LIMA WORLD LIBRARY

മുൻ വിദേശകാര്യ മന്ത്രിയെ കിം വധിച്ചെന്നും ഇല്ലെന്നും; വധശിക്ഷകൾ തുടർക്കഥ

സോൾ ∙ ആണവ ഉച്ചകോടി ഉൾപ്പെടെ തന്ത്രപ്രധാന ദൗത്യങ്ങൾക്കു നേതൃത്വം വഹിച്ച ഉത്തരകൊറിയയിലെ മുൻ വിദേശകാര്യമന്ത്രി റി യോങ് ഹോയെ ഏകാധിപതി കിം ജോങ് ഉൻ വധിച്ചെന്നു സംശയം. ഹോയെ അധികാരസ്ഥാനങ്ങളിൽനിന്നു നീക്കിയെന്നതിനേ തെളിവു ലഭിച്ചിട്ടുള്ളൂ എന്ന് ദക്ഷിണകൊറിയ പറയുമ്പോൾ അദ്ദേഹത്തെയും ബ്രിട്ടനിലെ കൊറിയൻ എംബസിയിൽ ജോലിചെയ്തിരുന്ന ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും കഴിഞ്ഞവർഷം വധിച്ചെന്നാണു ജപ്പാനിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2019 ൽ വിയറ്റ്നാമിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽ നടന്ന ആണവ നിരായുധീകരണ ചർച്ച പരാജയപ്പെട്ടതിനുശേഷം ഹോ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല. 2020 ൽ കിമ്മിന്റെ അധ്യക്ഷതയിലുള്ള സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷനിൽനിന്നു നീക്കം ചെയ്തപ്പോഴാണ് അവസാനമായി ഇദ്ദേഹത്തിന്റെ പേര് ഔദ്യോഗിക മാധ്യമത്തിൽ വന്നത്.

2018 ൽ സിംഗപ്പൂരിലും 2019 ൽ വിയ്റ്റ്നാമിലെ ഹാനായിലും നടന്ന ഉച്ചകോടികളിൽ കിമ്മിനെ അനുഗമിച്ചത് ഹോ ആയിരുന്നു. ഉത്തരകൊറിയൻ സേനയിൽ കിം കഴിഞ്ഞാൽ രണ്ടാമനായ പാക് ജോങ് ചൊനിനെ പുറത്താക്കിയതായും ദക്ഷിണകൊറിയൻ ചാരസംഘടന പറയുന്നു.

വധശിക്ഷകൾ തുടർക്കഥ

കിം ജോങ് ഉൻ ഉത്തരവിട്ട വധശിക്ഷകളുടെ വാർത്തകൾ മുൻപും പുറത്തുവന്നിട്ടുണ്ട്. 2014 ൽ അമ്മാവന്റെ കുടുംബാംഗങ്ങളെ ഒന്നടങ്കം കൊന്നൊടുക്കിയതാണ് അതിൽ പ്രധാനം. ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരെയും കിം വധിച്ചു.

2019 ൽ ഹാനോയിൽ നടന്ന ഉച്ചകോടിക്കു മുൻപ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ചകൾക്കു നേതൃത്വം നൽകിയ വിശ്വസ്തൻ കിം യോങ് ചോളിനെ ജയിലിലടച്ചെന്നും മറ്റു ചില ഉദ്യോഗസ്ഥരെ വധിച്ചെന്നും ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കിമ്മിനൊപ്പം സംഗീതപരിപാടിയിൽ പങ്കെടുക്കുന്ന ചോളിന്റെ ചിത്രം ഉത്തരകൊറിയയിലെ പത്രങ്ങളിൽ വന്നു.

English Summary: North Korea leader Kim Jong Un purges ex-foreign minister Ri Yong Ho

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px