വാഷിങ്ടൻ ∙ ഖലിസ്ഥാൻ അനുകൂലികൾ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ നടത്തിയ ആക്രമണത്തെ അമേരിക്ക അപലപിച്ചു. നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയിൽ തെല്ലും വിട്ടുവീഴ്ചയില്ലെന്നും അക്രമികളെ കണ്ടെത്തി കടുത്തശിക്ഷ നൽകുമെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരെ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ബ്രിട്ടനിലെ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ത്രിവർണ പതാകകളുമായി ഇന്ത്യ ഹൗസിനു മുന്നിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. ഹൈക്കമ്മിഷനു മുന്നിൽ ഉയർത്തിയിരുന്ന ത്രിവർണ പതാക നശിപ്പിക്കാനാണ് അക്രമികൾ കഴിഞ്ഞയാഴ്ച ശ്രമിച്ചത്. അന്വേഷണം പുരോഗമിക്കുന്നതായും ഒരാളെ അറസ്റ്റ് ചെയ്തതായും മെട്രോപ്പൊലിറ്റൻ പൊലീസ് അറിയിച്ചു.
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ സറെയിലെ സ്വീകരണ പരിപാടിയിൽ ഖലിസ്ഥാൻ അനുകൂലികൾ പ്രശ്നം ഉണ്ടാക്കിയേക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ്കുമാർ വർമ പങ്കെടുത്തില്ല. സുരക്ഷാ കാരണത്താൽ പരിപാടി റദ്ദാക്കി. ഇവിടെ റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശജനായ മാധ്യമ പ്രവർത്തകൻ സമീർ കൗശലിനെ അക്രമികൾ കയ്യേറ്റം ചെയ്തു. പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു.
English Summary : US condemned Khalistan attack
About The Author
No related posts.