ഇടത്തരക്കാരായ ഇവരെ ഏതെങ്കിലും സര്‍ക്കാരിന് വേണോ ? ഇല്ലാത്തവര്‍ക്ക് എല്ലാ ബജറ്റിലുമുണ്ട് സബ്‌സിഡികള്‍, ഉള്ളവര്‍ക്കോ ? പലതരം റിബേറ്റുകള്‍ ! ഒരു പണിയും ചെയ്യാനാവാത്ത വിധം പ്രായമായ സര്‍ക്കാറിതര സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍, ഇടത്തരം കൃഷിക്കാര്‍, കച്ചവടക്കാര്‍, എന്നിങ്ങനെ ചില ഇരുകാലി മനുഷ്യര്‍ നാട്ടില്‍ ഉണ്ടെന്ന് ആര് അന്വേഷിക്കുന്നു. ഇവര്‍ക്ക് വോട്ടവകാശമുണ്ടെന്ന കാര്യം പോലും ജനപ്രതിനിധികള്‍ മറക്കുന്നു.
നിര്‍മ്മല മാഡവും ബാലഗോപാലനും സമര്‍പ്പിച്ച ബജറ്റില്‍ കാറും വീടും ഉള്ള കുറെ ദരിദ്രവാസികളായ വൃദ്ധന്മാരെ സ്മരിക്കുന്നു പോലുമില്ല! ഇവരെ പോലെ തന്നെ പഴകി പോയതാണ് അവരുടെ വീടും കാറും. ജനനനിരക്കും മരണ നിരക്കും താരതമ്യേന കുറഞ്ഞു വരുന്നതിനാല്‍ അവരുടെ എണ്ണം പെരുകി പെരുകി യുവജനതയുടെ എണ്ണത്തിന് മുകളില്‍ എത്തുന്നു. പക്ഷേ ബജറ്റില്‍ മാഡവും മിസ്റ്ററും അവരെ തഴയുന്നു. തഴയപ്പെടുന്ന അവര്‍ക്കാകട്ടെ വോട്ടുണ്ടെങ്കിലും ശബ്ദമില്ല.
നികുതി കൊടുത്തവർ :
അവര്‍ക്കല്ലേ ക്ഷേമപെന്‍ഷന്‍ എന്ന് ബാലന്‍ മന്ത്രി തിരിച്ചു ചോദിക്കും. അഞ്ചര ലക്ഷം പേര്‍ക്ക് സര്‍ക്കാരിന്റെ വലിയ പെന്‍ഷനുമില്ലേ? അവരെക്കാള്‍ പ്രമാണിമാരായോ, അല്ലെങ്കില്‍ അവരെ പോലെയോ കാറില്‍ ചെത്തി നടന്ന പ്രൈവറ്റ് സ്ഥാപനങ്ങളിലും കൃഷി നോക്കിയും വ്യാപാരം നടത്തിയും മറ്റും ജീവിക്കുന്ന കുറെ ഇടത്തരക്കാര്‍ ഈ നാട്ടില്‍ ജീവിച്ചിരിപ്പുണ്ടെന്ന് നിയമസഭാ സാമാജികര്‍ അറിഞ്ഞിരിക്കണം. അവര്‍ക്ക് പെന്‍ഷനില്ല, സര്‍ക്കാറിന് നികുതി ധാരാളമായി നല്‍കിയവരെ ജനപ്രതിനിധികള്‍ക്കു മറക്കാമോ?
പങ്കാളി പോയവർ :
പ്രായമായവരെ മക്കള്‍ സംരക്ഷിക്കുന്ന കാലം പോയി. നല്ലൊരു ഷര്‍ട്ടോ, മുന്തിയ ഒരു പാദരക്ഷയോ, രുചികരമായ ഭക്ഷണമോ കഴിക്കാതെ ജീവിതകാലം മുഴുവന്‍ കുട്ടികള്‍ കുടുംബം എന്ന് ധ്യാനിച്ച് നടന്ന ആ ഇരുകാലികളില്‍ പലര്‍ക്കും താങ്ങായി മക്കള്‍ പോലും ഇല്ല. മാത്രമല്ല ഇന്നാട്ടില്‍ ഒറ്റപ്പെട്ടു എത്രയെത്ര വൃദ്ധദമ്പതികള്‍ വലിയ പഴയ വീടുകളില്‍ ഒറ്റക്ക് വേറൊരു ആശ്രയവും ഇല്ലാതെ കഴിയുന്നു. അവരില്‍ പങ്കാളി കൂടി നഷ്ടപ്പെട്ടാലോ ? മിണ്ടാനും പറയാനും ഇല്ലാതെ കഴിയുന്ന ആ മിണ്ടാപ്രാണികളുടെ സങ്കടമുണ്ടോ ക്ഷേമപെന്‍ഷന്റെ വമ്പു പറയുന്ന മന്ത്രി ബാലഗോപാലന്‍ അറിയുന്നോ? ഇത് വായിക്കുന്ന ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ എങ്കിലും ഈ പോസ്റ്റ് മന്ത്രി ബാലഗോപാലന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യട്ടെ. നിങ്ങളുടെ ജനപ്രതിനിധി എങ്കിലും ഈ വിവരമറിയിക്കണം.
ഉള്ളതും പോകുന്നു :
മറ്റെല്ലാ രാജ്യങ്ങളിലുമുണ്ട് പ്രായമായവരെ സംരക്ഷിക്കുന്ന പദ്ധതികള്‍. ഇവിടെയാകട്ടെ അര്‍ഹമായ പ്രോവിഡന്‍ന്റ് ഫണ്ട് പെന്‍ഷന്‍ കൂട്ടി കിട്ടാന്‍ ലക്ഷങ്ങള്‍ അടച്ചശേഷം തുച്ഛമായ പെന്‍ഷന്‍ കൂട്ടിയതും കോടതി ഉത്തരവിന്റെ പേരില്‍ കുറക്കുന്ന പ്രോവിഡന്‍ന്റ് ഫണ്ട് മേധാവികളാണുള്ളത്. പ്രായമായവരുടെ ആരോഗ്യപരിരക്ഷക്ക് പ്രത്യേകം ആനുകൂല്യങ്ങള്‍ ഉള്ള ഹെല്‍ത്ത് കാര്‍ഡ് വീണ മന്ത്രിക്ക് നല്‍കിക്കൂടെ?മോദിയുടെ പേരില്‍ സര്‍വ്വര്‍ക്കും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് വ്യാജ കാര്‍ഡ് നല്‍കുന്ന പരിപാടിയല്ല, വര്‍ഷം ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായം നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡ് ദരിദ്രവാസികളായ വയസ്സന്മാര്‍ക്ക് മന്ത്രി വീണ നല്‍കുമോ?
ഇരിപ്പിടം തെറിക്കുന്നു :
ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരി ഇനി പ്രതിയാകും. ഇന്നലത്തെ പി.ജയരാജന്റെ തില്ലങ്കേരി പ്രസംഗത്തോടെ ആകാശിന് ആകാശത്തും ഭൂമിയിലും നില്‍ക്കാന്‍ ഇടമില്ലാതായി. അതോടൊപ്പം കോടതിയില്‍ നിന്ന് ആകാശിന് നോട്ടീസും വന്നു. ദിലീപിന്റെ എതിര്‍പ്പുകളെ എല്ലാം തള്ളി മഞ്ജുവാര്യര്‍ ദിലീപിന്റെ ശബ്ദം തിരിച്ചറിയാന്‍ ഇന്ന് കോടതിയിലെത്തി. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ രാഷ്ട്രീയക്കാര്‍ വേണ്ടെന്ന ഒറ്റപ്പാലം കാളികാവ് ക്ഷേത്ര ഭരണസമിതി സംബന്ധിച്ച കേസില്‍ വിധിയായി. ഇതോടൊപ്പം ഡി.വൈ.എഫ്‌ഐ രാഷ്ട്രീയപാര്‍ട്ടിയല്ലെന്ന വാദവും ഇന്നു കോടതി തള്ളി. ഇതോടെ ക്ഷേത്ര ഭരണസമിതിയിലെ രാഷ്ട്രീയക്കാരുടെ ഇരിപ്പിടങ്ങള്‍ തെറിച്ചു.
ഷാഫി പൊലിപ്പിക്കും :
കളമശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്നൊരു പടക്കളമായി. മേവ ജോളി എന്ന പെണ്‍കുട്ടിയെ ആണ്‍ പോലീസ് ഉദ്യോഗസ്ഥര്‍ കോളര്‍ പിടിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സമരക്കാരെ ഒരു പ്രകോപനവുമില്ലാതെ ലാത്തിച്ചാര്‍ജ് നടത്തിയ എട്ടു പേര്‍ക്ക് പരിക്കുപറ്റി. പൊലീസുകാര്‍ക്കും പരിക്കുണ്ട്. അത് ചോദിക്കാന്‍ ചെന്ന ഷാഫി പറമ്പിലിനു നേരെയും ആക്രമണമുണ്ടായി. പൊലിപ്പിക്കാന്‍ ഷാഫി മിടുക്കനല്ലേ? സ്റ്റേഷനു മുന്നില്‍ ഷാഫി കുത്തിയിരിപ്പ് സമരവും തുടങ്ങി.
റോഷിയുടെ ഓഫർ :
പശ്ചിമ കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം തീര്‍ക്കാതെ നീണ്ടുപോകുന്നു. ഇപ്പോഴും അവര്‍ക്ക് കുടിവെള്ളത്തിന് തീവില ! മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടു വീണ്ടും കുടിവെള്ളമെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അടുത്ത മാസം 8ന് മുന്‍പ് കേടായി കിടക്കുന്ന മൂന്ന് മോട്ടോറുകള്‍ നന്നാക്കി നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ ഗ്യാരന്റി. ചെല്ലാനം, ഫോര്‍ട്ടുകൊച്ചി, മരട്, നെട്ടൂര്‍ പ്രദേശക്കാരാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
വാടക ബാക്കി :
സര്‍ക്കാര്‍ ഓഫീസിനു കെട്ടിടം വാടകയ്ക്ക് നല്‍കിയാല്‍ കൃത്യമായി അത് കിട്ടുമെന്നല്ലേ എല്ലാവരും കരുതുക. എന്നാല്‍ കോഴിക്കോട് എടച്ചേരിയിലെ ശ്രീധരനു എട്ടുവര്‍ഷമായി വാടക ഒന്നും ലഭിച്ചിട്ടില്ല. ശ്രീധരന്‍ രോഗിയാണെങ്കിലും ഹൈക്കോടതി കയറിയിറങ്ങുന്നു. കൊച്ചിയില്‍ കേബിള്‍ വയര്‍ കഴുത്തില്‍ കുടുങ്ങി ഉള്ള അപകടം പിന്നെയും. മകളെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി മടങ്ങുന്ന അഡ്വ.കുര്യനാണ് ഇന്ന് കഴുത്തില്‍ കേബിള്‍ കുടുങ്ങി ബൈക്ക് മറിഞ്ഞ് കാലൊടിഞ്ഞത്. പാലക്കാട് ചിറ്റൂരില്‍ സി.പി.എമ്മുകാരും ജനതാദള്‍ പ്രവര്‍ത്തകരും ഏറ്റുമുട്ടി. പ്രതികരിക്കേണ്ടയെന്ന് ഇടത്പക്ഷ നേതാക്കള്‍.
വാല്‍ക്കഷണം : ബിരുദവിദ്യാര്‍ത്ഥിയും ഡിവൈഎഫ്‌ഐ ഏരിയ കമ്മിറ്റി പ്രസിഡണ്ടുമായ ചിന്നുവിന്റെ കല്യാണം നിശ്ചയിച്ചതായിരുന്നു. വരന്‍ ആയിരുന്നത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി അമ്പാടി ഉണ്ണി. നിശ്ചയ വിവരമറിഞ്ഞതോടെ കൂട്ടുകാരികള്‍ ഉണ്ണിയെ പറ്റി പറഞ്ഞതൊക്കെ വെറുതെ ഒന്ന് അന്വേഷിച്ചു ഞെട്ടിപ്പോയി ചിന്നു. അക്കാര്യം പറഞ്ഞു കല്യാണം ഒഴിഞ്ഞ ചിന്നുവിനെ ഉണ്ണി വെറുതെ വിട്ടില്ല. കൂട്ടുകാരുമൊത്ത് വന്നു ബൈക്ക് ഇടിച്ചു നടുറോഡില്‍ വീഴ്ത്തി. പിന്നെ സംഘം ചേര്‍ന്ന് തല്ലി. ഹെല്‍മറ്റ് കൊണ്ട് തലയില്‍ ഒരു അടിയും കിട്ടി. അപസ്മാര രോഗിയായ ചിന്നു കാലും കൈയ്യടിച്ചു വായില്‍ നിന്ന് പതയൊലിപ്പിച്ചപ്പോള്‍ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ കേസില്ല. നേതാക്കള്‍ ചിന്നുവിനോട് മിണ്ടരുതെന്നാണ് പറഞ്ഞിരിക്കുന്നത്. സംഭവം നടന്നത് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട്!
കെ.എ ഫ്രാന്‍സിസ്









