സംഘർഷത്തിന്റെയും വെടിവയ്പിന്റെയുമൊക്കെ വാർത്തകൾ ദക്ഷിണ സുഡാനിലിരുന്ന് കേൾക്കുമ്പോൾ കാര്യമായ ഞെട്ടലുണ്ടാകാറില്ല. ഗോത്രങ്ങൾക്കിടയിലുള്ള സായുധപോരാട്ടങ്ങൾ ഇവിടെ പതിവാണ്. സുഡാനിൽ ആഭ്യന്തരയുദ്ധം തുടങ്ങിയെന്നു കേട്ടപ്പോഴും വലിയ ആശങ്കയുണ്ടായില്ല. എന്നാൽ, പരിചയക്കാരനായ സുഡാൻ സ്വദേശിയുടെ സഹോദരിക്കും കുഞ്ഞിനും തിങ്കളാഴ്ച വൈകിട്ട് വെടിയേറ്റുവെന്നറിഞ്ഞപ്പോഴാണ് ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്.
ഖാർത്തൂമിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ ചില വൈദികരെപ്പറ്റി ഓർത്തതും അപ്പോഴാണ്. അവരെ വിളിച്ചപ്പോൾ ആ നഗരത്തിന്റെ അവസ്ഥ മനസ്സിലായി. സൈനിക വിമാനങ്ങൾ ബോംബ് വർഷിക്കുന്നു, സൈന്യത്തെ എതിർക്കുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് (ആർഎസ്എഫ്) ട്രക്കുകളിലെത്തി വെടിയുതിർക്കുന്നു. മരണസംഖ്യ ഉയരുന്നു. ആശുപത്രികളിലധികവും അടച്ചതിനാൽ പരുക്കേറ്റവർക്ക് ചികിത്സ കിട്ടുന്നില്ല.

കുടിവെള്ളമില്ല, വൈദ്യുതിയില്ല, ഇന്ധനം കിട്ടാനില്ല. ശനിയാഴ്ച അടച്ച കടകളിൽ ചിലതെങ്കിലും തുറന്നത് ചൊവ്വാഴ്ച വൈകിട്ടാണ്. അവശ്യസാധനങ്ങൾ വാങ്ങാൻ ഒരുമണിക്കൂറെങ്കിലും വരി നിൽക്കേണ്ട അവസ്ഥ. നൈൽ നദിയിൽനിന്ന് ശേഖരിച്ച വെള്ളം കഴുതപ്പുറത്ത് വിതരണം ചെയ്യുന്നുണ്ട്. 25 ലീറ്ററിന് 500 സുഡാനീസ് പൗണ്ട് കൊടുക്കണം. ഇപ്പോൾ നൂറുകണക്കിനു പേർ സുരക്ഷ തേടി ഗ്രാമങ്ങളിലേക്ക് പോകുന്നു. വിമാനത്താവളവും ശനിയാഴ്ച മുതൽ അടഞ്ഞുകിടക്കുന്നു. മലയാളിയടക്കമുള്ള വൈദികർ നേതൃത്വം നൽകുന്ന സെന്റ് ജോസഫ്‌സ് ടെക്‌നിക്കൽ സ്‌കൂളിന് വ്യോമാക്രമണത്തിൽ നാശമുണ്ടായി. 450 വിദ്യാർഥികളെയും മാറ്റാൻ കഴിഞ്ഞതിനാൽ ആളപായമില്ല.
മലയാളികളടങ്ങുന്ന സന്യാസിനികൾ നടത്തുന്ന സെന്റ് ഫ്രാൻസിസ് സ്‌കൂൾ സൈന്യം കയ്യേറി. സന്യാസിനികളെ സ്‌കൂൾ പരിസരത്തുനിന്ന് ഇറക്കിവിട്ടു. നഗരത്തിലെ ഇന്ത്യക്കാർക്ക് സുരക്ഷാനിർദേശങ്ങൾ നൽകാനായി 3 വാട്‌സാപ് ഗ്രൂപ്പുകളുണ്ട്. ഏകദേശം 3500 ഇന്ത്യക്കാർ നഗരത്തിലുണ്ടെന്നാണു കണക്ക്. നഗരം പൂർണഅനിശ്ചിതത്വത്തിലാണ്. രാവിലെ നാലര മുതൽ വെടിശബ്ദം കേൾക്കാം. യുദ്ധവിമാനങ്ങളുടെ ഇരമ്പലും ഭീതിനിറയ്ക്കുന്നു. എത്രനാൾ ഈ ഭീതിയിൽ കഴിയേണ്ടിവരുമെന്നതിനും ആർക്കും ഉത്തരമില്ല.
ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെടണം
ന്യൂഡൽഹി ∙ സുഡാനിലെ ഇന്ത്യക്കാർ എല്ലാവരും ഇപ്പോഴുള്ള സ്ഥലത്തു തന്നെ തുടരണമെന്ന് ഇന്ത്യ മുന്നറിയിപ്പു നൽകി. എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും നിർദേശിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ വീടുകളിലാണ് പ്രവർത്തിക്കുന്നത്. ഏതു സമയവും അവരെ ബന്ധപ്പെടാം. സൗദി, യുഎഇ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ സജീവമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഫ്ലാറ്റിൽ നിന്ന് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ്. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
English Summary: Uncertainty in Sudan













