MK Stalin on Uniform Civil Code: ഏകീകൃത സിവിൽ കോഡിൽ പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. യു സി സി നടപ്പാക്കാനുള്ള ശ്രമം രാജ്യത്തിൻറെ സമാധാനം നശിപ്പിക്കുമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ചെന്നൈയിൽ ഡിഎംകെ അംഗത്തിന്റെ കുടുംബ ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
“ഒരു രാജ്യത്തിന് രണ്ട് നിയമങ്ങൾ പാടില്ലെന്നാണ് മോദി പറയുന്നത്, മതം ഉപയോഗിച്ച് അശാന്തിയുണ്ടാക്കി ആശയക്കുഴപ്പം സൃഷ്ടിച്ച് വിജയിക്കാമെന്നാണ് മോദി കരുതുന്നതെന്നും വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പാഠം പഠിപ്പിക്കാൻ ജനങ്ങൾ തയ്യാറാണെന്നും”- സ്റ്റാലിൻ പറഞ്ഞു.
“യുസിസി ആദ്യം ഹിന്ദു മതത്തിനുള്ളിൽ നടപ്പിലാക്കണം,ഭരണഘടന എല്ലാ മതങ്ങൾക്കും സംരക്ഷണം നൽകിയതിനാൽ ഞങ്ങൾക്ക് യുസിസി ആവശ്യമില്ല.” – എന്ന് യു സി സി ക്കെതിരെ ഡിഎംകെ പ്രതികരിച്ചിരുന്നു.
കേന്ദ്ര സർക്കാരിനെതിരെ ദേശീയ പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുന്നതിലുള്ള പേടിയിലാണ് മോദി ഇക്കാര്യങ്ങൾ പ്രതികരിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. കഴിഞ്ഞ 50 ദിവസമായി അക്രമം നേരിടുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മണിപ്പൂർ സന്ദർശിക്കാത്തതിൽ പ്രധാനമന്ത്രി മോദി വിശദീകരണം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.













