‘ പോടാ ‘ ‘ പോടീ ‘ വിളി വേണ്ട ; കുട്ടികളെ ബഹുമാനിക്കാം അഡ്വ. ചാര്‍ളിപോള്‍ MA.LL.B

Facebook
Twitter
WhatsApp
Email

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും എന്‍ജിയറിംഗ് കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന ഡോ. അര്‍.വി.ജെ., മേനോന്‍ ജര്‍മനിയില്‍നിന്നും കേരളത്തില്‍ വന്ന് പഠനമാരംഭിച്ച കുട്ടിയോട് തിരക്കി; ‘എങ്ങനെ ഇവിടത്തെ സ്‌കൂള്‍ ടീച്ചേഴ്‌സ്?’ കുട്ടി പറഞ്ഞു; ഇവിടുത്തെ അധ്യാപകര്‍ കുട്ടികളോട് ബഹുമാനം കാണിക്കാത്തവരാണ്’. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ‘പോടാ’ ‘പോടീ’ എന്ന് വിളിക്കുന്നത് വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളിലേക്ക് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.ഇ) സര്‍ക്കുലര്‍ അയച്ചെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോള്‍ മേല്‍ സൂചിപ്പിച്ച കാര്യമാണ് ഓര്‍മ വന്നത്. മാതാപിതാക്കളെ, അധ്യാപകരെ, മുതിര്‍ന്നവരെ, മേലധികാരികളെ ഒക്കെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്ന നമ്മള്‍ കുട്ടികളെ ബഹുമാനിക്കാന്‍ മടി കാട്ടുന്നവരാണ്. കുട്ടികളെയും ബഹുമാനിക്കണം അതാണ് ശരി.
”വളരാനും വളര്‍ത്താനും ജീവിക്കാനും ആദരവ് വേണം” (Reverence is due to everything lving and to its growth) ജര്‍മന്‍ സൈക്കേളജിസ്റ്റായ റൂത്ത് കോണ്‍ (Ruth Cohn) ന്റെ വാക്കുകളാണിവ. കുട്ടികളും തനതായ വ്യക്തിത്വം ഉള്ളവരാണ്. വ്യക്തിത്വത്തെ ഹനിക്കുന്ന പദപ്രയോഗങ്ങള്‍ അധ്യാപകര്‍ നടത്തുമ്പോള്‍ അവരിലത് മുറിവുകള്‍ സൃഷ്ടിക്കും. ആത്മാഭിമാനത്തെയും ആത്മധൈര്യത്തെയും ബാധിക്കും. ഉയരാനും വിജയംവരിക്കാനും ഏറ്റവും അനിവാര്യമായിട്ടുള്ളത് ആത്മാഭിമാനവും ആത്മധൈര്യവുമാണ്. അവ നഷ്ടപ്പെട്ടാല്‍ പരാജയബോധം തലപൊക്കും. ആക്ഷേപകരങ്ങളായ പദപ്രയോഗങ്ങള്‍ തലച്ചോറില്‍ രേഖപ്പെടുത്തുന്നുണ്ട്. ഓരോ പ്രവൃത്തികളിലും ഏര്‍പ്പെടുമ്പോള്‍ ഉപബോധമനസ്സ് ഇത് ഓര്‍മിപ്പിക്കും. തല്‍ഫലമായി ആത്മവിശ്വാസം നഷ്ടപ്പെട്ട് പരാജയം ഉണ്ടാകും.
കുട്ടികള്‍ അവരുടെ കാതുകളെക്കാള്‍ കണ്ണുകളെയാണ് വിശ്വസിക്കുക. അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ മാതൃകയായാണ് വീക്ഷിക്കുന്നത്. അതിനാല്‍ അധ്യാപകരുടെ വാക്ക്, നോട്ടം, പ്രവൃത്തി, എന്നിവ സൂക്ഷ്മവും നിതന്തജാഗ്രതയോട് കൂടിയതുമാകണം. ‘ആശാന് അക്ഷരമൊന്ന് പിഴച്ചാല്‍ അമ്പത്തിയൊന്ന് പിഴയ്ക്കും ശിഷ്യന്” എന്ന പ്രയോഗം ഓര്‍ക്കേണ്ടതുണ്ട്. കുട്ടികളെ നല്ല വാക്കുകള്‍ പ്രയോഗിക്കാനും മറ്റുള്ളവരോട് നല്ലതുപോലെ പെരുമാറാനും പ്രാപ്തരാക്കുന്ന ഇടം കൂടിയാവണം വിദ്യാലയങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാകുവാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അധ്യാപനത്തിലൂടെ കുട്ടികളില്‍ യഥാര്‍ത്ഥ സന്തോഷവും അറിവും നിറക്കുകയെന്നതാണ് അധ്യാപന കല.
ചുരുക്കം ചില അധ്യപകരെങ്കിലും വിദ്യാര്‍ത്ഥികളെ ലേബല്‍ ഒട്ടിച്ച് നശിപ്പിക്കുന്നവരാണ്. ഉഴപ്പന്‍, തെമ്മാടി, അസത്ത്, വെടക്ക്, നാണം കെട്ടവന്‍, പേടിത്തൊണ്ടന്‍, തല്ല്‌കൊള്ളി, നാണംകുണുങ്ങി, കറുമ്പന്‍, എലുമ്പന്‍, എടുത്തുചാട്ടക്കാരന്‍, പഴഞ്ചന്‍, കുരുത്തംകെട്ടവന്‍, ദുഷ്ടന്‍, വെകിളി, അനുസരണയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, പൊണ്ണത്തടിയന്‍, മണ്ണുണ്ണി, മണകൊണാഞ്ചന്‍ എന്നിങ്ങനെ ലേബല്‍ ഒട്ടിക്കുമ്പോള്‍ അതനുസരിച്ച് ഒരാത്മബിംബം (Self Image) കുട്ടി സ്വയം രൂപപ്പെടുത്തും. അതോടെ സ്വാഭാവികമായ സര്‍ഗശേഷി നശിച്ച് നിങ്ങള്‍ ഒട്ടിച്ച ലേബലിലെ ബിംബമായിത്തീരും കുട്ടികള്‍. ‘നീ ഒരിക്കലും നന്നാവില്ല, മഹാപാപിയാണ്,ഗുണംപിടിക്കില്ല’എന്നിങ്ങനെയുള്ള ശാപവാക്കുകളും താരതമ്യംചെയ്യലും കുടുംബ പാശ്ചാത്തലം പറഞ്ഞ് കളിയാക്കലും വലിയ പ്രത്യാഘാതങ്ങളാണ് കുട്ടികളില്‍ സൃഷ്ടിക്കുക. അവ കുട്ടികളുടെ വ്യക്തിത്വഘടനയെ സാരമായി ബാധിക്കും. വ്യക്തിത്വവൈകല്യങ്ങളിലേക്ക് നയിക്കും.
ആത്മബിംബം കുട്ടിയുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനഘടകമാണ്. അത് നെഗറ്റീവ് ആക്കാതെ പോസിറ്റീവായി നിലനിര്‍ത്തണം. നല്ല ഗുണങ്ങള്‍ എടുത്ത് കാട്ടി പ്രശംസിക്കുമ്പോഴാണ് ആത്മബിംബം പോസിറ്റീവ് ആകുന്നതും കുട്ടി വിജയം വരിക്കുന്നതും. ചെറുപ്പത്തില്‍ വളരെയധികം പ്രോത്സാഹനങ്ങളും സ്‌നേഹലാളനകളും അംഗീകാരവും പരിഗണനയും ലഭിച്ചിട്ടുള്ള കുട്ടികളാണ് വിജയികളായിത്തീരുക. അമിതമായശിക്ഷകള്‍, കുറ്റപ്പെടുത്തല്‍, പരിഹാസം, ഭീഷണിപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, കളിയാക്കല്‍ തുടങ്ങിയവ അനുഭവിച്ചവരാണ് പരാജിതരാകുന്നവര്‍. ആത്മബിംബം നെഗറ്റീവ് ആയാല്‍ പ്രത്യേക ലക്ഷ്യമില്ലാത്ത ജീവിതമാകും ഉണ്ടാകുക. ഒരിനം പൊങ്ങന്‍ ജീവിതം. പിന്നീടവര്‍ അലസജീവിതത്തിനുടമകളാകും.
തളര്‍ത്തുന്ന, തകര്‍ക്കുന്ന വാക്കുകള്‍ ഒഴിവാക്കണം. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് Guide, Friend, Philosopher ആയിരിക്കണം. പ്രോത്സാഹന-അംഗീകാര-സ്‌നേഹസമീപനങ്ങളാണ് കുട്ടികളെ വളര്‍ത്തുന്നതും നല്ലവരാക്കുന്നതും. പ്രശ്‌സത മന:ശാസ്ത്രജ്ഞനായ യൂങ്ങ് പറയുന്നു; ‘സൗഹാര്‍ദ്ദാന്തരീക്ഷവും ഊഷ്മളതയുമാണ് ഒരുകുഞ്ഞിന്റെയും ഒരു സസ്യത്തിന്റെയും വളര്‍ച്ചക്ക് അനുപേക്ഷണീയമായി വേണ്ടത്’. കൗമാരപ്രായത്തില്‍ വിദ്യാര്‍ത്ഥികളില്‍ അഭിമാന-ദുരഭിമാന മിഥ്യാബോധങ്ങള്‍ രൂപപ്പെട്ടുവരുന്നതിനാല്‍ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന സമീപനങ്ങള്‍ ഒഴിവാക്കുകയാണ് അഭികാമ്യം.

About The Author

Leave a Reply

Your email address will not be published. Required fields are marked *