LIMA WORLD LIBRARY

പ്രണയദിനവും വേദനിക്കുന്ന ഒരോർമ്മയും… – ഉല്ലാസ് ശ്രീധർ

പത്താം ക്ലാസിൽ പഠിക്കുന്ന കാലം…

ആൺകുട്ടികൾ മാത്രം പഠിക്കുന്ന മുസ്ലിം ഹൈസ്കൂളിൽ
പഠിച്ചിരുന്നതു കൊണ്ട് രാവിലേയും വൈകുന്നേരവും
എക്സലൻ്റ് ട്യൂട്ടോറിയലിൽ ചെല്ലുമ്പോൾ മാത്രമാണ് പെൺകുട്ടികളെ കാണാൻ കഴിഞ്ഞിരുന്നത്…

ട്യൂട്ടോറിയലിൽ പഠിക്കാൻ വന്നിരുന്ന
ചെമ്പകപ്പൂ പോലൊരു പെൺകുട്ടിയെ എനിക്ക് ഇഷ്ടമായിരുന്നു…

വെളുത്ത നിറം,
ചുരുണ്ട തലമുടി,
മുടിയിൽ മുല്ലപ്പൂവ്,
നെറ്റിയിൽ ചന്ദനക്കുറി,
മിതമായ പൊക്കം,
പൊക്കത്തിനൊത്ത വണ്ണം,
വണ്ണത്തിനൊത്ത മാറിടം,
സദാ ചുണ്ടിലൊരു പുഞ്ചിരി…

അവൾ പുഞ്ചിരിക്കുമ്പോൾ ലോകം മുഴുവനുമുള്ള മുല്ലപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്നതായി തോന്നും…

അധികം ആരോടും സംസാരിക്കാതെ
വളരെ മെല്ലെ നല്ല താളത്തിലാണ് അവൾ നടന്നിരുന്നത്…

വെളുപ്പിന് അഞ്ച് മണിക്കെഴുന്നേറ്റ് പഠിക്കാനുള്ളതൊക്കെ പഠിച്ചിട്ട് ആറു മണിക്ക് റേഡിയോയിലൂടെ ‘ഉദയഗീത’ത്തിലെ ഭക്തിഗാനങ്ങൾ കേൾക്കുന്നത് എൻ്റെ പതിവായിരുന്നു…

കട്ടിലിൽ വെറുതെ
കണ്ണുകളടച്ച് കിടന്നു കൊണ്ട് ഉദയഗീതം കേൾക്കുന്നതൊരു ഊർജ്ജമായിരുന്നു…

അവളെ പരിചയപ്പെട്ടതിന് ശേഷം ഉദയഗീതം കേൾക്കുമ്പോൾ ആ സുന്ദരിയുമൊത്തുള്ള ഭാവി ജീവിതം കിനാവുകളായി കാണാൻ തുടങ്ങി…

ഞാനും അവളും പഠിച്ച് ഡോക്ടർ ആകുന്നു,
ഞങ്ങൾ കല്യാണം കഴിക്കുന്നു,
മാരുതി കാർ വാങ്ങുന്നു,
മാരുതി കാറിൽ കറങ്ങുന്നു,
പ്രണയം അഗ്നിയായി ഇന്ദ്രിയങ്ങളിലോരൊന്നിലും രാസലീലയായി പടരുന്നതും
മധുരാധരം നുകരുന്നതുമെല്ലാം കിനാവുകളായി കണ്ടു…

അങ്ങനെയങ്ങനെ രസകരമായ കിനാവുകൾ കണ്ടിട്ട് ട്യൂഷൻ സെന്ററിൽ ചെല്ലുമ്പോൾ മുല്ലപ്പൂവും ചൂടി,
പുഞ്ചിരിയുമായി വരുന്ന അവളെന്റെ കരളിൽ കുളിര് കോരി നിറക്കും…

അവളെ കാണാൻ തക്ക തരത്തിൽ ബഞ്ചിൻ്റെ സൈഡിലാണ് ഞാൻ ഇരിക്കുക…

പരസ്പര കടാക്ഷങ്ങളിലൂടെ,
മന്ദഹാസങ്ങളിലൂടെ ഞങ്ങൾ പ്രണയാനന്ദത്തിൻ്റെ കൊടുമുടി കയറും…

‘ജ്യോമട്രി പെട്ടി’ക്കകത്ത് ഒട്ടിച്ച കണ്ണാടി കഷ്ണത്തിലൂടെ ആരും കാണാതെ ഇടക്കിടക്ക് ഞാൻ അവളെ കാണും…

വെള്ളി പോലെ വെയിൽ വെട്ടിത്തിളങ്ങിയിരുന്ന ഒരു ദിവസം…

രാവിലെ ഗോപാലകൃഷ്ണൻ സാറിന്റെ ബയോളജി ക്ലാസാണ്…

കുട്ടികളെ തല്ലാൻ ഒരു മടിയുമില്ലാത്ത ഗോപാലകൃഷ്ണൻ സാറിന്റെ ചോദ്യത്തിന് അവൾക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല…

കൈ നീട്ടാൻ പറഞ്ഞു…

അവൾ കൈ നീട്ടിയിട്ട് പേടിച്ച് പേടിച്ച് കൈപ്പത്തി ഉയർത്തി കൊണ്ടിരുന്നു…

താമരപ്പൂ നിറമുള്ള ആ കൈകളിൽ ചൂരൽ പതിക്കുന്നതോർത്തപ്പോൾ എനിക്ക് സങ്കടം വന്നു…

സാർ ചൂരൽ ആഞ്ഞു വീശിയതും അവൾ കൈ പുറകിലോട്ട് വലിച്ചതും ചൂരലിൻ്റെ തുമ്പ് അവളുടെ ഉയർന്ന മാറിടത്തിൽ പതിച്ചതും ഒന്നിച്ചായിരുന്നു…

അവൾ പുളഞ്ഞു പോയി…

വേദനിച്ചിട്ടും നെഞ്ച് തടവാൻ കഴിയാതെ നിസ്സഹായതയോടെ നിന്നപ്പോൾ വിളറിയ നക്ഷത്രങ്ങൾ പോലെയായ അവളുടെ തളർന്ന കണ്ണുകളിൽ നിന്നും നീരൊഴുകി…

ചൂരൽ വീണത് അവളുടെ നെഞ്ചിലാണെങ്കിലും പൊള്ളി നീറിയത് എൻ്റെ ഹൃദയമായിരുന്നു…

ഞാൻ അവളെ നോക്കി…

അവളുടെ കണ്ണുകളിൽ കടലോളം കണ്ണീർ നിറഞ്ഞിരുന്നു …

കണ്ണീര് വീണ് നനഞ്ഞ അവളുടെ കവിളിൽ ഒരു ആശ്വാസ ചുംബനം കൊടുക്കണമെന്ന് ഞാനാഗ്രഹിച്ചു…

ട്യൂട്ടോറിയലിൽ നിന്ന് സ്കൂളിൽ ചെന്നിട്ടും എൻ്റെ നെഞ്ച് പൊള്ളി നീറിക്കൊണ്ടിരുന്നു…

ഈ പ്രണയദിനത്തിലും
ചെമ്പകപ്പൂ പോലെയുള്ള ആ പെണ്ണിന്റെ ചിത്രവും അവളുടെ കണ്ണീരും എൻ്റെ ഹൃദയാന്തരങ്ങളിൽ തെളിഞ്ഞു നിൽക്കുന്നു…

പ്രണയിച്ചവർക്കും
പ്രണയിക്കുന്നവർക്കും
പ്രണയിക്കാനുള്ളവർക്കും
എൻ്റെ പ്രണയദിനാശംസകൾ നേരുന്നു…………………………………………..

_____ഉല്ലാസ് ശ്രീധർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px