മരണം സ്ഥിരീകരിച്ചിരിക്കണം…
ജയമോഹനെ സംബന്ധിച്ച് നിയന്ത്രണങ്ങൾ എല്ലാം മാറിയിരിക്കുന്നു. ശാരീരിക പരിമിതികളും, വേദനയും മാറിയിരിക്കുന്നു. ഒരു വർഷത്തിനിടയിലെ ആദ്യത്തെ അനുഭവം.
വലിയ ഗുഹയിലൂടെയുള്ള പ്രയാണമോ പുകമഞ്ഞിലൂടെ ഭൂമിയിലെ കാഴ്ചകളോ പ്രതീക്ഷിച്ചു. വായിച്ച് ഉറച്ച അനുഭവങ്ങൾ ഒന്നും ഇല്ലായെന്നത് അയാളെ അത്ഭുതപ്പെടുത്തി. മരണത്തിലേക്കുള്ള യാത്രയിലെ തോന്നലുകൾ വായിച്ചറിഞ്ഞതൊക്കെ വെറുതെയാണോ?.
അപ്പോഴെവിടെയാണ് താൻ. ഏതെങ്കിലും വലിയ മയക്കത്തിലാണോ. ഒത്തിരിക്കാലമായി ഏത് മയക്കത്തിന്റെ പുതപ്പിനിടയിലും വേദന കിനിഞ്ഞിറങ്ങിവരും.
പക്ഷേ ഇപ്പോഴീ അനുഭവം ഒന്നുമില്ല എന്നതാണ് മരണം സ്ഥിരീകരിച്ചോ എന്ന് അയാളെ അദ്ഭുതപ്പെടുത്തുന്നത്. എന്തെങ്കിലും പറഞ്ഞാലോ?
സ്വരം പുറത്ത് വരുമോ…
വാക്കുകൾ എന്ത് ഉച്ചരിക്കും?
‘ _ഗതാ സൂനാഗത: സുശ്ച
നനുശോശന്തി പണ്ഠിത’_
ഉറക്കെ ഉരുവിടാൻ ശ്രമിച്ചത് സാഹചര്യത്തീനിണങ്ങിയ വരികളാകട്ടെ എന്ന് കരുതി. വേണ്ട വലിയ ശ്രമമൊന്നും വേണ്ട, പെട്ടെന്ന് വേദനയിലേക്കും സഹജമായി മാറിയിരിക്കുന്ന എരിപൊരി സഞ്ചാരത്തിലേക്ക് വന്നാലോ. അയാൾ ഭയപ്പെട്ടു. അതുകൊണ്ട് ഒരു സുഷുപ്തിപോലെ സ്വാസ്ത്യ ഉടലായി നില്ക്കാനാഗ്രഹിച്ചു. കടുത്ത മയക്കം, സുഷുപ്തി, അവരോഹണ മാർഗത്തിലെവിടെയോ സ്വരങ്ങൾ കേൾക്കാം. കാക്കകൾ കരയുന്നു. ബലിക്കാക്കകൾ ആണോ? അവയിലൊന്നാണോ എന്ന സന്ദേഹം.
നേർത്ത മട്ടിൽ മനുഷ്യരുടെ സ്വരവും ഉണ്ട്. അടുക്കളയിൽ ഭാര്യ ആരോടോ സംസാരിക്കുന്നു.
നിമിഷങ്ങൾ കടന്നുപോകുന്നു. വിശപ്പ് അനുഭവപ്പെടുന്നു. ദാഹവും ഉണ്ട്.
‘നിന്ദയും ദുരിതവും പൊതിഞ്ഞുസൂക്ഷിക്കുന്നവരാണ് കിടപ്പുരോഗികളുടെ വീട്ടുകാർ’
എന്ന് എവിടെയോ വായിച്ചത് ഓർമ്മവന്നു.
പാൽക്കഞ്ഞിയും, പഴംപൊരിയും, ഇഡ്ഢലിയും ഒക്കെ ആഗ്രഹിക്കുന്നു.
മാരകരോഗം തീവ്ര നിലപാട് സ്വീകരിച്ച് കഴിഞ്ഞ് ഇത് ആദ്യമായാണ്. ഇതെന്തുപറ്റി എന്ന് അയാൾ അദ്ഭുതപ്പെട്ടു. വിശപ്പുമാത്രം അല്ല, സ്വാദുകളെ തിരിച്ചറിയുന്നോ?.
മാരകരോഗം ഒരു സ്വപ്നമായിരുന്നോ. അങ്ങനെയാകട്ടെ എന്ന് അയാൾ വെറുതെ പ്രത്യാശിച്ചു.
കോളിങ്‌ബെൽ ശബ്ദിച്ചു. കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം കതക് തുറക്കുന്ന ശബ്ദവും, ഭാര്യയുടെ ആശ്ചര്യസ്വരവും സന്ദർശകർ ആയിരിക്കണം. അതും ആദ്യമായിട്ട് വരുന്ന ആൾ എന്ന് വ്യക്തം. ഭാര്യയുടെ സംസാരം മാത്രം കേൾക്കാം. ഫോൺ സംഭാഷണം പോലെ ഒരു വശത്തെ മാത്രം കേൾക്കാൻ കഴിയുന്ന അവസ്ഥ. തവിട്ടുനിറമുള്ള പാളികൾ തുറന്ന് കാഴ്ചകൾ ഗോചരമാക്കാൻ ശ്രമിച്ചു. കൺപോളകളുടെ കനം വർദ്ധിച്ചപോലെ.
വേദനയും, പരിമിതമാക്കപ്പെട്ട ശാരീരികാവസ്ഥയുടെ പിരിമുറുക്കവും കുറവുണ്ടായിട്ടും കണ്ണുകൾ തുറക്കാനാവാത്ത അവസ്ഥയിൽ അയാൾ അസ്വസ്ഥനായി.
‘ഞാൻ മരിച്ചിട്ടില്ല’
ഉറക്കെ അലറാനും എല്ലാം നിയന്ത്രണവും കുടഞ്ഞെറിയണം.
അപ്പോഴും വന്ന ആഗതൻ ആരെന്നറിയാൻ മനസ്സ് ആഗ്രഹിച്ചു. ഇപ്പോൾ ചെറുതായി ഒച്ച കേൾക്കുന്നു. മൃദുവായി കേൾക്കുന്ന ആ സ്വരത്തിന്റെ നിർഗമകേന്ദ്രം പരതി നോക്കി. മസ്തിഷ്‌ക്കത്തിലെ ക്ഷീണിച്ച ന്യൂറോണുകൾ പറ്റുന്ന വേഗത്തിലോടി.
‘ലക്ഷ്മീ’
ശരീരം ഒന്നു കുടഞ്ഞുണർന്നു. ഒരു ആകസ്മിതയുടെ ഉദ്വേഗം.
ഏതോ അചേതന വസ്തുവിനെ കാണാൻ ക്ഷണിക്കുന്ന ഭാവത്തോടെ ആയിരുന്നു ഭാര്യയുടെ വാക്കുകൾ
“ലക്ഷ്മി വരു…കാണാം, മയക്കമാണെന്നുതോന്നുന്നു”.
നിമിഷങ്ങളുടെയും ഭാഷണങ്ങളുടെയും ഇടയിലെ നിശബ്ദത മനസ്സിലാകും ലക്ഷ്മിയുടെ ചലനങ്ങൾക്കെല്ലാം പതുങ്ങി ഒതുങ്ങിയ പൂച്ചയുടെ സമാനതകൾ എന്നും ഉണ്ടായിരുന്നു.
കാരണം കണ്ടെത്തി വിളിക്കുന്നതിലായിരുന്നു തുടക്കം.
“ലക്ഷ്മി……അവിടെ കറണ്ടില്ലേ….?”
“വിജയൻ മാഷിന്റെ നമ്പർ ഉണ്ടോ? ”
“…….ശബ്ദതാരാവലിയിൽ എന്താ അതിന്റെ അർത്ഥം പറയുന്നത്?. ”
നീരസം ആയിരുന്നു മറുപടിയെങ്കിലും, ഒഴിവാക്കുന്ന താല്പര്യം ആദ്യമൊക്കെ ശബ്ദത്തിലെങ്കിലും മാറിവന്നു. എങ്കിലും കാത്തുനിന്നു. പ്രതീക്ഷയുടെ കനൽവെട്ടം കാണും വരെ.
ഭർതൃമതിയായ ലക്ഷ്മിയോട് അതിനപ്പുറം പോകാൻ കഴിഞ്ഞില്ല, ഒരു ബഹുമാനം കൂടി ചേർത്ത ഇഷ്ടം ആയിരുന്നു.
അയാൾ ഓർത്തു. ഒരിക്കൽ ചോദിച്ച ഒരു വാക്കിന്റെ അർത്ഥം ഒരു മാസത്തിനുശേഷം തിരിച്ച് വിളിച്ച് പറഞ്ഞുതന്ന പകൽ. പക്ഷേ അന്ന് തന്റെ ബയോപ്‌സി റിസൾട്ട് പോസിറ്റീവായ പകൽതന്നെയായിരുന്നു.
എല്ലാം തകർത്ത നശിച്ച ദിവസം.
ആ വാക്ക് ഏതാണെന്ന് ഓർക്കാൻ കഴിയുന്നില്ല. ലക്ഷ്മിയുടെ ഇഷ്ടം അതിലൂടെ തിരിച്ചറിഞ്ഞെങ്കിലും അയാൾ നിസ്സഹായനായിരുന്നു.
നേർത്ത പാദവിന്യാസം അടുത്ത് വരുന്നു. അതാര്യമായ തവിട്ട് പാളികളെ വകഞ്ഞ് ലക്ഷ്മിയുടെ രൂപം ഒന്നുകാണണമെന്നുണ്ട്.
പ്രജ്ഞയെ ചലിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വെറുതെയായി. തവിട്ടുപാളി കണ്ണുകളെ മൂടിനിന്നു. അത് വിട്ടകലുന്നില്ല. ശ്രമം വെറുതെയാണ്.
‘കൺപോളകളുടെ നിയന്ത്രണം ഒട്ടും കിട്ടുന്നില്ലല്ലോ’ ലക്ഷ്മിയെ കാണാനാകാത്തതിൽ അയാൾ പരിതപിച്ചു.
“മയക്കത്തിലാ ഇന്നലെ മുതൽ മോർഫിൻ കൊടുത്തുതുടങ്ങി.”
മറുപടി തലയാട്ടലിൽ ഒതുങ്ങിയിരിക്കണം. അതുകൊണ്ട് ഭാര്യയുടെ ഒച്ച മാത്രമേ കേൾക്കുന്നുള്ളു.
“മോർഫിൻ കൊടുത്തുതുടങ്ങിയതുകൊണ്ട് ഇപ്പോൾ ഞരക്കവും മൂളലും ഇല്ല.”
മുറിയിൽ ഒരു പീച്ച്മരം നിറയെ പൂവിടുന്നതും അതിന്റെ നേർത്ത ഗന്ധം പരക്കുന്നതും അയാൾ അറിഞ്ഞു. അവൾക്ക് ഉചിതമായ ഡ്രസ്സുകളിലെ വർണ്ണഭേദം പോലും നിശ്ചയമായിരുന്നു എന്നയാൾ ഓർത്തു.
പീച്ച്‌വർണ്ണത്തിലെ സാരിയുമുടുത്ത് അവൾ തൊട്ടടുത്തിരുന്ന് പരിചരിക്കുമെന്ന് അയാൾ വെറുതെ ആഗ്രഹിച്ചു. മോർഫിന്റെ വിഭ്രാന്തമായ കിനാവള്ളികളിൽ നൂഴ്ന്ന് അയാൾ ഉണരാൻ ശ്രമിച്ചു. കഴിയുന്നില്ല. കാണാനുള്ള ആഗ്രഹത്തിന് മോർഫിന്റെ മയക്കം ഇല്ല.
പുറത്തെ വെയിൽ, അകത്തെ ലക്ഷ്മിയുടെ രൂപത്തെ കൂടുതൽ തിളക്കമുള്ളതാക്കുമെന്ന് ഉറപ്പുണ്ട്. അകത്ത് ലക്ഷ്മി ഇരിക്കുന്നതെവിടെയാണ് കട്ടിലിന്റെ എതിർവശത്ത് ഉള്ള പ്ലാസ്റ്റിക്ക് കസേരയിലാണോ. അതോ തന്റെ കോലംകെട്ട അവസ്ഥയെ പരിതപിച്ച് നോക്കി നിൽക്കുകയാണോ.
എന്താണ് സംഭവിക്കുന്നതെന്ന് അറിയണമെന്നുണ്ട്. ഭാര്യയുടെ സംസാരം മാത്രമേ കേൾക്കാൻ കഴിയുന്നുള്ളു. ലക്ഷ്മിയുടെ ചില മൂളലുകൾ ഇടയിൽ ഉണ്ടാകും ഇന്ദ്രിയങ്ങളെല്ലാം തോല്ക്കുന്ന അവസ്ഥയിൽ കേൾക്കാൻ മാത്രം ഒച്ച ഒരു പക്ഷെ ആ മൂളലുകൾക്ക് ഇല്ലായിരിക്കാം.
ചെറിയ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെയല്ലാത്ത ഒരു ചെറുകാറ്റിന്റെ സ്പർശം അയാൾക്ക് അനുഭവപ്പെട്ടു. ജനലിനപ്പുറത്തെ ജമന്തിപ്പൂക്കൾ ഉലയുന്നു.
തണ്ടിന്റെ തലപ്പിൽ ചെറുചലനങ്ങൾ മാത്രം. ദൂരെയെവിടെയോ ഒരിരമ്പൽ, മഴയാണോ?
“ഇത് ഏത് മാസമാണ്?”
ആത്മഗതം ചോദ്യമായും ഉത്തരമായും രൂപപ്പെട്ടു.
“കുംഭത്തിലെവിടെയാ മഴ?”
വരണ്ടചുണ്ടിലെത്താതെയുള്ള ഒരു ചിരി മനസ്സിൽ വിരിഞ്ഞു.
ഫോൺ ബെല്ലടിച്ചപ്പോഴേ എടുത്തു.
“ലക്ഷ്മിയാ”
പതുങ്ങിയ സ്വരം “അന്നുചോദിച്ച രഥ്യ എന്ന വാക്കിനർത്ഥം കിട്ടിയോ?”
“ഇല്ല”
അയാൾ അജ്ഞത നടിച്ചു
“റോഡ് എന്നല്ലേ, വിശാലമായ വീഥി എന്നൊക്കെ….”
“‘ആണോ?”
ആഹ്ലാദം ആയിരുന്നു തിരിച്ചുള്ള ലക്ഷ്മിയുടെ ഫോൺ ഒരു അനുകൂല സൂചനയുടെ രോഗത്തിന്റെ സ്ഥിരീകരണത്തിൻ്റെ നിരാശയും വേദനയേയും ക്ഷണനേരത്തേക്കെങ്കിലും മറികടക്കുന്ന സന്തോഷം തെളിഞ്ഞു, ഒരു വിജയിയുടെ മാനസ്സികാവസ്ഥയാണോ?
സമ്പൂർണ പരാജയത്തിന്റെ കവാടത്തിൽ ഉണ്ടാകുന്നത്?
മയക്കത്തിന്റെ തുടർച്ചയിൽ ആ വാക്ക് കിട്ടി. ‘രഥ്യ’ എന്നതിന്റെ അർത്ഥമാണ് ചോദിച്ചത്, ആശ്വാസം ഓർത്തല്ലോ…
ഒച്ചവരാതെ വിളിച്ചുനോക്കി, വാക്ക് ഓർത്തു എന്ന് പറയണമെന്ന് ആഗ്രഹിച്ചു. പക്ഷേ മൂടിയ കൺപോളകളിൽ ഭാരം നിറഞ്ഞുതന്നിരുന്നു; ഇരുട്ട്. മരണം തന്നെ.











