നെതന്യാഹുവിനെ പുറത്താക്കാൻ ഇനി നെതന്യാഹുവിനേ കഴിയൂ; നിയമം പാസാക്കി

ടെൽ അവീവ് ∙ ജുഡീഷ്യറിയെ സർക്കാരിനു കീഴിൽ കൊണ്ടുവരുന്ന നിയമഭേദഗതികളിൽ ആദ്യത്തേത് ഇസ്രയേൽ പാർലമെന്റ് പാസാക്കി. രാജ്യത്തെ ഏകാധിപത്യത്തിലേക്കു നയിക്കുന്ന നടപടിയാണിതെന്നാരോപിച്ച് രാജ്യമെങ്ങും ആയിരങ്ങൾ തെരുവിലിറങ്ങി. പ്രധാന ഹൈവേകൾ ഉപരോധിച്ചു. ഒട്ടേറെപ്പേർ അറസ്റ്റിലായി.

അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രക്ഷപ്പെടാൻ നടത്തുന്ന നീക്കമാണിതെന്നാണ് ആരോപണം. 120 അംഗ പാർലമെന്റിൽ 61–47 വോട്ടിനു പാസാക്കിയ നിയമപ്രകാരം ആരോഗ്യ–മാനസിക കാരണങ്ങളാൽ മാത്രമേ പ്രധാനമന്ത്രിയെ അയോഗ്യനാക്കാനാവു. ഇതിനുള്ള അധികാരം സർക്കാരിനു മാത്രമായിരിക്കും.

ISRAEL-POLITICS-JUDICIARY
പ്രതിഷേധത്തിര… പാർലമെന്റ് പാസാക്കിയ നിയമഭേദഗതികളിൽ പ്രതിഷേധിച്ച് ഇസ്രയേലിലെ ടെൽ അവീവിൽ നടന്ന ഹൈവേ ഉപരോധം. ചിത്രം: എഎഫ്പി

ടെൽ അവീവിൽ ഗതാഗതം തടഞ്ഞ ആയിരക്കണക്കിനു പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജറുസലമിലും പ്രതിഷേധം നടന്നു.

കഴിഞ്ഞ നാലാഴ്ചയായി ശനിയാഴ്ച തോറും നഗരങ്ങളിൽ വൻ പ്രതിഷേധപ്രകടനങ്ങൾ നടന്നുവരികയാണ്. ഇതിൽ സൈന്യത്തിലെ റിസർവ് അംഗങ്ങളും പങ്കുചേർന്നിരുന്നു. പരിഷ്കരണനടപടികളിൽനിന്ന് പിന്നോട്ടില്ലെന്നാണു നെതന്യാഹു സർക്കാരിന്റെ നിലപാട്.

English Summary: Israel passes law shielding Netanyahu from being removed

LEAVE A REPLY

Please enter your comment!
Please enter your name here