LIMA WORLD LIBRARY

മഴയോർമ്മകൾ… – ഉല്ലാസ് ശ്രീധർ.

മഴയോർമ്മകൾ…

അമ്പലപറമ്പിലെ ആൾക്കൂട്ടത്തിനിടയിൽ അമ്മയുടെ കൈ വിട്ട്,
അമ്മയെ കാണാതെ അലറിക്കരഞ്ഞ കുട്ടിക്ക് അമ്മയെ കണ്ടപ്പോഴുണ്ടാകുന്ന ആശ്വാസം അവർണ്ണനീയമാണ്…

പരിശുദ്ധ പ്രണയത്തിന് അമ്മയുടെ സ്നേഹത്തോളം പ്രാധാന്യമുണ്ടെന്ന് രണ്ട് ദിവസത്തിന് മുമ്പാണ് ഞാനറിഞ്ഞത്…

ബിരുദത്തിന് പഠിക്കുമ്പോൾ ഒരു മഴക്കാലത്താണ് ഞാൻ അവളോട് എൻ്റെ ഇഷ്ടം പറഞ്ഞത്…

അവളുടെ ഉടലിന്റെ ചന്തവും സുഗന്ധവും എന്നെ മത്ത് പിടിപ്പിച്ചിരുന്നു…

മൃദുലമായ സ്നേഹവും പരസ്പര ബഹുമാനവും വെച്ചു പുലർത്തിയ ഞങ്ങളുടെ പ്രണയം അത്രമേൽ മധുരതരമായിരുന്നു…

ഒരു പ്രത്യേക സാഹചര്യത്തിൽ,
ഞങ്ങളുടേതല്ലാത്ത കാരണത്താൽ ഞങ്ങൾക്ക് ഞങ്ങളെ നഷ്ടപ്പെട്ടു…

നീണ്ട 28 വർഷങ്ങൾ…

ഞങ്ങൾക്ക് കാണാനോ മിണ്ടാനോ കഴിഞ്ഞില്ല…

ഓർമ്മകളാകുന്ന വേനലിൽ വെയിൽ കൊണ്ടും കാട്ടുതീ കൊണ്ടും വരണ്ടു വെന്ത മനസിൽ വേനൽമഴ പോലെ രണ്ട് ദിവസത്തിന് മുമ്പ് അവളെന്നെ വിളിച്ചു…

‘ഹലോ…’ എന്ന ഒറ്റ വിളിയിൽ 28 വർഷങ്ങൾക്ക് ശേഷവും ഞാനവളെ തിരിച്ചറിഞ്ഞു…

ഏറെ നേരം സംസാരിച്ചു…

മഴനീർക്കണത്തിൻ്റെ കുളിരേകുന്ന ഇളം തെന്നൽ പോലെ അവളുടെ ആ ശബ്ദം എൻ്റെ കാതുകളിൽ സംഗീതമായി ഒഴുകി…

എന്നാലും…,

അവളുടെ വാക്കുകളിൽ തേങ്ങുന്ന ആത്മദു:ഖത്തിന്റെ അലയാഴികളുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു…

സൗന്ദര്യാനുഭൂതിയും സഹാനുഭൂതിയും തിരയടിക്കുന്ന വിങ്ങലോടെ,വെമ്പലോടെ ഞാനവളുടെ ഫോട്ടോ കാണാൻ കഴിയുമോ എന്ന് ചോദിച്ചു…

ഫോട്ടോ കണ്ടു…

എന്തെന്ത് കാരണങ്ങളാലാണോ 28 വർഷങ്ങൾക്ക് മുമ്പ് ഞാൻ അവളെ ഇഷ്ടപ്പെട്ടത് അതെല്ലാം ഇന്നും ഞാൻ അവളിൽ കണ്ടു…

പാറിപ്പറക്കാതെ കാച്ചെണ്ണ തേച്ച തലമുടി,
ഈറൻ മാറാത്ത മുടിയുടെ തുമ്പിൽ മുല്ലപ്പൂ,
ഉച്ചിയിൽ രാസ്നാദി പൊടി,
നെറ്റിയിൽ ചന്ദനക്കുറി,
ചുണ്ടുകളിൽ സദാ വിരിയുന്ന പുഞ്ചിരി…

അന്ന് തിളങ്ങിയിരുന്ന കണ്ണുകളിൽ ഇന്ന് കടലോളം കണ്ണീരുള്ളത് മാത്രമാണ് മാറ്റം…

മലയാള മണ്ണിനെയാകെ വരണ്ട് വറുത്തെടുത്ത ചൂട് പുതഞ്ഞ പകലുകൾക്കറുതി വരുത്തി പെയ്ത വേനൽമഴയിൽ തന്നെ 28 വർഷങ്ങൾക്ക് ശേഷം പഴയ കൂട്ടുകാരിയെ കിട്ടിയപ്പോൾ സന്തോഷം തോന്നി…

ഉമിത്തീ പോലെ നീറിപ്പിടിച്ചിരുന്ന ഓർമ്മകൾക്ക് മുകളിൽ
മഴ തൂകാൻ തുടങ്ങിയിരിക്കുന്നു…

ചെറിയ കാറ്റുമുണ്ട്…

മനസാകെ
ശീതളം, കോമളം, ശാന്തം,ഗംഭീരം…

__ഉല്ലാസ് ശ്രീധർ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px