ദുബായ്: മാര്‍വല്‍ കോമിക്‌സിന്റെ സ്‌പൈര്‍ഡര്‍മാന്‍ ചിത്രങ്ങള്‍ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രധാന ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു സൗദി അറേബ്യയും, യുഎഇയും അടക്കമുള്ള രാജ്യങ്ങള്‍. ഈ തീരുമാനം പലരെയും ഞെട്ടിച്ചിരുന്നു.
പക്ഷേ അടുത്തിടെ ഉള്ളടക്കത്തിന്റെ പ്രശ്‌നത്തിന്റെ പേരില്‍ മാര്‍വല്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഉണ്ടാവാറുണ്ട്. എന്നാല്‍ സ്‌പൈഡര്‍മാന്‍ ചിത്രം എന്തിനാണ് നിരോധിച്ചത്. അത്തരം ഉള്ളടക്കം ചിത്രത്തിലുണ്ടോ? എന്താണ് സ്‌പൈഡര്‍മാന്‍ ചിത്രത്തിന്റെ നിരോധനത്തിന്റെ കാരണം എന്ന് പരിശോധിക്കാം.
യുഎഇ, സൗദി അറേബ്യ, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരെല്ലാം ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 22നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. സ്‌പൈഡര്‍മാന്‍-ഇന്‍ടു സ്‌പൈഡര്‍ വേഴ്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്
യുഎഇയിലെയും, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും സെന്‍സര്‍ഷിപ്പ് നടപടികളില്‍ സ്‌പൈഡര്‍മാന്‍ പരാജയപ്പെട്ടു എന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയില്‍, ഓഡിയോ വിഷ്വല്‍ ജനറല്‍ കമ്മീഷനുകളാണ് തിയേറ്ററുകളെ നിയന്ത്രിക്കുന്നത്. ഉള്ളടക്കത്തില്‍ പ്രശ്‌നങ്ങളുള്ള ചിത്രങ്ങളെ ഇവര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് വിലക്കാറുണ്ട്. സ്‌പൈഡര്‍മാന്‍ ചിത്രത്തിന്റെ ഉള്ളടക്കം, പ്രദര്‍ശനാനുമതി നല്‍കാതിരിക്കാനുള്ള പ്രധാന കാരണമായി മാറുകയായിരുന്നു. എന്നാല്‍ കൃത്യമായ കാരണം സൗദി അറേബ്യ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഇക്കാര്യത്തില്‍ കൃത്യമായ മറുപടി തന്നിട്ടില്ല.
ചിത്രത്തില്‍ ട്രാന്‍സ് ഫ്‌ളാഗിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ചിത്രത്തെ നിരോധിക്കാന്‍ കാരണമെന്നാണ് സൂചന. ഗ്വെന്‍ സ്റ്റേസി എന്ന കഥാപാത്രം സ്വവര്‍ഗാനുരാഗിയാണെന്ന് കരുത്തുന്നവരുണ്ട്. സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ ഇക്കാര്യം ചര്‍ച്ചയാക്കിയിരുന്നു. ഗ്വെന്‍ സ്റ്റേസിയുടെ ടീനേജ് കാലഘട്ടമാണ് ചിത്രത്തില്‍ കാണിക്കുന്നത്. സ്വന്തം വ്യക്തിത്വത്തിന് വേണ്ടിയും ഈ കഥാപാത്രം പിതാവിനോട് അടക്കം പോരാടുന്നുണ്ട്. ചിത്രത്തിലെ ഒരു സീനില്‍ ട്രാന്‍സ് പതാക ചുവരില്‍ തൂങ്ങി കിടക്കുന്നത് കാണിക്കുന്നുണ്ട്. അതില്‍ ട്രാന്‍സ് കുട്ടികളെ സംരക്ഷിക്കുക എന്നും എഴുതി വെച്ചിട്ടുണ്ട്. ഇത് സൗദിയില്‍ അനുമതി ലഭിക്കാതിരിക്കാന്‍ കാരണമായിട്ടുണ്ടാവാം എന്നാണ് സൂചന.
എല്‍ജിബിടിക്യൂ വിഷയം വരുന്നത് കൊണ്ട് നേരത്തെയും പല ചിത്രങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിരോധിച്ചിരുന്നു. മാര്‍വലിന്റെ തന്നെ എറ്റേണല്‍സിനും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ നിരോധനം വന്നിട്ടും, ഈ സീനുകള്‍ ഒന്നും മാറ്റില്ലെന്ന നിലപാടാണ് മാര്‍വല്‍ സ്വീകരിച്ചത്.
സ്‌പൈഡര്‍മാനില്‍ ഗ്വെന്‍ സ്റ്റേസി ട്രാന്‍സ് കഥാപാത്രമാണെന്ന് എവിടെയും പറയുന്നില്ല. പക്ഷേ ഈ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന വ്യക്തിത്വം ട്രാന്‍സുമായി ചേര്‍ന്നുപോകുന്നതാണ്. സ്വന്തം പിതാവിനോട് തന്റെ വ്യക്തിത്വത്തെ കുറിച്ച് സംസാരിക്കുന്ന ഭാഗങ്ങളൊക്കെ അത്തരം സന്ദേശം നല്‍കുന്നതാണ്. അതേസമയം ചിത്രത്തിന് മൂന്നാമതൊരു ഭാഗം കൂടി വരുന്നുണ്ട്. 2024 മാര്‍ച്ച് 29നാണ് ആ ചിത്രം റിലീസ് ചെയ്യുക.
Credits: https://malayalam.oneindia.com/













