ഭാരതീയ സിനിമയിൽ സത്യകലയുടെ സമാരംഭകൻ – സാബു ശങ്കർ

Facebook
Twitter
WhatsApp
Email

സത്യത്തിൻറെ   കലയെയും കലയിലെ സത്യത്തെയും അന്വേഷിക്കുന്നവർക്ക്  കണ്ടെത്താനാവുന്ന  കാവ്യരഹസ്യങ്ങളുടെ ഉത്തമ  പ്രചോദകനാണ്  സത്യജിത്  റായി .  

വിഷമസന്ധികളിലൂടെ  കടന്നുപോകുന്ന മനുഷ്യ  ജീവിതത്തിന്റെ ഊടും പാവും    നെയ്‌തെടുക്കുന്ന ചലച്ചിത്ര സൃഷ്ടികളിൽ  അടക്കം ചെയ്തിരിക്കുന്ന  നൈർമല്യവും  നൊമ്പരങ്ങളും ദൃശ്യഭംഗിയും    എക്കാലവും കൂടുതൽ പ്രേക്ഷകരെ   കൂടുതൽ ചിന്തിപ്പിക്കുന്നു . ഓരോ സിനിമയും ഒന്നിൽ കൂടുതൽ തവണ കാണുമ്പോഴും പുതിയ അർഥങ്ങൾ കാണിയുടെ ഹൃദയത്തിൽ ഉണർത്തുന്നു . സിനിമ എന്ന കലാസൃഷ്ടിയോട് അടുക്കുന്തോറും  മനുഷ്യാവസ്ഥയുടെ  ആഴങ്ങൾ  തെളിഞ്ഞുവരുന്നു . വിശ്വസിനിമയിൽ ഭാരതത്തിന് ആദ്യമായി ഇടം നൽകിയ പ്രഥമ  സിനിമ പഥേർ പാഞ്ജലിയും  തുടർന്നുള്ള സിനിമകളും  മായാത്ത അഭ്രമുദ്രകളായി  ശോഭിക്കുന്നു .

സത്യജിത് റായിയുടെ സിനിമകളുടെ പ്രത്യേകതകൾ  എന്തൊക്കെയാണ് ? ചലിക്കുന്ന ചിത്രങ്ങളുടെ ജീവധാരയായി വർത്തിക്കുന്ന  അടിയൊഴുക്കിൻറെ കാലപ്രമാണം എന്താണ് ? 

ഒരിക്കൽ സത്യജിത് റായി പറഞ്ഞു :  അന്വേഷിക്കുന്തോറും നിങ്ങൾ കൂടുതൽ കൂടുതൽ കണ്ടെത്തുന്നു . ചിരപരിചയം , വെറുപ്പിന് പകരം സ്നേഹത്തിനും ധാരണയ്ക്കും സഹിഷ്ണുതയ്ക്കും വഴിയൊരുക്കുന്നു . ഈ ഘട്ടത്തിൽ സിനിമാ നിർമ്മാണത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ  പിറകോട്ട് തള്ളപ്പെടുന്നതായും ക്യാമറയുടെ പ്രാധാന്യം കുറഞ്ഞുവരുന്നതായും നിങ്ങൾക്കനുഭവപ്പെടും . അല്ലെങ്കിലും കാമറ , വെറുമൊരു ആലേഖന ഉപാധിയല്ലേ ? ഏറ്റവും പ്രധാനം സത്യമാണ് . അപ്പോൾ സത്യത്തോട് അടുക്കുക . നിങ്ങൾക്ക്  ഏറ്റവും മഹത്തായ മനുഷ്യഗാഥ നിർമ്മിക്കാനാവും .

ഒരു സന്ദർഭത്തിൻറെ അതിസൂക്ഷ്മമായ വിശദാംശങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങുമ്പോൾ , ഉണർന്നുവരുന്ന അനുഭവത്തിന്റെ അന്തരീക്ഷം  ദൃശ്യത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ , ശീലിച്ചുപോന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചിന്തയും ഓർമയുടെ  ഗന്ധവും  ബന്ധങ്ങളുടെ  രുചിയും  സിനിമയുടെ  അപൂർവ  ബോധ്യപ്പെടലുകളായി മാറുന്നു .

പ്രചോദനം ഉൾക്കൊള്ളേണ്ടത്  ഈ ഭൂമിയിൽ നിന്നാണ്; ഈ നിമിഷങ്ങളിൽ നിന്നാണ് ; ഈ മനോഹര തീരത്തു നിന്നാണ്; ഈ ജീവിതമെന്ന  കടങ്കഥയിൽ നിന്നാണ്  …

സത്യജിത് റായിയുടെ കഥാപാത്രങ്ങൾക്ക്  സങ്കീർണ്ണമായ  ഭൂതകാലത്തിന്റെ  വേരുകളുണ്ട്. ഒരു യാഥാർഥ്യമെന്നോണം സ്‌ക്രീനിൽ അവ ജീവിക്കുന്നു . കഥയുടെ പരിമിതിയിൽ പരമാവധി രൂപഭാവങ്ങളോടെ  ഓരോ വ്യക്തിത്വങ്ങളായി  ശോഭിക്കുന്നു . വർണ്ണചിത്രങ്ങളെക്കാളേറെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ  ആ കഥാപാത്രങ്ങൾക്ക് പ്രത്യേകമായൊരു  അസ്തിത്വമുണ്ടെന്നു നാം തിരിച്ചറിയുന്നു . ഇതെങ്ങനെ സംഭവിക്കുന്നു ?

സ്വകാര്യ നിമിഷങ്ങളോടു  കൂടി , സ്വാഭാവികമായ  ചലനങ്ങളോട് കൂടി , ഹൃദയസ്പർശിയായ       ശബ്‌ദങ്ങളോട്  കൂടി , പ്രേക്ഷകന്റെ ആത്മാവിന്റെ ആഴങ്ങളിലാണ്  ഇരുട്ടും വെളിച്ചവും നിഴലും തെളിഞ്ഞു മായുന്നത് . സംഗീതത്തിന്റെ ഭാഷ കൂടി സത്യജിത് റായി  ഗഹനതയോടെ ഉപയോഗിക്കുന്നു .  

ഗ്രാഫിക് ഡിസൈനർ , രേഖാചിത്രകാരൻ , മാഗസിൻ എഡിറ്റർ , ഗാനരചയിതാവ് , സംഗീതജ്ഞൻ,  ഗ്രന്ഥകാരൻ, പ്രബന്ധകാരൻ തുടങ്ങി വിവിധ പ്രതിഭാരശ്മികൾ കൂടി സത്യജിത് റായിയിൽ കാണാം . 1921 മെയ് 2 നു കൽക്കത്തയിൽ ജനിച്ചു .ബംഗാൾ കലാ – സാംസ്‌കാരിക നവോത്ഥാനത്തിന്റെ അലയൊലികളും  സ്വാതന്ത്ര്യസമരത്തിന്റെ  കനൽപാതകളും കഠിന ദുരിതങ്ങളും നെഞ്ചകത്തെ പിളർപ്പുകളും മണ്ണിന്റെ മുറിപ്പാടുകളും  നേർക്കുനേർ കാണാനിടയായ ഒരു തലമുറയ്ക്ക്  സത്യമാർഗത്തിൽ നിന്ന്

വ്യതിചലിക്കാനാവുന്നതെങ്ങനെ ?

 ഒരേ സമയം ബൗദ്ധികവും വൈകാരികവുമായ ചലച്ചിത്ര സന്ദർഭങ്ങളെ  നാടകീയതയിലേക്ക്  വഴിതിരിക്കാതെ , നവ യാഥാർഥ്യത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ട് ഒഴുക്കുവാൻ അദ്ദേഹത്തിന്  സാധിച്ചു . സിനിമ എന്ന കലാമാധ്യമം  അടക്കിവാണ ഇന്ദ്രജാലക്കാരെ മറികടന്ന് , യാഥാർഥ്യ ബോധത്തിന്റെ കലയെ   ആവിഷ്കരിച്ചു .  എന്താണ് നിയോ റിയലിസം ?

 കഥ അല്ലെങ്കിൽ പ്രമേയം അടിസ്ഥാനപരമായും മനുഷ്യഗാഥയാണ് . ഋജുവും ലളിതവുമായ രേഖ . അതിൽ ലോകത്തിന്റെ , സ്വന്തം സമൂഹത്തിന്റെ ,  സാകല്യത്തിന്റെ , വ്യതിരിക്തമായ സത്യാവസ്ഥയുടെ , ഋതുഭേദങ്ങൾ പകർത്തി  പുനഃസൃഷ്ടിക്കുന്നു . അത് നമ്മിൽ സ്വച്ഛമായ വൈചാരിക – വൈകാരിക തരംഗങ്ങളുണർത്തുന്നു . പ്രകൃതിയുടെ തന്ത്രിയിൽ ഉരുമ്മുന്ന ഹൃദയത്തിന്റെ  രാഗങ്ങൾ കാതിന്റെ കാതുകൾക്ക് കേൾക്കാൻ കഴിയുന്നു .   നാടകീയതയില്ല . കൃത്രിമ ദൃശ്യങ്ങളില്ല . ആത്യന്തികമായി മറഞ്ഞുനിൽക്കുന്ന  ജീവിത സത്യങ്ങളെ നേരിട്ട്  അനുഭവ വിധേയമാക്കുന്നു . അങ്ങനെ ഭാരത സിനിമയിൽ നിയോ റീലിസത്തിനു മാത്രമല്ല  ,  “ഓഥർ സങ്കേത”ത്തിനും   നാന്ദികുറിച്ചു . സത്യത്തിന്റെ കല  സ്വാതന്ത്ര്യത്തിന്റെ   കൂടിയാണ് .

അകിര കുറൊസാവ , ആൽഫ്രഡ്‌ ഹിച്ച്കോക്ക് , ചാർളി ചാപ്ലിൻ , ഫെഡറിക്കൊ ഫെല്ലിനി ,ഫ്രിറ്റ്സ് ലാങ് , ലൂയി ബുനുവൽ , യാസുജിറോ ഓസു , ജോൺ ഫോർഡ് , ഡേവിഡ് ലീൻ , ഇങ്മർ ബെർഗ്മാൻ , ഴാങ് റെനോയർ ,  റോബർട്ട് ബ്രെസോൺ തുടങ്ങിയ വിശ്വചലച്ചിത്രകാരന്മാരുടെ മുൻനിരയിലാണ് സത്യജിത് റായിയും .1955 -ലെ  പഥേർ പാഞ്ജലി മുതൽ 1991 -ലെ അഗാന്തുക് വരെ പതിന്നാലിലേറെ ശ്രദ്ധേയ സിനിമകൾ . ഒട്ടേറെ ലഘുചിത്രങ്ങൾ …

അതെ , സിനിമ എന്ന സ്വതന്ത്ര കലാരൂപത്തിൽ  മനുഷ്യ സ്നേഹത്തിന്റെ  വ്യാകരണം പൂരിപ്പിച്ചുകൊണ്ട് , ബന്ധങ്ങൾക്കും ആത്മബന്ധങ്ങൾക്കും കഥാപാത്ര പെരുമാറ്റങ്ങൾക്കും മാനുഷികത നൽകിക്കൊണ്ട് ,  1992 ഏപ്രിൽ 23 -ന്  നമ്മോട് വിട വാങ്ങിയ സത്യജിത് റായി ഭാരതീയ ക്‌ളാസിക്ക് സിനിമയുടെ സമാരംഭകനാണ് .

About The Author

Leave a Reply

Your email address will not be published. Required fields are marked *