LIMA WORLD LIBRARY

പർവേസ് മുഷറഫ് അന്തരിച്ചു

ദുബായ് ∙ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു. മുഷറഫ് പട്ടാളമേധാവി ആയിരിക്കെയാണ് 1999 ജൂലൈയിൽ പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്.

നാഡീവ്യൂഹത്തെ തളർത്തുന്ന ആമുലോയ്ഡോസിസ് എന്ന അപൂർവരോഗം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന മുഷറഫിന്റെ മരണം ഇന്നലെ പുലർച്ചെയായിരുന്നു. പാക്ക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധത്തിനു കാരണമായ സുരക്ഷാവീഴ്ച ഉൾപ്പെടെ ഒട്ടേറെ കേസുകൾ നേരിടുന്ന മുഷറഫ് 2016 മാർച്ചിൽ ചികിത്സയ്ക്കു ദുബായിലെത്തിയശേഷം മടങ്ങിയിരുന്നില്ല. കഴിഞ്ഞ ജൂണിൽ ആരോഗ്യനില വഷളായതു മുതൽ ആശുപത്രിയിലായിരുന്നു.

മൃതദേഹം പാക്കിസ്ഥാനിലേക്കു കൊണ്ടുപോകാൻ ദുബായിലെ പാക്ക് കോൺസുലേറ്റ് അനുമതി നൽകി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹപ്രകാരമാണ് നാട്ടിലേക്കു കൊണ്ടുപോകുന്നതെന്നു കുടുംബം അറിയിച്ചു.

1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത മുഷറഫ് 2001 വരെ സമ്പൂർണമേധാവിയായി പട്ടാളഭരണത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനാ മേധാവി സ്ഥാനം നിലനിർത്തിക്കൊണ്ടുതന്നെ പ്രസിഡന്റായി. 2008 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി വിജയിച്ചതിനു പിന്നാലെ ഇംപീച്മെന്റിനു നീക്കം തുടങ്ങിയതോടെ മുഷറഫ് സ്ഥാനമൊഴിഞ്ഞു. പിന്നാലെ കേസുകളുടെ പരമ്പര തന്നെ നേരിടുകയും ചെയ്തു.

വധശിക്ഷ വിധിക്കപ്പെട്ടു; പിന്നീട് ഇളവ്

ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസിൽ 2019 ഡിസംബറിൽ പെഷാവറിലെ പ്രത്യേക കോടതി മുഷറഫിനു വധശിക്ഷ വിധിച്ചിരുന്നു.

തൂക്കിക്കൊല്ലുന്നതിനു മുൻപു മരിച്ചാൽ മൃതദേഹം വലിച്ചിഴച്ച് ഇസ്‌ലാമാബാദിലെ സെൻട്രൽ സ്ക്വയറിലെത്തിച്ച് 3 ദിവസം കെട്ടിത്തൂക്കണമെന്നും ഉത്തരവിട്ടിരുന്നു. പിറ്റേമാസം ലഹോർ ഹൈക്കോടതി ഈ വിധി റദ്ദാക്കി.

English Summary: Pervez Musharraf passes away

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px