ജോണ്‍ എബ്രഹാം തന്റെ സര്‍ഗ്ഗാത്മക ദേശാടനം ഇന്നും തുടരുകയാണ്…
മരിച്ചിട്ട് ഇന്നേക്ക് മുപ്പത്തിയാറു വര്‍ഷങ്ങളാകുമ്പോഴും ആ പ്രതിഭ നമ്മെ നോക്കി കലഹിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു.
അതെ, ഇങ്ങിനെയുള്ള മരണങ്ങളുറപ്പിക്കാന്‍ നിലച്ച നാഡീമിടിപ്പുകള്‍ക്കാവില്ലല്ലോ. .
ജനങ്ങളുടെ ഹൃദയമിടിപ്പില്‍ അവര്‍ തുടിച്ചു കൊണ്ടിരിക്കും.
1987 മെയ് 31 നാണ് കോഴിക്കോട്ടെ ഓയാസീസ് ബില്‍ഡിങ്ങിന്റെ ടെറസില്‍ നിന്ന് വീണ് ജോണ്‍ അന്‍പതാമത്തെ വയസ്സിൽ അപ്രത്യക്ഷനാകുന്നത്.
1937 ആഗസ്റ്റ് 11 ന് കായങ്കുളത്ത് ചേന്നങ്കരിയില്‍ ജനിച്ച ജോണ്‍ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം ചലച്ചിത്ര പഠനം തിരഞ്ഞെടുക്കുകയായിരുന്നു.
കുട്ടനാട്ടിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റൺ സ്‌കൂളിലും എം.ഡി. സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു.
തിരുവല്ല മാർത്തോമ കോളേജിൽനിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.
ദർവാസ് യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്ര മീമാംസയിൽ ബിരുദാനന്തരബിരുദത്തിന് ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല.
1962-ൽ കോയമ്പത്തൂരിലെ എൽ.ഐ.സി ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തു.
എന്നാൽ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വർഷത്തിന് ശേഷം ജോലി രാജി വച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സംവിധാനത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി പഠിച്ചിറങ്ങിയ ജോണിന്റെ നീണ്ട യാത്രകള്‍ എത്തിച്ചേര്‍ന്നത് ജനങ്ങളുടെ ഇടയിലായിരുന്നു.
വിപ്ളവകാരികളോടും സൈദ്ധാന്തികരോടും സംവദിച്ചും കലഹിച്ചും ലഹരിയുടെ താഴ് വാരങ്ങളിലലഞ്ഞും തെരുവിലെ ജനങ്ങളെ ഭ്രാന്തമായ് സ്നേഹിച്ചും തന്റെ കലാവിഷ്കാരങ്ങളുടെ ജനകീയതക്കു വേണ്ടി അദ്ദേഹം അലഞ്ഞു കൊണ്ടിരുന്നു .
1972 ല്‍ പുറത്തിറക്കിയ ‘വിദ്യാര്‍ത്ഥികളേ ഇതിലേ..ഇതിലേ..’
ആയിരുന്നു സ്വതന്ത്രമായ് ചെയ്ത ആദ്യ സിനിമ.
അതിന് മുന്‍പ് ബംഗാളി സംവിധായകരായ ഋത്വിക് ഘട്ടകിന്റേയും മണികൗളിന്റേയും സഹായിയായ് പ്രവര്‍ത്തിച്ചു.
1977ലെ ‘അഗ്രഹാരത്തിലെ കഴുതൈ’ എന്ന തമിഴ് സിനിമ ബ്രാഹ്മണ്ണ്യബോധത്തിന്റെ അഗ്രഹാരങ്ങള്‍ക്കു മുന്നിലൂടെ ആക്ഷേപഹാസ്യത്തോടെ വെല്ലുവിളിച്ച ചലച്ചിത്രമായിരുന്നു.
കഴുത കേന്ദ്രകഥാപാത്രമാകുന്ന ഈ സിനിമക് നിരവധി പുരസ്കാരങ്ങളും ലഭിച്ചു.
‘ചെറിയാച്ഛന്റെ ക്രൂരകൃത്യങ്ങള്‍ ‘(1979) എന്ന മലയാള സിനിമയും ജോണിന്റേതായുണ്ട്.
1986 ലാണ് ‘അമ്മ അറിയാന്‍’ എന്ന ജനകീയ സിനിമ പുറത്തിറങ്ങുന്നത്.
വിപ്ളവ ക്യാമ്പുകളുടെ ഊര്‍ജ്ജത്തില്‍ സജ്ജമായ ‘ഒഡേസ’യും ഇതിനോടൊപ്പം ചലിച്ചു.
അകാലത്ത് ‘ഒഡേസ’ നല്ല സിനിമകള്‍ ജനങ്ങളിലെത്തിക്കുക എന്ന് ലക്ഷ്യം വെച്ച് ജനങ്ങള്‍ക്കിടയില്‍ ചലച്ചിത്രപ്രദര്‍ശനങ്ങള്‍ നടത്തികൊണ്ടിരുന്നു.
അങ്ങിനെയാണ് ഒരു സിനിമ ജനകീയ പങ്കാളിത്തത്തോടെ ആവിഷ്കരിക്കണമെന്ന ആശയം ഉയര്‍ന്നത്.
അത് ജോണ്‍ യാഥാര്‍ത്ഥ്യമാക്കി.
സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ച് ജോണിന് വ്യക്തമായ കാഴ്ചപാടുണ്ടായിരുന്നു.
ഫ്രഞ്ച് ന്യൂവേവ് സിനിമയുടെ വക്താവും നിരൂപകനുമായിരുന്ന അന്ദ്രേബസിനാണ് സിനിമയുടെ മൂലധന രാഷ്ട്രീയത്തെക്കുറിച്ച് എഴുതിയിരുന്നത്.
സിനിമയുടെ ശാപമാണ് മൂലധനമെന്ന് ബസീന്‍ നിരീക്ഷിച്ചു. സിനിമ നിര്‍മ്മിക്കാന്‍ വലിയ സാമ്പത്തികം ചിലവഴിക്കേണ്ടതുള്ളത് കൊണ്ട് മൂലധനത്തിന്റെ താല്‍പര്യങ്ങളെ അതിജീവിക്കാന്‍ സിനിമക്ക് ഒരിക്കലും കഴിയില്ലയെന്ന് അന്ദ്രേബസീന്‍ ഉറച്ചുവിശ്വസിച്ചു.
ഈ നിരീക്ഷണമാണ് ജോണും ഒഡേസയും ജനങ്ങളും ചേര്‍ന്ന് തകര്‍ത്ത് കളഞ്ഞ് ജനകീയ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ അലകളുയര്‍ത്തിയത്.
അങ്ങിനെ ലോകത്തിലെ ആദ്യത്തെ ജനകീയ സിനിമ ‘അമ്മ അറിയാന്‍’
ഇവിടെ സാധ്യമായി.
ജനകീയ കലാവിഷ്കാരങ്ങളുണ്ടാക്കാനുള്ള യാത്രകളില്‍ അദ്ദേഹം ഫോര്‍ട്ടുകൊച്ചി കേന്ദ്രീകരിച്ച് തയ്യാറാക്കിയ മറ്റൊരു ജനകീയ ആവിഷ്കാരമാണ് ‘നായ്കളി ‘ നാടകം.
നക്സലൈറ്റു പ്രസ്ഥാനത്തിന്റെ മുന്‍കൈയില്‍ രൂപം കൊണ്ട സാംസ്കാരിക വേദിയിലൂടെയാണ് നിലക്കല്‍ നടന്ന വര്‍ഗ്ഗീയസമരത്തിന്റെ പശ്ചാത്തലത്തിൽ നായ്കളി നാടകമുണ്ടാകുന്നത്.
‘ചെന്നായ്ക്കൾ അഥവാ പട്ടിണിമരണം’
എന്നൊരു നാടകവും ജോണിന്റേതായുണ്ട്.
സക്കറിയ തിരകഥ എഴുതിയ ‘ജോസഫ് ഒരു പുരോഹിതന്‍’,
ടി.ആറിന്റെ ‘നന്മയില്‍ ഗോപാലന്‍’, ജോണ്‍ തിരകഥ എഴുതിയ ‘കയ്യൂര്‍ ഗാഥ’ എന്നിവ അപ്രത്യക്ഷനായ ജോണിനെ പോലെതന്നെ നമുക് കാണാന്‍ കഴിയാതെ പോയ ജോണിന്റെ സിനിമ ശ്രമങ്ങളാണ്.
തന്റെ കാഴ്ചകളെ ചെറു കഥകളാക്കിയും ജോണ്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
‘കോട്ടയത്തെത്ര മത്തായിമാരുണ്ട്..’ എന്ന കഥ ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട് .
കോഴിയും കരയിപ്പിക്കുന്ന ഉള്ളിയുമെല്ലാം ജോണിന്റെ കഥകള്‍ക് വിഭവങ്ങളായ്.
‘നേര്‍ച്ചകോഴി’ (1986),
ജോണ്‍ എബ്രഹാം കഥകള്‍ (1993) എന്നീ പേരുകളില്‍ സമാഹാരങ്ങളിറങ്ങിയിട്ടുണ്ട്.
ഇന്ന് ജോണ്‍ എബ്രഹാമിന്റെ അനുസ്മരണദിനത്തിൽ നമുക്കും ജോണിന്റെ ഈ വാക്കുകളിലൂടെ ജനകീയ കലാ പ്രവര്‍ത്തനങ്ങള്‍ തുടരാം…
“ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട്.”
”ജനങ്ങളുടെ ചൂടും ചൂരുമാണ് എന്റെ
സിനിമ ..”
–ജോൺ എബ്രഹാം









