മോസ്കോ ∙ ക്രെംലിൻ കൊട്ടാരത്തിൽ ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങിന് ചുവന്ന പരവതാനി വിരിച്ച് വരവേൽപ്. സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയാണ് റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഷിയും തമ്മിലുള്ള ഔദ്യോഗിക ചർച്ച നടന്നത്. ചൈന മുന്നോട്ടുവച്ച 12 ഇന യുക്രെയ്ൻ സമാധാന പദ്ധതി ചർച്ച ചെയ്തെന്നാണു റിപ്പോർട്ട്. നിലവിൽ വ്യാപാര, സാങ്കേതികവിദ്യ രംഗങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറുകളുള്ളത്. ഷിയുടെ സന്ദർശനം സൈനികസഹകരണത്തിനുകൂടി വഴിതുറക്കുമോ എന്നാണ് പാശ്ചാത്യശക്തികളുടെ ആശങ്ക.
ഇതേസമയം, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാന്റെ പിന്തുണ അറിയിക്കാനായിരുന്നു സന്ദർശനം. കിഷിദയുടെ യുക്രെയ്ൻ സന്ദർശനത്തോടുളള പ്രതികരണമെന്നോണം റഷ്യയുടെ 2 യുദ്ധവിമാനങ്ങൾ ജപ്പാൻ കടലിനു മീതേ 7 മണിക്കൂർ പറന്നു. ജി7 രാഷ്ട്രനേതാക്കളിൽ ജപ്പാൻ പ്രധാനമന്ത്രി ഒഴികെ എല്ലാവരും നേരത്തേ കീവ് സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചിരുന്നു. ജി7 ഉച്ചകോടി മേയിൽ ജപ്പാനിലെ ഹിരോഷിമയിലാണു നടക്കുക.
അതിനിടെ, റഷ്യയുടെ അധീനതയിലുള്ള ക്രൈമിയ ഉപദ്വീപിലെ സൻകോയ് പട്ടണത്തിൽ ക്രൂസ് മിസൈലുകളായി പോയ റഷ്യൻ ട്രെയിൻ സ്ഫോടനത്തിൽ തകർന്നു. യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിലാണു മിസൈൽശേഖരം തകർന്നതെന്നാണു റിപ്പോർട്ട്. സ്ഫോടനം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. കടുത്ത ഏറ്റുമുട്ടൽ തുടരുന്ന കിഴക്കൻ നഗരമായ ബഹ്മുതിൽ റഷ്യൻസേനയുടെ മുന്നേറ്റം തടഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു.
English Summary : Russia Ukraine Japan trajectory
About The Author
No related posts.