LIMA WORLD LIBRARY

10 ദിവസം മണ്ണിനടിയിൽ: ഒടുവിൽ രക്ഷ

അങ്കാറ ∙ ഭൂകമ്പം കനത്തനാശം വിതച്ച തുർക്കിയിലെ കഹ്റാമൻമറാഷ് നഗരത്തിനു സമീപം 10 ദിവസത്തിനു ശേഷം ഒരു 17 വയസ്സുകാരിയെ രക്ഷിച്ചു. 248 മണിക്കൂറുകളാണ് അലെയ്ന ഓൽമെസ് എന്ന പെൺകുട്ടി ഭക്ഷണവും വെള്ളവുമില്ലാതെ അവശിഷ്ടങ്ങൾക്കടിയിൽ കിടന്നത്. കഹ്റാമൻമറാഷിനു സമീപമുള്ള ജനവാസമേഖലയായ കയാബാസിയിലാണു സംഭവം.

തുർക്കിയിലും സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 42,000 കടന്നു. തുർക്കിയിൽ മാത്രം 36,187 മരണം സ്ഥിരീകരിച്ചു.  തുർക്കിയിലെ അന്റാക്യയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു 2 മക്കൾക്കൊപ്പം ഇല എന്ന വിദേശവനിതയെ ഇന്നലെ രക്ഷിച്ചു. കുടുങ്ങിയവർക്കായുള്ള തിരച്ചിൽ വർധിത വേഗത്തിലാണു നടക്കുന്നത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും ഏതാനും പേരെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞത് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷയായി.

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിയുടെ പടിഞ്ഞാറൻ തീരത്തുള്ള അക്കുയുവിൽ പണിയുന്ന ആണവ നിലയത്തിനെതിരെ എതിർപ്പ് ശക്തമായി. ഭൂകമ്പ സാധ്യതാമേഖലയിലാണ് ഈ നിലയം. എന്നാൽ സുരക്ഷിതമായാണു നിലയം നിർമിക്കുന്നതെന്ന് പദ്ധതിയുടെ ചുമതലക്കാരായ റഷ്യൻ കമ്പനി റോസാറ്റോം അറിയിച്ചു. സിറിയയിൽ ദുരിതാശ്വാസ പ്രവർത്തനം മന്ദഗതിയിൽ നടക്കുന്നത് ജനരോഷത്തിനു കാരണമായി. കാര്യങ്ങൾ നിയന്ത്രണത്തിൽ അല്ലെന്നും രാജ്യാന്തരസമൂഹം സഹായിക്കണമെന്നും സിറിയയിലെ ഡോക്ടർമാർ അഭ്യർഥിച്ചു. പകർച്ചവ്യാധികൾ പടരാനിടയുണ്ടെന്ന് റെഡ്ക്രോസ് മുന്നറിയിപ്പു നൽകി.

തകരാതെ ഒരു പട്ടണം

ഇസ്തംബുൾ ∙ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 70 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്തിട്ടും ചെറുപട്ടണമായ ഇർസിനെ ദുരന്തം സാരമായി ബാധിച്ചില്ല. ഹതായി പ്രവിശ്യയിൽ മെഡിറ്ററേനിയൻ തീരത്തിനു സമീപമുള്ള പട്ടണത്തിൽ 31,732 പേരാണുള്ളത്. തൊട്ടടുത്തുള്ള പട്ടണങ്ങൾ നശിച്ചിട്ടും ഇർസിൻ രക്ഷപ്പെട്ടത് ഇവിടത്തെ നഗരസഭാ അധികൃതരുടെ ജാഗ്രത മൂലമാണ്. നിയമവിരുദ്ധ നിർമാണപ്രവർത്തനങ്ങൾ ഇവിടെ അനുവദിക്കാറില്ല. ഭൂകമ്പത്തിനു ശേഷം 20,000 അഭയാർഥികൾ ഇങ്ങോട്ടു പ്രവഹിച്ചു.

English Summary : Turkey-Syria earthquake death crosses 42000

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px