വാഷിങ്ടൻ ∙ മിഫെപ്രിസ്റ്റോൺ ഗർഭഛിദ്രഗുളികയുടെ വിൽപന തടഞ്ഞുള്ള ടെക്സസ് ഡിസ്ട്രിക്ട് ജഡ്ജി മാത്യു കാസ്മരെക്കിന്റെ ഉത്തരവ് യുഎസ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഗർഭഛിദ്രാവകാശം എടുത്തുകളഞ്ഞുകൊണ്ടുള്ള കഴിഞ്ഞ ജൂണിലെ ഉത്തരവ് എഴുതിയ സുപ്രീം കോടതി ജസ്റ്റിസ് സാമുവൽ അലിറ്റോ, ജസ്റ്റിസ് ക്ലാരൻസ് തോമസ് എന്നിവർ മാത്രം പ്രതികൂല അഭിപ്രായം രേഖപ്പെടുത്തി. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭരണമുള്ള സംസ്ഥാനങ്ങൾ സ്ത്രീകളുടെ ഗർഭഛിദ്രാവകാശം നിഷേധിക്കുന്നതിനെതിരെ പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റ് പാർട്ടിക്കാരനായ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബൈഡൻ ഭരണകൂടവും മരുന്നു നിർമാതാക്കളും നൽകിയ അപേക്ഷയിലാണ് ഇപ്പോഴത്തെ സ്റ്റേ.
ന്യൂ ഓർലിയൻസിലെ ഫിഫ്ത്ത് സർക്യൂട്ട് അപ്പീൽ കോടതിയിലേക്കു മടക്കിയ കേസിൽ മേയ് 17നു വാദം കേൾക്കും. അതിൽ ഉത്തരവ് വന്നതിനു ശേഷം പ്രതികൂല വിധിയുണ്ടായ കക്ഷിക്ക് അപ്പീൽ നൽകി സുപ്രീം കോടതിയിലേക്കു കേസ് തിരികെ കൊണ്ടുവരാം. അപ്പീൽ കോടതിയിലെ 16 ജഡ്ജിമാരിൽ 6 പേരെയും റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ നിയമിച്ചതാണ്.
English Summary: US supreme court temporarily blocks restrictions on abortion pill













