സ്കൂൾ യുവജനോത്സവവും സദ്യയുമായിരുന്നുവല്ലോ കാലികമായ ചർച്ചാവിഷയം. വൈകാരിക തലത്തിൽ വരെ ചർച്ചകൾ നീണ്ടു. ചർച്ചയുടെ ഫലപ്രാപ്തിയല്ല ഇവിടെ വിഷയം.
സദ്യയെ കുറിച്ച് നടന്ന ചർച്ചയെക്കാൾ പ്രാധാന്യത്തോടെ പൊതുജനം അറിയേണ്ട മറ്റൊരു കാര്യമുണ്ട്. ഭക്ഷണം (സദ്യ) ഉണ്ടാക്കുന്നവരുടെയും വിളമ്പുന്നവരുടെയും ആരോഗ്യം. അവർ ഏതെങ്കിലും പകർച്ചവ്യാധികൾ ബാധിച്ചവരാണോ ? വേണ്ട പ്രതിരോധ കുത്തിവയ്പുകൾ എടുത്തിട്ടുണ്ടോ എന്ന് എത്ര സംഘാടകർ ശ്രദ്ധിക്കുന്നു ? സദ്യകളുടെ കാര്യത്തിൽ മാത്രമല്ല ഹോട്ടലുകൾ ഉൾപ്പെടെ ഏതു പൊതു ഭക്ഷ്യയിടത്തിലും ഇക്കാര്യത്തിൽ ശ്രദ്ധ വേണ്ടതാണ്.
ഇത്തരം ഭക്ഷണം കഴിച്ച് മാരകമായ രോഗങ്ങൾ ഉണ്ടായവർ അനവധി. വലിയ ശമ്പളമുള്ള വിദേശ ജോലി കിട്ടിയിട്ടും പോകാനാവാതെ സങ്കടപ്പെടുന്നവരും ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നവരും ഒട്ടനവധി. നിങ്ങളുടെ അനുഭവത്തിലോ പരിചയത്തിലോ ഇത്തരക്കാർ ഉണ്ടാവാം.
അത്തരമൊരു ഭക്ഷണം കഴിച്ച് ഒരുപക്ഷേ ഏതാനും വർഷം കഴിഞ്ഞിട്ടാവും നിങ്ങൾ മാരകമായ രോഗത്തിന്റ പിടിയിലാണെന്ന് തിരിച്ചറിയുന്നത്. അതിനെതിരെ എന്തെങ്കിലും ചെയ്യേണ്ട സമയവും കടന്നു പോയിരിക്കും.
ആരോഗ്യത്തിനും വിശപ്പിനുമാണ് പ്രഥമ പരിഗണന നൽകേണ്ടത്. കാര്യങ്ങൾ ബോധ്യമാകുമ്പോൾ താൻ വൈകിപ്പോയി എന്ന് തോന്നരുത്.
അനാരോഗ്യം മൂലം ഒന്ന് കാലിടറുമ്പോൾ ഒരു മാത്ര തിരിഞ്ഞു നോക്കുക. പിന്നിൽ എത്ര പേരുണ്ട്? ഉള്ളവർ എത്രകാലം? കൊട്ടിഘോഷിച്ച ആവേശം എവിടെ പോയി? അനുഭവസ്ഥർ പറയും ബാക്കി വിശേഷങ്ങൾ?
ഈ വിഷയത്തിൽ ഗൗരവമായ ചർച്ചകൾ വേണ്ടതാണ്.










