LIMA WORLD LIBRARY

തകർന്ന ഭൂമിയിൽനിന്ന് കയ്യിൽ കിട്ടിയതുമെടുത്ത് കൂട്ട പലായനം; എട്ടാം ദിവസം പിന്നിട്ടു തിരച്ചിൽ

അങ്കാറ ∙ തുർക്കിയിലും സിറിയയിലും ഭൂകമ്പബാധിത മേഖലകളിൽനിന്നു ജനങ്ങൾ കയ്യിൽ കിട്ടിയതുമാത്രമെടുത്തു പലായനം ആരംഭിച്ചു. അതിശൈത്യത്തിൽ തലചായ്ക്കാൻ ഒരിടമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത ദുരവസ്ഥയിലാണു കൂട്ടപലായനം.

അതേസമയം, ദുരന്തത്തിന്റെ എട്ടാം ദിവസം തെക്കൻ തുർക്കിയിലെ ഹതായി നഗരത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു സ്ത്രീയെക്കൂടി രക്ഷിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കഹറാമൻമറാഷിൽ കെട്ടിടാവശിഷ്ടങ്ങളിൽ 198 മണിക്കൂർ കഴിഞ്ഞ പതിനേഴുകാരൻ അടക്കം 2 പേരെക്കൂടി രക്ഷിക്കാനായി.

അദിയാമൻ പ്രവിശ്യയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയുന്ന പതിനെട്ടുകാരനായ മുഹമ്മദ് സഫറിനു ദ്രവരൂപത്തിലുള്ള ഭക്ഷണമെത്തിക്കാൻ സംഘത്തിനു സാധിച്ചു. കെട്ടിടഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനിടെ കൂടുതൽ തകർന്നതോടെ സഫറിനെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

10 നഗരങ്ങളിലായി തുർക്കിയിൽ 42,000 കെട്ടിടങ്ങളാണു തകർന്നത്. മിക്ക സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ കാര്യമായ സഹായങ്ങൾ എത്തിയിട്ടില്ല.  ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 37,000 കവിഞ്ഞു. തുർക്കിയിൽ 31,974 പേരും സിറിയയിൽ 5814 പേരും മരിച്ചതായി സ്ഥിരീകരിച്ചു.

ഇന്ത്യ 7 കോടിയുടെ മരുന്നുകൾ കൈമാറി

തുർക്കിക്കും സിറിയയ്ക്കും ഇന്ത്യ 7 കോടി രൂപയുടെ അടിയന്തര വൈദ്യസഹായ ഉപകരണങ്ങൾ കൂടി അയച്ചു. ജീവൻരക്ഷാമരുന്നുകൾ അടക്കമാണിത്. ഭൂകമ്പത്തിന്റെ പിറ്റേന്നു തന്നെ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ ദൗത്യസംഘം ഇരുരാജ്യങ്ങളിലും എത്തിയിരുന്നു.

English Summary : Turkey earthquake rescue

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px