റിയാദ്: പുതിയ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കാന്‍ സൗദി അറേബ്യ. റിയാദ് എയര്‍ എന്ന പുതിയ വിമാനങ്ങള്‍ ഇന്ന് ആകാശത്ത് വട്ടമിടും. റിയാദില്‍ വിമാനങ്ങള്‍ താഴ്ത്തി പറത്തിയാണ് കമ്പനി ജനശ്രദ്ധയാര്‍കര്‍ഷിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് റിയാദില്‍ വിമാനം പറക്കുക എന്ന് റിയാദ് എയര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. എല്ലാവരും കാണണമെന്നും കമ്പനി അഭ്യര്‍ഥിച്ചു.
വലിയ പ്രതീക്ഷയിലാണ് സൗദി അറേബ്യ പുതിയ വിമാന കമ്പനിക്ക് തുടക്കമിട്ടിരിക്കുന്നത്. റിയാദ് എയര്‍ എന്ന കമ്പനിയുടെ വിമാനങ്ങള്‍ക്ക് നീല-പര്‍പ്പിള്‍ നിറമാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് റിയാദിലെ മൂന്ന് പ്രധാന മേഖലകളിലൂടെ റിയാദ് എയര്‍ വിമാനം കടന്നുപോകും. കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, കിങ്ഡം ടവര്‍, അല്‍ ഫൈസലിയ്യ ടവര്‍ എന്നിവിടങ്ങളിലാണ് താഴ്ന്ന് പറക്കുക.
ബോയിങ് 787 വിമാനമാണ് റിയാദ് എയര്‍ വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചിലാണ് കമ്പനി രൂപീകരണം സംബന്ധിച്ച് കിരീടവകാശി മുഹമ്മദ് സല്‍മാന്‍ പ്രഖ്യാപനം നടത്തിയത്. ലോകത്തെ പ്രധാന വ്യോമ കേന്ദ്രമായി സൗദിയെ മാറ്റുകയാണ് ലക്ഷ്യം. 2000 കോടി ഡോളര്‍ വാര്‍ഷിക വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഒപ്പം നേരിട്ടും അല്ലാതെയുമുള്ള രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങളും.
Credits :













