വായനയുടെ ലോകം
വായന നമ്മിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ നാനാവിധങ്ങളായ ജീവിതക്രമങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുകയും അതുവഴി സമൂഹമെന്ന വിപുലമായ അനുഭവലോകത്തിൽ പങ്കുചേരാൻ ഓരോ വ്യക്തിയേയും പര്യാപ്തിയുളളവരാക്കി മാറ്റുകയും ചെയ്യുന്നു…..ഒ.എൻ.വി വായനയെ കുറിച്ച് പറഞ്ഞതിങ്ങനെ “കടൽത്തീരത്തു ചെന്നുനിന്ന് അതിനപ്പുറമുളള രാജ്യങ്ങളിലെ ജനതയെ കുറിച്ച് നമ്മൾ ആലോചിക്കുന്നതു പോലെ പുസ്തകതാളുകളിലെ വരികളിലൂടെ നമ്മൾ കാണുന്നത് വിശ്വജനതയെയാണ്….”. എന്തിനാണ് വായിക്കുന്നത്?? ഈ ചോദ്യം ഒരു വായനക്കാരൻ എന്നും കേൾക്കുന്നുണ്ടാകും..അതിനുള്ള ഉത്തരം സി.രാധാകൃഷ്ണൻ പറഞ്ഞത് പറയാനാണ് എനിക്കിഷ്ടം “മണ്ണ് ചവിട്ടിക്കുഴച്ച് ചൂളയിൽ വെച്ച് പാത്രങ്ങളുണ്ടാക്കുന്നതു പോലെ നമ്മുടെ മനസ്സിനെ സംസ്ക്കരിച്ച് മനോഹരമാക്കാൻ വായനകൊണ്ട് കഴിയും.. അതുകൊണ്ട് നമ്മുടെ അനൗപചാരിക ഗുരുക്കന്മാർ തന്നെയാണ് പുസ്തകങ്ങൾ”… മനുഷ്യൻ ലോകത്തെ അറിയുന്നതിന്റെ വിലപ്പെട്ട രേഖയാണ് പുസ്തകങ്ങൾ.. എനിക്ക് എന്റെ മാത്രം ലോകമുണ്ടായത് വായന ആരംഭിച്ചപ്പോഴാണ്..അതെ അതിലൂടെ ഞാൻ നടത്തിയ യാത്രകൾ, അനേകം നഗരങ്ങൾ, ഗ്രാമങ്ങൾ, ജീവിതങ്ങൾ അതോടൊപ്പം സ്നേഹത്തെയും കണ്ടെത്തി… വായിക്കുന്തോറും നമ്മുടെ ജീവിതം വലുതാകുന്നു.. അജയ്.പി.മങ്ങാട്ട് എഴുതി ” നല്ലൊരു പുസ്തകം വായിച്ചിട്ടു കണ്ണാടിയിൽ നോക്കൂ, അവിടെ കാണുന്നത് ആരെയാണ്?? പുസ്തകം വായിച്ചു തുടങ്ങുംമുൻപുളള ആളെ തന്നെയാണോ? അല്ലെന്നു മനസ്സിലാകും.. ഇത് ബാഹ്യപ്രകൃതിയുടെ പ്രവൃത്തിയല്ല ആന്തരികമായ രാസക്രിയയാണ്.”.വായിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും ഉന്നതമായിട്ടുളള അനുഭവം തന്നെയാണ്.. എവിടെയും മനുഷ്യനെ അന്വേഷണ വിഷയമാക്കിയ എഴുത്തുലോകം.. സ്നേഹം, സാഹോദര്യം, സമഭാവന, മാനുഷിക മൂല്യങ്ങൾ വിളിച്ചോതുന്ന എത്രയെത്ര പുസ്തകങ്ങൾ… ഒരുവൻ വായനയിലൂടെ വളരുക മാത്രമല്ല പുതിയൊരു ലോകത്തിനു രൂപം കൊടുക്കയും ചെയ്യുന്നു.. വിശാലമായ വായന കൊണ്ട് സാംസ്കാരികമായ ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കുന്നു.. നമുക്കും വായിക്കാം പുസ്തകങ്ങളെ സ്നേഹിക്കാം…………
പ്രിയ.വി.വി









