LIMA WORLD LIBRARY

ബിപാര്‍ജോയ് ആശങ്കയൊഴിഞ്ഞ് ഗുജറാത്ത്, വൈദ്യുതി മുടക്കം പ്രധാന വെല്ലുവിളി; വ്യോമ നിരീക്ഷണത്തിന് അമിത് ഷാ

cyclone biporjoy in Gujarat: ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഗുജറാത്തിലെ ഭുജില്‍ എത്തും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം അദ്ദേഹം ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ ഏരിയല്‍ സര്‍വേ നടത്തും. പിന്നാലെ ഭുജില്‍ അവലോകന യോഗവും വിളിച്ചിട്ടുണ്ട്. രണ്ട് മന്ത്രിമാരും കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ നിന്ന് നടത്തിയ നിരീക്ഷണവും യോഗത്തില്‍ വിലയിരുത്തും.

ജീവന്‍ നഷ്ടപ്പെട്ടില്ല, പക്ഷേ വൈദ്യുതി മുടക്കം, റോഡുകള്‍ തകര്‍ന്നു

കച്ച്, സൗരാഷ്ട്ര മേഖലകളില്‍ നാശം വിതച്ച ബിപാര്‍ജോയ് ചുഴലിക്കാറ്റ് ദുര്‍ബലമായി തെക്കന്‍ രാജസ്ഥാനിലേക്ക് വെള്ളിയാഴ്ച നീങ്ങിയിരുന്നു. 1,000 ഗ്രാമങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുക, വീണ മരങ്ങള്‍ വെട്ടിമാറ്റുക തുടങ്ങിയ അടിയന്തര വെല്ലുവിളി നേരിടുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. എന്നാല്‍ ചുഴലിക്കാറ്റില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുന്‍കൂര്‍ ആസൂത്രണവും ഒരു ലക്ഷത്തിലധികം ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചതും സംസ്ഥാനത്ത് ‘സീറോ ക്യാഷ്വാലിറ്റി’ കൈവരിക്കാന്‍ സഹായിച്ചതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍, മോര്‍ബി, ജുനഗഡ്, ഗിര്‍ സോമനാഥ്, രാജ്കോട്ട്, പോര്‍ബന്തര്‍ എന്നീ ജില്ലകളിലായി 1,127 സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വനംവകുപ്പ് സംഘങ്ങള്‍ റോഡുകളില്‍ വീണ 581 മരങ്ങള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തീരപ്രദേശങ്ങളില്‍ നിന്ന് താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറിയ 1,09,000 പേരില്‍ 10,918 കുട്ടികളും 5,070 മുതിര്‍ന്ന പൗരന്മാരും 1,152 ഗര്‍ഭിണികളുമുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം 6:30 ഓടെ ജഖൗവിനടുത്തുള്ള സൗരാഷ്ട്ര-കച്ച് തീരത്ത് വെച്ച് ചുഴലിക്കാറ്റ് കരതൊട്ടു. നിര്‍ത്താതെയുള്ള മഴയും കാറ്റിന്റെ വേഗത മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ ഉയര്‍ന്നതും ആശങ്ക് വിതച്ചു. കച്ചിന്റെ പല ഭാഗങ്ങളും സൗരാഷ്ട്ര മേഖലയിലെ ദേവഭൂമി ദ്വാരക, ജാംനഗര്‍, രാജ്കോട്ട്, മോര്‍ബി ജില്ലകളും ശക്തമായ കാറ്റിനൊപ്പം പെയ്ത 100-185 മില്ലിമീറ്റര്‍ വരെയുള്ള കനത്ത മഴയില്‍ തകര്‍ന്നു. ജാംനഗര്‍, കച്ച്, ദേവഭൂമി ദ്വാരക, രാജ്കോട്ട്, മോര്‍ബി എന്നിവയുടെ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ കനത്ത മഴ ലഭിച്ചതായി എസ്ഇഒസി നല്‍കിയ ഡാറ്റയും കാണിക്കുന്നു. അതേസമയം സംസ്ഥാനത്തെ 175 താലൂക്കുകളില്‍ പകല്‍ സമയത്ത് ചെറിയ തോതില്‍ മഴ ലഭിച്ചിരുന്നു.

കൊടുങ്കാറ്റില്‍ 5,120 വൈദ്യുത തൂണുകള്‍ തകര്‍ന്നതോടെ സംസ്ഥാന പവര്‍ യൂട്ടിലിറ്റിയായ പസ്ചിം ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡിന് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായി ദുരിതാശ്വാസ കമ്മീഷണര്‍ പാണ്ഡെ പറഞ്ഞു. 4,600 ഗ്രാമങ്ങളില്‍ വൈദ്യുതി മുടങ്ങിയെങ്കിലും 3,580 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 23 പേര്‍ക്ക് പരിക്കേറ്റതായും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.

ചുഴലിക്കാറ്റ് ഇപ്പോള്‍ തെക്കന്‍ രാജസ്ഥാനിലേക്കാണ് നീങ്ങുന്നത്. കനത്ത മഴ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചേക്കാമെന്നതിനാല്‍ എന്‍ഡിആര്‍എഫ് ഇതിനകം തന്നെ ജലോറില്‍ ഒരു ടീമിനെ വിന്യസിച്ചിട്ടുണ്ട്.

Credits:

  • https://malayalam.indiatoday.in/  
  • https://www.livemint.com/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px