അറിവിന്റെ ഒരായിരം നക്ഷത്ര ദീപങ്ങൾ തെളിഞ്ഞാലെന്നപോലെ പ്രകാശം പകരുന്ന , ഊർജം നിറയ്ക്കുന്ന ഒന്നാണ് വായന.വായനയുടെ മൗനത്തിൽ നാം എവിടെയെല്ലാം സഞ്ചരിക്കുന്നു! ആരെയെല്ലാം കണ്ടുമുട്ടുന്നു!എത്രയോ പേരെ ഇഷ്ടപ്പെടുന്നു! ആരൊക്കെയോ ആകാൻ ശ്രമിക്കുന്നു! എങ്ങനെയൊക്കെ ആകരുതെന്ന് പഠിക്കുന്നു! ഒരു ജന്മത്തിൽ തന്നെ, നിരവധി ജന്മങ്ങളെ സൃഷ്ടിക്കുക വഴി പരിമിതമായ മനുഷ്യ ജീവിതത്തിന് ഒരു പ്രപഞ്ചമാനം തന്നെ വായന നല്കുന്നു. വായിക്കുക എന്നാൽ വേരിലേക്ക് താഴ്ന്നും പൂവുകളിലേക്ക് പടർന്നും മറ്റുള്ളവരിലേക്ക് കുതിച്ചും നാം നടത്തുന്ന അതിജീവനമാണ്. “വായിക്കുന്നവർ ആയിരം ജീവിതം ജീവിക്കുന്നു. ഒരിക്കലും വായിക്കാത്തവൻ ഒരു ജീവിതം മാത്രം ജീവിക്കുന്നു ” എന്ന ജോജന്റെ വാക്കുകൾ ഈ ദിനത്തിൽ നമ്മെ ചിന്തിപ്പിക്കട്ടെ. എഴുത്തിന്റെ മൗനങ്ങളെയും വൈരുധ്യങ്ങളെയും വെളിപ്പെടുത്തും വിധമുള്ള ഒരു സർഗ പ്രവർത്തനമായി നമ്മുടെ വായനകൾ മാറട്ടെ .









