China restaurant explosion: തലസ്ഥാന നഗരമായ യിൻചുവാനിലെ നിംഗ്‌സിയ ഹുയി സ്വയംഭരണ മേഖലയിലെ ഒരു ബാർബിക്യൂ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
ചൈനയുടെ വടക്കുപടിഞ്ഞാറൻ നിംഗ്‌സിയ മേഖലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഗ്യാസ് സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ അവധിക്ക് തൊട്ടുമുമ്പ്, ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. തലസ്ഥാന നഗരമായ യിൻചുവാനിലെ നിംഗ്‌സിയ ഹുയി സ്വയംഭരണ മേഖലയിലെ ഒരു ബാർബിക്യൂ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
രാത്രി 8:40 ഓടെ ഉത്സവത്തിനുള്ള തയ്യാറെടുപ്പിനായി ആളുകൾ തടിച്ചുകൂടിയിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശമാണിത്. സ്‌ഫോടനത്തിന്റെ പ്രധാന കാരണം റെസ്റ്റോറന്റിലെ ദ്രവീകൃത പെട്രോളിയം ഗ്യാസ് ടാങ്കിൽ നിന്നുള്ള ചോർച്ചയാണെന്ന് പ്രാഥമിക വിലയിരുത്തൽ. പൊള്ളലും പരിക്കുകളുമേറ്റ ഏഴ് പേ ർ നിലവിൽ ചികിത്സയിലാണെന്നും സിൻഹുവ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് മുൻഗണന നൽകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അധികാരികളോട് അഭ്യർത്ഥിക്കുകയും പ്രധാന വ്യവസായങ്ങളിലും മേഖലകളിലും സുരക്ഷാ മേൽനോട്ടം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
സുരക്ഷ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, വാതക, രാസ സ്ഫോടനങ്ങൾ ഉൾപ്പെടുന്ന സംഭവങ്ങൾ നിർഭാഗ്യവശാൽ ചൈനയിൽ സാധാരണമാണ്. 2015ൽ വടക്കൻ തുറമുഖ നഗരമായ ടിയാൻജിനിൽ നടന്ന സ്ഫോടന പരമ്പരയിൽ 173 പേർ കൊല്ലപ്പെട്ടിരുന്നു.
Credits:https://malayalam.indiatoday.in/













