ഹൂസ്റ്റൺ ∙ യുഎസിലെ ടെക്സസ് സംസ്ഥാനത്തു വീണ്ടും വെടിവയ്പ്; അക്രമി ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. ഏഴു പേർക്കു പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടു ഡാലസിലുള്ള അലനിലെ തിരക്കേറിയ ഷോപ്പിങ് മാളിൽ എത്തിയ ആളാണു വെടിവയ്പു നടത്തിയത്. 7 പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. കഴിഞ്ഞയാഴ്ച ടെക്സസിലെ ക്ലീവ്‍ലൻഡിൽ അയൽവീട്ടിലെ 5 പേരെ ഒരാൾ വെടിവച്ചുകൊന്നതിനു പിന്നാലെയാണു ഡാലസിലെ കൂട്ടക്കൊല.
തോക്കുപയോഗിച്ചുള്ള അക്രമങ്ങളിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള യുഎസ് ആഴ്ചയിൽ കുറഞ്ഞത് ഒരു വെടിവയ്പെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎസിൽ ഈ വർഷമുണ്ടായ 200–ാമത്തെ വെടിവയ്പാണു ടെക്സസിലേതെന്നാണു കണക്ക്. ശനിയാഴ്ചതന്നെ ഉത്തര കലിഫോർണിയയിലെ ചിക്കോയിൽ വിരുന്നിടെ നടന്ന വെടിവയ്പിൽ പതിനേഴുകാരി കൊല്ലപ്പെട്ടു, 5 പേർക്കു പരുക്കേറ്റു. ഒഹായോയിലെ കൊളംബസിൽ നടന്ന വെടിവയ്പിലും ഒട്ടേറെപേർക്കു പരുക്കേറ്റു.
100 പേർക്ക് 120 തോക്ക് എന്ന നിരക്കിലാണ് യുഎസിലെ തോക്കുടമസ്ഥത കണക്കുകളെന്ന് ജനീവ ആസ്ഥാനമായ ‘സ്മോൾ ആംസ് സർവേ’ പറയുന്നു. തോക്കുപയോഗസ്വാതന്ത്ര്യത്തിനു വാദിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരൻ ഗ്രഗ് ആബട്ട് ഗവർണറായുള്ള ടെക്സസിൽ തോക്കു കൈവശം വയ്ക്കുന്നതിൽ നിയമതടസ്സമില്ല. കഴിഞ്ഞ വർഷം മേയ് 24നു ടെക്സസിലെ റോബ് എലമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ 19 കുട്ടികൾ അടക്കം 21 പേരാണു കൊല്ലപ്പെട്ടത്.
English Summary: At Least 9 Dead In Shooting At US Mall, Gunman Killed By Police
About The Author
No related posts.