വാഷിങ്ടൻ ∙ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറാകാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ കെവിൻ മക്കാർത്തിയുടെ ശ്രമം ചൊവ്വാഴ്ച മൂന്നു വട്ടം വോട്ടെടുപ്പ് നടത്തിയിട്ടും വിജയിച്ചില്ല. ഭൂരിപക്ഷത്തിനാവാശ്യമായ 218 വോട്ട് അദ്ദേഹത്തിന് ലഭിച്ചില്ല. ആദ്യ രണ്ടു റൗണ്ടുകളിൽ 203, മൂന്നാം റൗണ്ടിൽ 202 വോട്ടാണ് മക്കാർത്തിക്കു ലഭിച്ചത്.
സ്വന്തം പാർട്ടിയിലെ തീവ്ര നിലപാടുകാരാണ് മക്കാർത്തിയുടെ ജയം തടഞ്ഞത്. അവർ നിർത്തിയ ജിം ജോർഡന് ആദ്യ റൗണ്ടുകളിൽ 19 ഉം മൂന്നാം റൗണ്ടിൽ 20 ഉം വോട്ട് ലഭിച്ചു. ഡമോക്രാറ്റ് സ്ഥാനാർഥി ഹക്കിം ജഫ്രീസിന് എല്ലാ റൗണ്ടിലും 212 വോട്ട് ലഭിച്ചു. ബഹളത്തെ തുടർന്ന് സഭ അടുത്ത ദിവസം ചേരാൻ പിരിയുകയായിരുന്നു. വോട്ടെടുപ്പ് രണ്ടാം ദിനവും തുടരും. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയുള്ള മക്കാർത്തി സ്പീക്കറാകാനുള്ള ശ്രമം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
യുഎസ് കോൺഗ്രസിന്റെ ചരിത്രത്തിൽ 1923 നു ശേഷം ഇതാദ്യമാണ് സഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെ സ്ഥാനാർഥിക്ക് സ്പീക്കർ തിരഞ്ഞെടുപ്പിൽ വിജയത്തിനാവശ്യമായ വോട്ട് ലഭിക്കാതെ പല തവണ വോട്ടെടുപ്പ് നേരിടേണ്ടിവരുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ലഭിച്ചശേഷം ചേർന്ന സഭാസമ്മേളനത്തിന്റെ ആദ്യദിനം പൂർണമായി ആശയക്കുഴപ്പത്തിലും ബഹളത്തിലും മുങ്ങി. പലതവണ നടപടികൾ തടസ്സപ്പെട്ടു.
English Summary: Kevin McCarthy fails to secure majority in us speaker election













