സ്വകാര്യബാങ്കുകള്‍ മുതല്‍ കോര്‍പ്പറേറ്റ് ഓഫീസ് വരെയുള്ള ജീവനക്കാര്‍ കിട്ടുന്ന ശമ്പളത്തിനനുസരിച്ച് ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം അത് വേണ്ടെന്നോ?
നമ്മള്‍ ശമ്പളം കൊടുത്ത് പോറ്റുന്ന ജോലിക്കാര്‍ ആത്മാര്‍ത്ഥമായി നികുതി കുടിശ്ശിക കാലാകാലം പിരിച്ചു എടുക്കാത്തത് കൊണ്ടല്ലേ ബാലന്‍ മന്ത്രിക്ക് നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടേണ്ടി വന്നത് ! അതു കൊണ്ടു തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തരുന്ന ശമ്പളത്തിന് അവര്‍ പണിയെടുക്കണം എന്ന് നമുക്ക് ധൈര്യമായി പറയാമല്ലോ.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരെ പോലെ തോന്ന്യാസം കാണിച്ചാല്‍ മന്ത്രി രാജന്‍ താക്കീത് ചെയ്താല്‍ മാത്രം പോരാ; സസ്‌പെന്‍ഷന്‍ എങ്കിലും നല്‍കേണ്ടേ ? ഞങ്ങള്‍ക്കു ലീവ് ഉണ്ടെന്ന ന്യായം പറഞ്ഞു 61 പേരില്‍ 23 പേരൊഴികെയുള്ളവര്‍ പ്രവൃത്തി ദിവസത്തില്‍ ഒന്നിച്ച് ലീവെടുത്ത് ടൂര്‍ പോകാന്‍ ഏതെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തില്‍ പറ്റുമോ ? അപ്പോള്‍ വിവരമറിയാം , പണിയില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും.
ഒരു ഹോളിഡേക്ക് മൂന്നാറിലേക്ക് എന്നല്ല കന്യാകുമാരി വരെ നിങ്ങള്‍ക്ക് കുടുംബസമേതം ജോളിയായി ടൂര്‍ പോകാമല്ലോ. അങ്ങനെയല്ലേ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒക്കെ പതിവ്. ജോലി കിട്ടിയാല്‍ ലീവ് ഒരു അവകാശമായി എന്നാണ് ഇവരുടെ ഒക്കെ ഭാവം. പണി കിട്ടും മുമ്പ് തേരാപ്പാര നടക്കുന്ന കാലത്ത് ഒരു ജോലി കിട്ടാന്‍ ആയിരുന്നു പ്രാര്‍ത്ഥന. ജോലിയായപ്പോഴോ? അവകാശ സംരക്ഷണം, ശമ്പളവര്‍ദ്ധന, വിശ്രമം, കൈക്കൂലി എന്നിവയില്‍ ഒക്കെയായി താല്‍പര്യം.
വില്‍പ്പന നികുതി വകുപ്പിലെ ചേട്ടന്മാര്‍ക്ക് ആണ് ഇപ്പോള്‍ ഉഴപ്പ് കൂടുതല്‍. ഇത് ബാലന്‍ മന്ത്രിയുടെ വകുപ്പല്ലേ? 13,830 കോടി രൂപ അവിടെ പിരിഞ്ഞു കിട്ടാനുണ്ട്. ഇവര്‍ ഓഫീസില്‍ ഫാനിന്റെ കീഴിലിരുന്ന് വാചകം അടിക്കുന്നത് നിര്‍ത്തി ഫീല്‍ഡില്‍ ഇറങ്ങി കുടിശ്ശിക പിരിക്കട്ടെ. ഓരോരുത്തര്‍ക്കും ടാര്‍ജറ്റ് കൊടുക്ക്. അവര്‍ പോയി പിരിക്കട്ടെ. എന്നിട്ട് കിട്ടാത്തതിന് കേസു കൊട്. അതിന്റെ പിന്നാലെയും അവരു പോകട്ടെ. ഇതൊക്കെ നോക്കി നടത്താനാ മന്ത്രി ബാലാ, താങ്കളെ ഞങ്ങള്‍ മന്ത്രിയാക്കിയത്.
വാഹന നികുതി ശരിക്കും പിരിച്ചെടുക്കാതെ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ക്ക് ശമ്പളത്തിന് വേണ്ടി പ്രതിമാസം സര്‍ക്കാരിന് മുന്നില്‍ കൈനീട്ടുന്ന ആന്റണി രാജു മന്ത്രി തന്റെ ജീവനക്കാരോട് 2616 കോടി രൂപ കുടിശ്ശിക ബാക്കി പിരിച്ചെടുത്ത ശേഷം ഓഫീസില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞു കൂടേ?
ഇതിനുപുറമേ ഇതാ കിടക്കുന്നു അഞ്ചുവര്‍ഷത്തെ കുടിശ്ശിക ! ഇന്ധന സെക്‌സിലൂടെ കിട്ടുന്ന തുകയുടെ 30 ഇരട്ടിയാണ് പോലും അഞ്ചുവര്‍ഷമായി ഉള്ള കുടിശ്ശിക. (7100 കോടി രൂപ) ബാലന്‍ മന്ത്രി കഷ്ടപ്പെട്ട് ഇവര്‍ക്ക് മാസാമാസം ശമ്പളം കൊടുത്താല്‍ പോരാ പണിയെടുപ്പിക്കണം.
വാല്‍ക്കഷണം : ഇങ്ങനെയുണ്ടോ ഒരു ഉലകം ചുറ്റും വാലിബന്‍ ഗവര്‍ണര്‍. കണക്കുപ്രകാരം 11.8 ലക്ഷം രൂപയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാര്‍ യാത്രക്ക് മാറ്റി വെച്ചിരിക്കുന്നത് ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം അധികമായി മുപ്പത് ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു. മാസത്തില്‍ അഞ്ചു ദിവസം ഒഴികെ സംസ്ഥാനത്ത് ഗവര്‍ണര്‍ ഉണ്ടാകണം എന്നാണ് പറയാറ്. ചില മാസങ്ങളില്‍ തിരിച്ചാണോ സംഭവിക്കുന്നത് ? എന്താ ഇങ്ങനെയെന്ന് ചോദിച്ചാല്‍ രാഷ്ട്രപതിയോട് പറഞ്ഞിട്ടുണ്ട് എന്നാകും മറുപടി. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തിനെപ്പറ്റിയൊക്കെ വാചാലനാകുന്നത് കേട്ടാല്‍ തോന്നും ഇങ്ങനെ ചട്ടവും നിയമവും നോക്കുന്ന വേറെ ഒരാള്‍ ഇല്ലെന്ന് ! ഇപ്പോള്‍ ഒരു മിണ്ടാട്ടവുമില്ല. ഇനി പൂച്ച കലമുടക്കുന്നത് എന്നാണാവോ?
കെ.എ ഫ്രാന്‍സിസ്
About The Author
No related posts.