ആകാശത്ത് നോക്കിയപ്പോഴൊരു സംശയം_ ഇപ്പോൾ മിഥുനമാണോ മീനമാണോ…? മീനമാസത്തിലെ ഉച്ചസൂര്യൻ്റെ ചൂടാണ് കഠിനകഠോരം… മേട മാസത്തിൽ ഇടക്കിടക്ക് ഓരോ വേനൽമഴ പെയ്യും… കൊയ്ത്തു കഴിഞ്ഞ പാടങ്ങളെ പുതുമഴ പുണർന്ന് തളരുമ്പോൾ പുതുപ്പെണ്ണിനെ പോലെ മണ്ണിന്റെ ദീർഘനിശ്വാസമായി പരന്നൊഴുകുന്ന മണം മലയാളി മനസ്സറിഞ്ഞ് ആസ്വദിക്കും… വിട പറയുന്ന മേടത്തിന് പിന്നാലേ വരുന്ന ഇടവവും ഇടക്കിടക്ക് മഴ വീഴിക്കും… ഇടവം പാതിയാകുമ്പോൾ ഇടമുറിയാതെ മഴ പെയ്തു കൊണ്ടേയിരിക്കും… വരണ്ടുണങ്ങിയ കുളങ്ങളും തോടുകളും പുഴകളും കിണറുകളും വയലുകളും നിറഞ്ഞു നിറഞ്ഞങ്ങനെ ഒഴുകും… വീറൊട്ടിയ മിഥുനത്തിൽ ഉച്ചവരെ വിളറിയ വെയിലായിരിക്കും… കുഞ്ഞുങ്ങളുടെ കണ്ണുകളിൽ എഴുതിയ കൺമഷി മുഖത്ത് പടർന്നതു പോലെ ആകാശത്ത് അവിടവിടെയായി കാർമേഘം കറുത്തു കിടക്കും… ഉച്ച കഴിഞ്ഞാലെന്നും മഴയാണ്… രാത്രിയും പകലും തണുത്ത കാറ്റ് വീശിക്കൊണ്ടേയിരിക്കും… മീനത്തിലും മേടത്തിലും എന്തൊരു ചൂടാണന്ന് പറഞ്ഞ് സൂര്യനെ പ്രാകിയവരൊക്കെ സൂര്യനെയൊന്ന് കാണാനായി കൊതിക്കും… പതിവ് രീതി ഇതായിരുന്നു… ഈ വർഷം ഇടവപ്പാതി ഇടഞ്ഞു നിന്നപ്പോൾ മിഥുനത്തിലെങ്കിലും മഴക്കാറ് കാണാമെന്നാണ് മലയാളി മോഹിച്ചത്… ഇന്ന് മിഥുനം 9… എന്നിട്ടും…, തെളിഞ്ഞ നീലാകാശത്തിലെ മീനമാസ സൂര്യൻ്റെ ചൂടാണ് അനുഭവപ്പെടുന്നത്… മിഥുനമാസത്തിലും ഉഷ്ണിക്കുന്നു… മിഥുനമാസത്തിലും മലയാളി മഴ കാണാൻ കാത്തിരിക്കുന്നു… കലികാലം… പരിസ്ഥിതിയേയും പ്രകൃതിയേയും സ്നേഹിക്കുന്നവർക്ക് ആധുനിക സമൂഹം നൽകിയൊരു വിളിപ്പേരുണ്ട്_വികസന വിരോധികൾ… നൂറു വർഷത്തിലേറെ പഴക്കമുള്ള മരങ്ങളെ പത്ത് നിമിഷം കൊണ്ട് വെട്ടി വീഴ്ത്തിയതിന് മുകളിലൂടെ കരിമൂർഖനെ പോലെ നീണ്ടു നിവർന്നു കിടക്കുന്ന റോഡ് പണിതിട്ടുണ്ട്… കുടിവെള്ളം കുപ്പിയിൽ പോലും കിട്ടാത്ത കാലം വരുമ്പോൾ വികസന നായകർ വരണ്ടുണങ്ങിയ തൊണ്ടയുമായി റോഡിൽ തലതല്ലി കരയുന്ന കാലം വിദൂരമല്ല…………………









