കളിപ്പാട്ടം – സെബാസ്റ്റ്യൻ ആർവിപുരം

Facebook
Twitter
WhatsApp
Email

വിവാഹത്തോടെ തനിക്കൊരു ജീവനുള്ള കളിപ്പാട്ടം കിട്ടിയെന്ന് ആരായിരിക്കും കരുതുക?
ഭാര്യയോ ഭർത്താവോ?
ഭാര്യയ്ക്കുമാകാം;
ഭർത്താവിന്നുമാകാം,
സാദ്ധ്യത…?
അതു മുടിത്തുമ്പിൽ കെട്ടിത്തൂക്കിയ വാളുപോലെയാടിക്കളിക്കുന്നുവോ?

നമ്മളെല്ലാം തമ്മിൽത്തമ്മിൽ കളിപ്പാട്ടങ്ങളായ ഇക്കാലത്ത്, ഇത്തരമൊരു ചിന്തയ്ക്ക് ആരായിരിക്കും അടിമയാവുക?
തങ്ങൾ, ദൈവത്തിന്റെ കളിപ്പാട്ടങ്ങളാണെന്ന വ്യാജേന സ്വയംതീർത്ത മൂഢവിശ്വാസത്തിൽ വേഷങ്ങളാടുന്നവർ മനുഷ്യർ!

കാലമിത്രയായിട്ടും ദൈവത്തെയന്വേഷിച്ചു കണ്ടെത്താനാവാത്ത ചിലരൊക്കെ അസ്വസ്ഥരാകുന്നുണ്ട്.
പുകയുന്ന നെരിപ്പോടുകളിലെ കനൽ അവരൂതിത്തെളിയിക്കുന്നു.
ആളിക്കത്തലല്ലാ എരിഞ്ഞുതീരലാണ് എവിടെയും ലക്ഷ്യം.
സ്ഥലകാലബോധത്തിന്റെ അതിരുകൾ ലംഘിച്ച്, മനസ്സ് അഴിഞ്ഞാട്ടം നടത്തുന്നു.
വിശ്വാസങ്ങളുടെ ഉച്ഛ്വാസങ്ങൾ അതിനു ബലം കൊടുക്കുന്നുണ്ട്.
ശക്തമായൊരു നിശ്വാസത്തിൽ നിലംപൊത്താവുന്ന വിശ്വാസങ്ങളെ അവരെല്ലാം ഞാണിൻമേൽ ബന്ധിച്ചിരിക്കുന്നു.

സാത്താനും ദൈവവും ഒരുമിച്ചുറങ്ങുന്ന പൂങ്കാവനത്തിൽ മനുഷ്യർ സ്വർഗ്ഗവും നരകവും തേടിയിറങ്ങുന്നതിൽപ്പരം വൈരുദ്ധ്യം മറ്റെന്തുണ്ട്?

സങ്കീർണ്ണമായ ശേഷിപ്പുകളുടെ ബാക്കിപത്രം തിരയുന്ന,
മനസ്സുകൾ ഇരുട്ടിൽത്തപ്പുകയാണ്.
ജ്യോതിർമയനായ ദൈവത്തെ, അവയ്ക്ക് ഇരുട്ടിൽ കാണണമത്രേ!

മനുഷ്യനിപ്പോഴും അജ്ഞനാണെന്നു തെളിയിച്ചുകൊണ്ടേയിരിക്കുന്നു; സത്യം!

ഇരുളിനു മീതെയായി വെളിച്ചമില്ലാ!
വെളിച്ചത്തിനു മീതെയായി ഇരുട്ടുമില്ലാ!
അന്ധനും അജ്ഞനുമായ അവൻ ഇരുളിൽ മതിമറന്ന് പ്രകാശത്തെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു!

✒️ സെബാസ്റ്റ്യൻ ആർവിപുരം

About The Author

Leave a Reply

Your email address will not be published. Required fields are marked *