വെറും സുവർണ നിമിഷമല്ല, സുവർണകിരീടം വച്ച നിമിഷം. ഈ നൂറ്റാണ്ടിൽ ആദ്യമായി ബ്രിട്ടനിൽ ഒരു രാജാവ് കിരീടം ധരിച്ച് യുണൈറ്റഡ് കിങ്ഡത്തിന്റെയും 14 കോമൺവെൽത്ത് മേഖലകളുടെയും രാജാവായ നിമിഷം. ചാൾസ് മൂന്നാമനും കാമില രാജ്ഞിയും ബക്കിങ്ങാം കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് അഭിവാദ്യം ചെയ്തപ്പോൾ വരെ നീണ്ട ആഘോഷനിമിഷം.
കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ ‘ഗോഡ് സേവ് ദ് കിങ്’ പ്രഖ്യാപനം വെസ്റ്റ്മിൻസ്റ്റർ ആബി കത്തീഡ്രലിൽനിന്ന് ഒരു കാറ്റായി വീശി. പുറത്ത് രാജവീഥിക്ക് ഇരുവശം മാത്രമല്ല രാജ്യം മുഴുവൻ ആർത്തുവിളിച്ചു: ‘ഗോഡ് സേവ് ദ് കിങ്’. 13 ഇടങ്ങളിൽ ആചാരവെടി മുഴങ്ങി.
വലിയ സ്ക്രീനുകളിൽ തൽസമയ സംപ്രേഷണം കണ്ടിരുന്ന ജനം കയ്യടിച്ച് ആർത്തുവിളിച്ചു. ബക്കിങ്ങാം കൊട്ടാരത്തിൽനിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കുള്ള വഴിയിൽ സ്കോട്സ് ഗാർഡുകൾ ബാൻഡ് മേളവുമായി പരേഡ് നടത്തി. 70 വർഷം മുൻപ് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ദിവസത്തേതുപോലെ മഴയും ദിവസത്തെ ആഘോഷമാക്കി. തെല്ലൊന്നു നിറംകെടുത്തുകയും ചെയ്തു. വിശാലമായി പദ്ധതിയിട്ടിരുന്ന വിമാനങ്ങളുടെ ആകാശ പ്രകടനം നാമമാത്രമായാണ് നടത്തിയത്.
ചാൾസ് രാജാവിന്റെ മൂത്ത മകനും കിരീടാവകാശിയുമായ വില്യം രാജകുമാരൻ വെസ്റ്റ്മിൻസ്റ്ററിലെ ചടങ്ങിൽ ഭാര്യ കെയ്റ്റിനും മക്കൾക്കുമൊപ്പം മുൻനിരയിലായിരുന്നു. ഇടഞ്ഞുനിൽക്കുന്ന ഇളയമകൻ ഹാരി രാജകുമാരന് ചടങ്ങുകളിൽ ഔപചാരിക പങ്കാളിത്തമൊന്നുമില്ലായിരുന്നു. വിവാദവാർത്തകളിലിടം പിടിച്ച പിതൃസഹോദരൻ ആൻഡ്രൂ രാജകുമാരനൊപ്പം കാഴ്ചക്കാരനായി മൂന്നാം നിരയിലായിരുന്നു ഇരിപ്പിടം.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, യുഎസ് പ്രഥമവനിത ജിൽ ബൈഡൻ, ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, നെതർലൻഡ്സ് രാജാവ് വിലെം അലക്സാണ്ടർ, ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം, വിക്ടോറിയ ബെക്കാം, ഗായകരായ കെയ്റ്റി പെറി, ലയണൽ റിച്ചി, നടി സോനം കപൂർ എന്നിങ്ങനെ 2200 പേരാണു കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത്.
(ബെംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ ചെയർമാനാണ് ഡോ. ഐസക് മത്തായി നൂറനാൽ. സൗഖ്യയിൽ ചികിത്സയ്ക്കെത്താറുള്ള ചാൾസ് രാജാവിന്റെയും കാമിലയുടെയും ക്ഷണപ്രകാരം കിരീടധാരണച്ചടങ്ങിൽ പങ്കെടുത്തു)
Content Highlights: King Charles III crowned, King Charles III, Coronation of King Charles III
About The Author
No related posts.