LIMA WORLD LIBRARY

ബ്രിട്ടിഷ് കൊട്ടാരത്തിലെ തല്ല്; ഹാരി പറയുന്നു: ‘ചേട്ടൻ എന്നെ അടിച്ചുനിലത്തിട്ടു’

ലണ്ടൻ ∙ വാക്കുതർക്കത്തിനിടെ ജ്യേഷ്ഠനും ബ്രിട്ടിഷ് കിരീടാവകാശിയുമായ വില്യം രാജകുമാരൻ തന്റെ കഴുത്തിനുപിടിച്ചുതള്ളി നിലത്തുവീഴ്ത്തിയെന്ന് സഹോദരൻ ഹാരി രാജകുമാരൻ വെളിപ്പെടുത്തി. 2019 ൽ ഹാരിയുടെ ഭാര്യ മേഗനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണിത്. ചാൾസ് രാജാവിന്റെ മക്കൾ തമ്മിലുള്ള കലഹത്തിന്റെ വിവരങ്ങൾ ഈ മാസം 10 നു പുറത്തിറങ്ങുന്ന ഹാരിയുടെ ‘സ്പെയർ’ എന്ന ഓർമപ്പുസ്തകത്തിലാണുള്ളതെന്നു ഗാർഡിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഹാരിയുടെ ലണ്ടനിലെ വസതിയിൽ വച്ചാണു സംഭവം. വാക്കുതർക്കത്തിനിടെ മേഗനെ വില്യം ആക്ഷേപിക്കുകയും ഹാരിയുടെ കോളറിനു പിടിച്ച് നിലത്തേക്കു ശക്തമായി തള്ളിയിടുകയും ചെയ്തു. ‘നായയ്ക്കു ഭക്ഷണം കൊടുക്കുന്ന പാത്രത്തിലേക്കാണു ഞാൻ വീണത്. പാത്രം പൊട്ടി എന്റെ പിൻഭാഗം മുറിഞ്ഞു. നിലത്തുനിന്നെണീറ്റ ഞാൻ വില്യമിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞു’. തിരിച്ചടിക്കാൻ വില്യം വെല്ലുവിളിച്ചെങ്കിലും ഹാരി അതിനു തുനിഞ്ഞില്ല. കുറച്ചു സമയത്തിനു ശേഷം തിരിച്ചെത്തിയ വില്യം സഹോദരനോടു മാപ്പു ചോദിച്ചു. പുസ്തകഭാഗം ഉദ്ധരിച്ചുള്ള ഗാർഡിയൻ റിപ്പോർട്ടിനോടു പ്രതികരിക്കാൻ ചാൾസ് രാജാവും വില്യം രാജകുമാരനും വിസമ്മതിച്ചു.

1997 പാരിസിലുണ്ടായ കാറപകടത്തിൽ അമ്മ ഡയാന രാജകുമാരി മരിച്ചതിനുശേഷം ഹാരിയും വില്യവും വലിയ അടുപ്പത്തിലായിരുന്നു. എന്നാൽ, ആഫ്രോ അമേരിക്കൻ വംശജയും മുൻനടിയുമായ മേഗനെ ഹാരി വിവാഹം ചെയ്തതോടെ സഹോദരങ്ങൾ തമ്മിൽ അകന്നു. 2018 ൽ രാജപദവികൾ ഉപേക്ഷിച്ച ഹാരിയും മേഗനും 2020 ൽ കലിഫോർണിയയിലേക്കു താമസം മാറി.

സമീപകാലത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലും സഹോദരങ്ങൾ തമ്മിലുള്ള ശണ്ഠ ചിത്രീകരിച്ചിട്ടുണ്ട്. മേയ് 3 നു നടക്കുന്ന ചാൾസ് രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന് ഉറപ്പില്ലെന്ന് ഹാരി പറഞ്ഞെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നു.

English Summary: William Physically Attacked Me During Fight Over Meghan: Prince Harry

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px