്ച് ‘വൻ’വ്യവസായം നടത്തുന്ന ‘മാഫിയ’കളും ഇന്നോളം പ്രബലമാണല്ലൊ; ഇവർ തമ്മിലെ മത്സരത്തിനിടെ, മനുഷ്യക്കുരുതി പോലും നടക്കുറുണ്ടെന്ന് വർത്തമാനപ്പത്രങ്ങളിൽ വായിച്ചതോർക്കുന്നു!

കേവലം ‘കുപ്പപെറുക്കി’കളായിരുന്ന ചിലരിന്നോളം മഹാധനികർ പോലുമായി യഥാർത്ഥ “rags to riches”ജീവിത കഥാനായക പാത്രങ്ങളത്രെ!

ഇന്നോളമേതു കാട്ടിലും മൂട്ടിലും കുന്നിലും മലയിലും മാത്രമല്ല, കടൽവായിലും വാലിലും പോലും മേൽചൊന്ന, മെട്രിക് ടൺ കണക്കിൽ മഹാനരങ്ങളിൽ പ്രതിദിനമുരുത്തിരിയുന്ന മലിനോച്ചിഷ്ട വസ്തുക്കൾ മണ്ണുകലർത്തിയിട്ട് തൂർത്ത് കോൺക്രീറ്റ് കാലുകൾ വാർത്തിറക്കി കെട്ടിടങ്ങൾ പ്രത്യക്ഷമാകുന്ന കാഴ്ചയും വിസ്മയാവഹംതന്നെ!

പവനദേവനുപോലും രക്ഷയില്ലാത്തൊരു വേഗതിയിൽ മാനവരിന്ന് ബ്രഹ്മാണ്ഡത്തെ അവരുടെ, അടിമുടിയെന്നപോലൊരു പരിവർത്തന പ്രവണതക്ക് വിധേയമാക്കിയിരിക്കുന്നു!

ആകയാൽ “നാം കുത്തുന്ന കുഴികളിൽ നാം തന്നെ”!

കണ്ടുപിടിച്ചു കണ്ടുപിടിച്ച്, കുണ്ടുകളിൽ ചാടിക്കൊണ്ടിരിക്കുന്ന നാം ഇനിയേതെങ്കിലും വാസയോഗ്യ ഗ്രഹങ്ങളുണ്ടോ എന്നുപോലും അന്വേഷിക്കേണ്ടിവരുന്നു; എത്തിപ്പറ്റിക്കുടിയേറിക്കൂടിയാൽ അവസാനം, അവിടങ്ങളും ഇതുപോൽത്തന്നെ വാസയോഗ്യമല്ലാതാക്കിത്തീർത്തേക്കാം!

About The Author

Leave a Reply

Your email address will not be published. Required fields are marked *