നല്ലൊരു പങ്ക് ജനപ്രതിനിധികളടക്കമുള്ള ജനതക്കും ഇന്നാളിക്കത്തുന്ന ‘ദേശി-വിദേശി’ പ്രശ്നങ്ങളുടെ മൂലകാരണം വ്യക്തമല്ല.
പല രാഷ്ട്രീയക്കാരും ‘കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാനു’ള്ള തത്രപ്പാടിലും!
പ്രതിപക്ഷക്കാരെന്ന നിലക്ക്, എതിർപ്പെന്ന നയത്താൽ, സർക്കാരെടുക്കുന്ന, ഏതു നടപടിയേയും, ജനതക്കതനുകൂലമോ പ്രതികൂലമോ എന്നറിയാനുള്ള വിവേചന ബുദ്ധിയേപ്പോലും വിലമതിക്കാതെ, എതിർത്തു തോല്പിക്കാൻ മുതിരുന്ന പ്രവണതയും, പിന്നെ ഭരണകക്ഷിക്കാർ, ഭരണമാളുന്നെന്ന ചങ്കൂറ്റത്താൽ, തങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും മാത്രമാണ് ശരിയെന്നും, തദനുസാരം മാത്രമേ കാര്യങ്ങൾ പ്രാബല്യപ്പെടുത്തുകയുള്ളെന്നുമുള്ള നിലപാടിനും ഔചിത്യമില്ലെന്നാണ്, നിഷ്പക്ഷ സാമാന്യബുദ്ധ്യാ, തദ് പ്രശ്നങ്ങളേക്കുറിച്ച് സ്പഷ്ടമായ അറിവുള്ള പല സാധാരണ പൗരന്മാരുടേയും മതം.
ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ളതിനാൽ, സ്വാഭാവികമായും, നമ്മുടെ പവിത്രവും പാവനവുമെന്ന് വിശ്വസിക്കപ്പെടുന്ന പാർല്യമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ നിയമത്താൽ, ഔദ്ധ്യോഗിക ഭാരതീയ പൗരരെന്നപോലെ നിർബാധം നിവസിക്കുന്ന ‘വിദേശീയ പൗര’രെ വേർതിരിച്ച്, അവരുടെ അനൗദ്യോഗിക സഹവാസം അവസാനിപ്പിക്കാനുള്ള വ്യവസ്ഥ പ്രാബല്യപ്പെടുത്താനായെടുത്ത തീരുമാനത്തിനെതിരെ പെട്ടെന്നുത്ഭവിച്ച അരാജകത്വം, ഭാരതമൊട്ടാകെ ഭീതിയുളവാക്കാൻ പര്യാപ്തമായി, ആളിക്കത്തുന്ന ഒരു ദു:സ്ഥിതിവിശേഷത്തോടേയാണ് നാളുകളിന്നു നീങ്ങുന്നത്!
ഭാരതദേശ വിഭജനത്തിന്റെ പ്രത്യാഘാതപ്രശ്നങ്ങൾ, നീണ്ട ഏഴു ദശകങ്ങൾക്കുശേഷവും ഉപഭൂഖണ്ഡത്തിലെ ഇന്നത്തെ വിവിധ സ്വതന്ത്ര ദേശങ്ങൾക്കും, പ്രത്യേകിച്ചും മാതൃസ്ഥാനത്തുള്ള ‘അവശിഷ്ട’ ഭാരതത്തിന് തിക്താനുഭവമായി തേർവാഴ്ച നടത്തുന്നു! പുതുതായി ജാതമായ, നമുക്കുചുറ്റുപാടുമിന്നുള്ള കൊച്ചു കൊച്ചു ‘വിദേശങ്ങൾ’ക്കും ‘വിദേശീയ പൗര’ പ്രശ്നങ്ങൾക്കും കാരണഭൂതമായത്, സാക്ഷാൽ ഭാരതീയ വംശജർതന്നേ ആയിരുന്ന ഇന്നത്തെ ആ ‘പുതു വിദേശീയ’രല്ലാ, പക്ഷെ മുഗളരും, യൂറോപ്യരും, പ്രത്യേകിച്ചും അന്ത്യകാലത്ത് നമ്മുടെ പവിത്ര പാവന ഭാരതത്തെ അനേകം തുണ്ടുകളാക്കിപ്പിരിച്ച ബ്രിട്ടീഷുകാരുമാണ്! ഇന്ന് ‘വിദേശീയ പൗരരെ’ന്ന് ഔദ്ധ്യോഗികമായി ഗണിക്കപ്പെടുന്ന, 1947 വരെ ഭാരതീയർ തന്നേയായിരുന്ന സാധാരണ ജനങ്ങളേയും അവരുടെ പിന്തലമുറക്കാരേയും തരംതിരിക്കുന്നതും പുറംതള്ളുന്നതും, വാസ്തവത്തിൽ അവരുടെ അപരാധം കൊണ്ടല്ലാ, പക്ഷേ മേൽച്ചൊന്ന സാക്ഷാൽ വിദേശീയരെ നമുക്കുമേൽ വാഴാനായി, അന്നസംഘടിതരായിരുന്ന നമ്മുടെ 650ൽപ്പരം നാട്ടുരാജ്യസംസ്ഥാന ഭരണാധികാരികൾക്ക് ഒന്നൊന്നായി അടിയറവു പറയേണ്ടി വന്ന ഗതികേടിനാലാണെന്ന വസ്തുത ഇന്നും പ്രാധാന്യമർഹിക്കുന്നു.
ആദ്യം ഇറാൻ, പിന്നെ അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, മാലദ്വീപുകളിത്യാദികളും തദനന്തരം ബർമ്മയും, വെള്ളക്കാർ പലായനം ചെയ്യും വേളയിൽ, പാക്കിസ്ഥാനും അതിനപ്പുറത്ത് കുടുങ്ങിപ്പോയതും പ്രാവർത്തികമായി പാക്കിസ്ഥാനിൽ പെടുന്നതുമായ ബലുചിസ്ഥാനും, കിഴക്കുള്ള – ഇന്നത്തെ ബംഗ്ലാദേശും വേർപെടുത്തി, പുതിയ ‘വിദേശ രാഷ്ട്രങ്ങളാ’ക്കിത്തീർത്തത് അവിടങ്ങളിലെ ജനതയുടെ ഹിതത്താലായിരുന്നില്ലെന്നതും ചരിത്രപ്രാധാന്യമർഹിക്കുന്ന യാഥാർത്ഥ്യമാണ്!
1971ൽ ബംഗ്ലാദേശിന്റെ ജന്മത്തിന് തൊട്ടുമുന്നെ പശ്ചിമപാക്കിസ്ഥാൻ സേനകളാൽ തുരത്തപ്പെട്ട്, ജീവനും കൊണ്ടോടിയിങ്ങോട്ടെത്തിയ ഒരു കോടിയോളം അഭയാർത്ഥികളെ അന്നത്തെ ഇന്ദിരാഗാന്ധി സർക്കാർ സസമാധാനം അവരുടെ പുതിയ വിമോചിത ദേശത്തേക്ക് തിരിച്ചയക്കുമെന്ന വാഗ്ദാനം യുക്തി യുക്തം നിറവേറ്റുകയും ചെയ്തു.
എങ്കിലും, അതിനു മുമ്പും പിമ്പും, ‘അനധികൃത’മായി നമ്മുടെ ഏഴ് ഉത്തര-പൂർവ്വ സംസ്ഥാനങ്ങളിൽ കുടിയേറി നിവസിക്കുന്നവരെ ‘വിദേശി-സ്വദേശി’ പ്രമാണമനുസരിച്ച് വേർതിരിക്കാനായി നടപടിയെടുക്കേണ്ടിവന്നു.
‘വിദേശീയരാ’യ ബംഗ്ളാദേശി ബംഗാളികൾ മാത്രമല്ലാ അനധികൃത ജനങ്ങൾ;
പക്ഷേ, ബർമ്മയിൽ കലാപങ്ങൾ സൃഷ്ടിക്കയാൽ അവിടുന്ന് തുരത്തി, നാടുകടത്തപ്പെടുകയോ അവർ സ്വയം പലായനം ചെയ്യുകയോ മൂലം, ഈയടുത്ത കുറെ കൊല്ലങ്ങളായി, ‘രോഹിൻഗ്യ’ എന്ന ഒരു വിഭാഗം ഇസ്ലാമീയരും, ആദ്യം ബംഗ്ലാദേശിലും പിന്നീട് അതിൽ പലരും അവിടം വിട്ട് നമ്മുടെ പ്രദേശങ്ങളിലും നുഴഞ്ഞുകയറിക്കൂടിയതോടെ പരിക്കിന് ഉപ്പുതേച്ച കണക്കിലായി;
തദ്വാര, നമ്മുടെ ആ ഏഴ് കിഴക്കൻ സംസ്ഥാനങ്ങളിലെ ഔദ്ധ്യോഗിക പൗര ജനതക്ക് ഇതുമൊരു ‘സ്വദേശി-വിദേശീയ’ അസ്ഥിത്വ പ്രശ്നമായി മാറി!
എത്രകാലത്തോളം, കേന്ദ്ര സർക്കാരിന് താടിക്ക് കൈയും കൊടുത്ത് ഇത്തരം അസാമാന്യവും അപകടകരവുമായ പ്രശ്നങ്ങൾക്കുമേൽ ഇതി കർത്തവ്യതാ മൂഢരായി ഇരിക്കാനൊക്കുമെന്ന ചോദ്യചിഹ്നത്തിനുപാധിയായുണ്ടായ നിയമവത്കൃത നടപടികൾ, ഇന്നു നാം ദൃക്സാക്ഷ്യരാകുന്ന കഠിനതര കലാപങ്ങൾക്ക് കാരണവുമായി!
ഏറ്റവും വലിയ പ്രശ്നമെന്തെന്നാൽ, ‘വിദേശീയരെ’ വേർതിരിക്കുന്ന സംവിധാനപ്രക്രിയയിൽ, സാക്ഷാൽ ഔദ്യോഗിക ഭാരതീയ പൗരരിൽ നല്ലൊരു പങ്ക് ജനങ്ങൾ “വിദേശീയരാ’യി മുദ്രകുത്തപ്പെട്ടതാണ്!
മറ്റൊരു പ്രശ്നമോ, ഭാരതീയ വംശജരും, ഒരു പ്രത്യേക കാലയളവുതൊട്ട് ഇവിടെ നിവസിക്കുന്നവരുമായവർക്ക്, ഔദ്ധ്യോഗിക ഭാരതീയ പൗരരെന്ന നിയമസാധുത കല്പിക്കുമ്പോൾ, ഒരു പ്രത്യേക വിഭാഗത്തിനുമാത്രം പ്രസ്തുത പരിഗണനക്ക് അർഹതയില്ലെന്നതും!
ഒരുപക്ഷേ, അവർക്കായിട്ടാണ് 1947ൽ ഒരു പ്രത്യേക രാഷ്ട്രം സൃഷ്ടിച്ചതെന്നതിനാലാകാം, അത്തരക്കാർക്ക് പരിഗണനാസാധുത കല്പിക്കാത്തതും!
ഇതിനെല്ലാം പുറമെ, ഈ അവസരം തങ്ങളുടെ ദീർഘകാല അജണ്ടക്കൊരുപാധിയായി ദുരുപയോഗപ്പെടുത്താൻ ചില കിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥാപിത താത്പര്യസംഘടനകൾ ശ്രമിക്കുന്നതും, ഈ ദുഷ്പരിതസ്ഥിതിയിൽ ആളിക്കത്തുന്ന അഗ്നിയിൽ സർക്കാർ വെള്ളമൊഴിച്ചാറ്റാൻ ശ്രമിക്കുകിലും, മറിച്ച് ഘൃതമൊഴിക്കുന്നപോലാകുന്നു;
അതായത്, ഔദ്യോഗിക ഭാരതീയപൗരർ തന്നേയായ, ബംഗാളി, ബിഹാറി ഇത്യാദി, അവിടങ്ങളിൽ സ്ഥിരനിവാസമാക്കിയ ഇതര ഭാരതീയ സംസ്ഥാനക്കാരെ തുരത്താനുള്ള പ്രസുതുത പ്രക്ഷോഭകരുടെ അനധികൃത അടവ്!
ഇതിനെ പശ്ചിമ ബംഗാൾ, ന്യായമായും, നഖശിഖാന്തം എതിർക്കുന്നു – പ്രസ്തുത അന്യായ പ്രവണതയിൽ കേന്ദ്രസർക്കാർ അപരാധിയല്ലെങ്കിലും.
ഏറ്റവുമധികം ‘വിദേശികൾ'(നേപ്പാൾ, മറ്റുപല പ്രദേശങ്ങളുമെന്നപ്പോലെ, ഇന്റ്യൻ യൂണിയനിൽ ചേർക്കപ്പെടാത്തതിനാൽ) ‘ഇന്റ്യ’യിലുള്ളത് നേപ്പാളികളാണ്!
നേപ്പാൾ ഇത്രയുംകാലം സാമ്പത്തിക പ്രശ്നങ്ങളെ അതിജീവിച്ചുപോന്നത്, നല്ലൊരു പങ്ക് നേപ്പാളികളും, പുരാതനകാലം തൊട്ടു തന്നെ, “കാവൽക്കാരാ”യും, “ഗൂർഖാ റെജിമെന്റി”ലും മറ്റുമായും, ഇന്നത്തെ ഇന്റ്യയിലങ്ങോളമിങ്ങോളം ജോലിചെയ്ത് അയച്ചുകിട്ടുന്ന പണം കൊണ്ടാണ്!
ആകയാൽ നേപ്പാൾ ഇന്റ്യയുടെ ഒരൗദ്ധ്യോഗിക ഭാരതീയ സംസ്ഥാനമല്ലാതേതന്നെ, ശരാശരി ഔദ്ധ്യോഗിക സംസ്ഥാനങ്ങളെന്നപോലെ ഇന്റ്യൻ യൂണിയനെ ആശ്രയിച്ചുപോന്നു, ഇത്തിക്കണ്ണികണക്കിൽ;
അതായത്, നേപ്പാളിൽ നിന്നും നമുക്ക് യാതൊരുവിധ പ്രയോജനമില്ലാതിരിക്കിലും, നമ്മേ നിർബാധമാശ്രയിച്ചുപോരുന്ന വിരോധാഭാസം!
പോരാത്തതിന് കമ്മ്യൂണേയ വിപ്ലവവും ചൈനേയ സ്വാധീനവും മൂത്തപ്പോൾ, തന്തയോട് താനാരാണെന്ന ചോദ്യം ചോദിക്കുന്ന കണക്കിലുമായി നേപ്പാളിലെ വിപ്ളവാനന്തര ഭരണനേതാക്കളും;
ഇതുവരെയെന്നല്ലാ, ഇപ്പോഴും തൊഴിൽ കൊടുത്തു തീറ്റിപ്പോറ്റിവരുന്ന ഇന്റ്യയോട്!
ചൈനേയ സ്വാധീനം അവരെ ഇന്റ്യക്കുവച്ച് മേക്കിട്ടുകേറാൻ വരെ പാകപ്പെടുത്തി!
നേപ്പാളിനെ മാത്രമല്ലാ, ഏറേക്കാലമായി, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, ശ്രീലങ്ക എന്നീ – പൂർവ്വ ഭാരത പ്രദേശങ്ങളെന്നതിനാൽ സ്വാഭാവികമായുമുള്ള രക്തബന്ധമുണ്ടെങ്കിലും – രാജ്യങ്ങളേയും ഭാരതത്തിനെതിരെ തിരക്കാൻ ചൈന തുടർന്ന് ശ്രമം നടത്തിപ്പോന്നു!
പാക്കിസ്ഥാൻ സ്ഥിരമായി ചൈനേയ വലയിലുമായിപ്പോയി.
പക്ഷേ ബംഗ്ളാദേശ്, മാലദ്വീപ്, ശ്രീലങ്ക, അഫാഗാനിസ്ഥാൻ, ഒരു കണക്കിൽ നേപ്പാൾ കൂടെ, അന്ധമായി ചൈനയെ വിശ്വസിക്കുന്നില്ലെന്ന വസ്തുതയും വ്യക്തമായി.
ഉപഭൂകണ്ഡപ്രശ്നങ്ങൾക്കെല്ലാം കാരണം, സ്വാതന്ത്ര്യ സമരം പുരാതന ഭാരതത്തിന്റെ സകല പ്രദേശങ്ങളിലും സമാന്തരമായിനടക്കാൻതക്ക പൊതു നേതൃത്വമില്ലാതേപോയതും, സ്വാതന്ത്ര്യാനന്തര ഇന്റ്യൻ യൂണിയനിൽ, ഇത്തരം അകന്നു നിന്ന പ്രദേശങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തി ചേർക്കാത്തതും തന്നെ!
ഇന്നോ അത്തരമനേക ‘പ്രാദേശിക രാഷ്ട്രങ്ങളി’ൽനിന്നും അനധികൃതമായി ജനങ്ങൾ കടന്നുകൂടിയതിനാലുള്ള തീരാപ്രശ്നങ്ങളും!
മൂന്നു ദശകങ്ങളോളം നീണ്ട എൽ.ടി.ടി. ഒളിപ്പോർയുദ്ധപ്രശ്നവേളയിൽ അന്നത്തെ ശ്രീലങ്കാ പ്രധാനമന്ത്രി പ്രേമദാസ്, ഭാരത പ്രധാനമന്ത്രി നരസിംഹറാവിനോട് ശ്രീലങ്ക ഇന്റ്യൻ യൂണിയനിൽ ചേരാനാഗ്രഹിക്കുന്നു എന്ന പ്രസ്താവന പോലും വക്കുകയുണ്ടായതോർക്കണം!
സിക്കിം, ചൈനയെ ഭയപ്പെടാതേതന്നെ ഇന്റ്യൻ യൂണിയന്റെ മറ്റൊരു സംസ്ഥാനമായെന്ന വസ്തുതയും പ്രാധാന്യമർഹിക്കുന്നു.
ഈ ‘സ്വദേശി-വിദേശി’പ്രശ്നത്തിന് ശാശ്വതപരിഹാരമിനി, പഴയ ഭാരതത്തിന്റെ അവിഭാജ്യഘടകഭാഗങ്ങളും, മുഗൾ – പാശ്ചാത്യരിത്യാദി സാക്ഷാൽ വിദേശിയർ മേക്കിട്ടുകയറി ഭരിച്ചതിനാൽ ഇന്ന് വെവ്വേറെ തിരിഞ്ഞ് കൊച്ചു കൊച്ചു പ്രത്യേക പ്രാദേശിക രാഷ്ട്രങ്ങളായ SARC സംഘടനയിൽപെട്ട ദേശങ്ങളെല്ലാം ചേർന്ന് ഒരൊറ്റ കോൺഫെഡറേഷൻ രൂപീകൃതമാക്കാൻ ഫലവത്തായി പരിശ്രമിക്കണം.
എന്നാൽ മാത്രമേ, ഭാരത ഉപഭൂഖണ്ഡജനത അനുഭവിക്കുന്ന അതിരേകി, ‘വിദേശി’ ഇത്യാദി സകല വിധ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമുണ്ടാകൂ.
ജയ ഭാരതം.












