തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്.
തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം മാത്രമായിരുന്നു അതെന്നും ഇപ്പോള്‍ അത് നടപ്പാക്കില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അടഞ്ഞുകിടക്കുന്ന വീടുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്. പലവിധ സാഹചര്യങ്ങള്‍ കൊണ്ടാണ് പണിതുയര്‍ത്തിയ വീട്ടില്‍ താമസിക്കാന്‍ കഴിയാതെ പലര്‍ക്കും പ്രവാസം ഉള്‍പ്പെടെയുള്ള വഴി തെരഞ്ഞടുക്കേണ്ടി വന്നതെന്നും അതിന്റെ പേരില്‍ നികുതി അടിച്ചേല്‍പ്പിക്കുന്നത് നീതിയല്ലെന്നും തിരുവഞ്ചൂര്‍ സബ്മിഷനില്‍ പറഞ്ഞു.
അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റിലെ നിര്‍ദേശത്തിനെതിരെ പ്രവാസികളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയത്.
സംസ്ഥാനത്ത് നികുതി പരിഷ്‌കരണം വരുമ്പോള്‍ ധനസമാഹരണത്തിനായി കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. അതിന്റെ ഭാഗമായി മുന്നോട്ട് വച്ച നിര്‍ദേശം മാത്രമാണിത്. ഇതുസംബന്ധിച്ച് പരിശോധിക്കേണ്ടത് തദ്ദേശ വകുപ്പാണ്. അതുകൊണ്ടുതന്നെ തിടുക്കപ്പെട്ട് ഇക്കാര്യത്തില്‍ നടപടിയുണ്ടാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി .
ഭാവിയില്‍ തദ്ദേശ വകുപ്പ് പരിശോധന നടത്തി നികുതി നടപ്പാക്കേണ്ട സാഹചര്യമുണ്ടെന്ന് തോന്നിയാല്‍ , നടപ്പിലാക്കിയേക്കാമെന്ന സൂചനയും ധനമന്ത്രിയുടെ വാക്കുകളിലുണ്ട്.













