കീവ് ∙ റഷ്യൻ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിനു മുന്നോടിയായി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപ്രഖ്യാപിത സന്ദർശനം നടത്തി. യുഎസ് സേനാ സാന്നിധ്യമില്ലാത്ത യുദ്ധഭൂമിയിൽ ഇതാദ്യമാണ് അവിടത്തെ പ്രസിഡന്റ് സന്ദർശനം നടത്തുന്നത്. ഏതറ്റം വരെയും അമേരിക്ക ഒപ്പമുണ്ടാകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കു ബൈഡൻ ഉറപ്പുനൽകി. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങളും യുക്രെയ്നിനുള്ള അധികസഹായങ്ങളും ബൈഡൻ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു.
ബൈഡനും സെലെൻസ്കിയും കീവിലെ സെന്റ് മൈക്കിൾസ് കത്തീഡ്രലിൽനിന്ന് ഒരുമിച്ചു പുറത്തേക്കു വരുമ്പോൾ, റഷ്യൻ മിസൈലാക്രമണ സൂചനയില്ലാതിരുന്നിട്ടും തലസ്ഥാനമെങ്ങും സൈറണുകൾ മുഴങ്ങി. അതേസമയം, റഷ്യയുമായുള്ള തങ്ങളുടെ ബന്ധത്തിൽ തലയിടരുതെന്നു ചൈന യുഎസിനോടു പറഞ്ഞു. വരും ദിവസങ്ങളിൽ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി മോസ്കോ സന്ദർശിക്കും. റഷ്യയ്ക്കു ആയുധസഹായം നൽകാനുള്ള ചൈനയുടെ നീക്കമാണിതെന്ന് യുഎസ് ആരോപിച്ചു.
ആക്രമണം ആരംഭിച്ചിട്ട് 24 ന് ഒരു വർഷമാകും. റഷ്യ വൻതോതിൽ കൂലിപ്പട്ടാളത്തെ ഇറക്കി യുദ്ധം രൂക്ഷമാക്കുമെന്നാണു റിപ്പോർട്ട്. ഇതു സംബന്ധിച്ച നിർണായകപ്രഖ്യാപനം പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇന്നോ നാളെയോ നടത്തും. കിഴക്കൻ മേഖലയിലെ ഡോൺബാസ് പ്രവിശ്യ കേന്ദ്രീകരിച്ചാണു കനത്ത പോരാട്ടം നടക്കുന്നത്. ഇവിടെ നല്ലൊരുഭാഗം റഷ്യൻസേനയുടെ നിയന്ത്രണത്തിലാണെങ്കിലും ഖനന, വ്യവസായ നഗരമായ ബഹ്മുത്, ക്രെമിന്ന, വുഗ്‌ലെദർ, മറിങ്ക എന്നീ നഗരങ്ങളിൽ കനത്ത ഏറ്റുമുട്ടലാണു നടക്കുന്നത്.

യുക്രെയ്ൻ സേനയുടെ കൈവശമുള്ള വെടിക്കോപ്പുകൾ കുറയുകയാണെന്നും പാശ്ചാത്യരാജ്യങ്ങൾ ആയുധങ്ങൾ നൽകണമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നൂതന പോർവിമാനങ്ങളും ദീർഘദൂര മിസൈലുകളുമാണു യുക്രെയ്ൻ യുഎസിനോട് ആവശ്യപ്പെടുന്നത്.
യുദ്ധമേഖലയിൽ ബൈഡൻ ഇതാദ്യം
യുദ്ധമേഖലയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യസന്ദർശനമാണിത്. ഞായറാഴ്ച പുലർച്ചെ നാലിനു വാഷിങ്ടണിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽനിന്നു പുറപ്പെട്ട ബൈഡന്റെ വിമാനം ജർമനിയിലെ യുഎസ് വ്യോമത്താവളത്തിലിറങ്ങിയശേഷമാണു കീവിലേക്കു പറന്നത്. കീവിൽ യുഎസ് എംബസിക്കു കാവൽ നിൽക്കുന്ന മറീനുകൾ ഒഴിച്ചാൽ യുക്രെയ്നിൽ യുഎസ് സേനാസാന്നിധ്യമില്ല. ഈ സാഹചര്യത്തിൽ സന്ദർശനം റഷ്യയെ മുൻകൂട്ടി അറിയിച്ചിരുന്നോയെന്നു വ്യക്തമല്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് സേനാംഗങ്ങളെ അന്നത്തെ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബറാക് ഒബാമ, ഡോണൾഡ് ട്രംപ് എന്നിവർ സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫ്രാൻസ്, ഇറ്റലി, ജർമനി എന്നിവിടങ്ങളിലെ ഭരണാധിപന്മാരും യുകെ പ്രധാനമന്ത്രി ഋഷി സുനകും കീവ് സന്ദർശിച്ചിരുന്നു.
English Summary: President Biden makes surprise first visit to Ukraine since Russian invasion began













