മഴയോർമ്മകളും ‘ലിസ’ സിനിമയും…
ഇടവപ്പാതി തകർത്തു പെയ്യുന്നൊരു ഉച്ചനേരത്ത് വലിയേട്ടൻ്റെ കാല് പിടിച്ച് ‘ലിസ’ സിനിമ കാണാനുള്ള അനുവാദത്തിനായി ഞാൻ കരഞ്ഞു…
കുട്ടികൾ ‘ലിസ’ കണ്ടാൽ പേടിക്കുമെന്ന് പറഞ്ഞ ചേട്ടൻ അവസാനം അമ്മയുടെ ശുപാർശയോടെ അനുവാദം തന്നു…
അയൽപക്കത്തെ ഗോപൻ്റെ അമ്മൂമ്മയായ കാട്ടിലമ്മയാണ് ഞങ്ങളുടെ സിനിമാ ടീം ക്യാപ്റ്റൻ…
മഴ പെയ്തു തോർന്ന വൈകുന്നേരം കാട്ടിലമ്മയും ചുറ്റുവട്ടത്തുള്ള കുട്ടികളായ ഞങ്ങളും ജാഥയായി ശ്രീകല തീയേറ്ററിലേക്ക് നടന്നു…
തീയേറ്ററിലെത്തി…
കുട്ടികൾ ബഞ്ചിലും
കാട്ടിലമ്മ കസേരയിലുമിരുന്നു…
ലൈറ്റുകൾ അണഞ്ഞു…
സ്ക്രീനിൽ അക്ഷരങ്ങൾ തെളിഞ്ഞു…
മെല്ലെ മെല്ലെ ആവേശം തണുക്കുകയും തണുത്തുറഞ്ഞ എൻ്റെ കാലുകളിലൂടെ പേടി അരിച്ചരിച്ച് തലച്ചോറിലെത്തുകയും ചെയ്തു…
പേടിപ്പെടുത്തുന്ന രംഗങ്ങൾ വരുമ്പോൾ
കുനിഞ്ഞിരുന്നാൽ കൂട്ടുകാർ കളിയാക്കും…
കണ്ണടച്ചാൽ പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതം മനസിനെ അടിച്ചുടച്ചുലക്കും…
കണ്ണടച്ച് കാതു പൊത്തിയാൽ കൂട്ടുകാർ കാണും…
ഓരോ നിമിഷത്തിനും ഓരോ മണിക്കൂറിൻ്റെ ദൈർഘ്യം…
പേടിച്ച് പേടിച്ച് അടിവയറിന് താഴെ പ്രകൃതിയുടെ നിലവിളിയും
നട്ടെല്ലിന് താഴെ പ്രകൃതിയുടെ കൊലവിളിയും എന്നെ ശല്യപ്പെടുത്താൻ തുടങ്ങി…
മലവും മൂത്രവും ഒന്നിച്ചു പോകുമെന്ന അവസ്ഥ…
ജനറേറ്ററുകൾ ഇല്ലാത്ത കാലമായതു കൊണ്ട് കറണ്ട് പോകണേ എന്ന് പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് എങ്ങനെയെങ്കിലും സിനിമ കഴിഞ്ഞു…
വീട്ടിലെത്തി…
ലൈറ്റുകൾ അണയുന്നതിന് മുമ്പ് ഉറങ്ങാമെന്ന ചിന്തയോടെ കിടന്ന്
കണ്ണടച്ചപ്പോൾ മനസിൽ തെളിഞ്ഞത് ‘ലിസ’…
പേടിച്ച ഞാൻ മേൽക്കൂരയും നോക്കി മലർന്നു കിടന്നു…
കണ്ണ് തുറന്ന് കിടക്കുന്ന എന്നെ കണ്ട് ചേച്ചി ചോദിച്ചു-“ഇന്ന് എന്താണാവോ ഇത്ര നേരമായിട്ടും ഉറങ്ങാത്തത്…?”
ഞാൻ ഒന്നും പറയാതെ
ചേച്ചിയെയും കെട്ടിപ്പിടിച്ച് കിടന്നു…
ലൈറ്റുകൾ അണഞ്ഞു…
എല്ലാവരും ഉറക്കത്തിലായിട്ടും എനിക്ക് കണ്ണുകൾ അടക്കാൻ കഴിയുന്നില്ല…
നിശബ്ദത…
വലിയേട്ടൻ്റെ മുറിയിൽ ലൈറ്റണഞ്ഞിട്ടില്ല…
ഞാൻ മുറിയിൽ ചെന്നപ്പോൾ വായിച്ചു കൊണ്ടിരുന്ന വലിയേട്ടൻ ഗൗരവത്തോടെ ചോദിച്ചു -“എന്താടാ..?”
“ഇന്ന് ഇവിടെയാണ് കിടക്കുന്നത്…”
“കിടക്കുന്നതൊക്കെ കൊള്ളാം.
ഉറക്കത്തിൽ എന്നെ ചവിട്ടിയാൽ തൂക്കിയെടുത്ത് മഴയത്തിടും…”
ഉറക്കത്തിൽ തിരിയലും മറിയലും ചവിട്ടിത്തൊഴിക്കലും എൻ്റെ ശീലമായതുകൊണ്ട് വലിയേട്ടൻ എന്നെ കൂടെ കിടത്താറില്ല…
പുസ്തകം മടക്കി വെച്ച്,
ലൈറ്റണച്ച് വലിയേട്ടനും കിടന്നു…
പുറത്ത് മഴ തകർക്കുന്നു…
വലിയേട്ടനെ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ കിട്ടിയ ധൈര്യത്തിൽ ഉറക്കം പതിയെ വന്നതും
ദൂരെ രണ്ട് പൂച്ചകളുടെ അമറലും മൂളലും കേൾക്കാൻ തുടങ്ങി…
പൂച്ചകൾ അടി കൂടി,
കടി കൂടി,
ഓടി വന്ന്
വീടിന്റെ തിണ്ണയിൽ എത്തിയപ്പോൾ രണ്ടും കൂടി
‘ക്രാ ക്രൂ ക്രീ’ എന്ന വലിയ ശബ്ദമുണ്ടാക്കി ചാടി ജനാലയിൽ ഇടിച്ചു വീണതും ഞാൻ അയ്യോ എന്ന് നിലവിളിച്ചതും ഒന്നിച്ചായിരുന്നു…
അയ്യോ എന്ന വിളിയോടൊപ്പമുള്ള എൻ്റെ ഒറ്റ ചവിട്ടിൽ കട്ടിലിന്റെ സൈഡിൽ കിടന്ന വലിയേട്ടൻ താഴെ വീണു…
പാതിരാത്രി വലിയേട്ടൻ്റെ മുറി യുദ്ധക്കളമായി മാറി…
അമ്മയും ചേച്ചിമാരും ഓടി വന്ന് വട്ടം പിടിച്ചാണ് രക്ഷപ്പെടുത്തിയത്…
എന്നെ ഇടിച്ചു പിഴിഞ്ഞ് കഷായം വെക്കാനുള്ള ദേഷ്യവുമായി കൊച്ചേട്ടൻ ഒരറ്റത്ത് നിൽക്കുന്നു…
സിനിമ കണ്ട് പേടിച്ചതാണന്ന സത്യം എന്നിൽ നിന്ന് കേട്ടതും വലിയേട്ടൻ പറഞ്ഞു-“ലിസ കണ്ടേ അടങ്ങൂ എന്ന വാശിയിലായിരുന്നല്ലോ,
നാളെ നേരം വെളുക്കട്ടെ…”
“നേരം വെളുക്കട്ടെ” എന്ന വാക്കുകളിൽ ചൂരലിൻ്റെ ചൂട് ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി…
അമ്മയോടൊപ്പമാണ് കിടന്നത്…
അമ്മ കെട്ടി പിടിച്ചുകൊണ്ട് എൻ്റെ പേടി മാറ്റാനായി അറിയാവുന്ന പാട്ടുകൾ പാടി കൊണ്ടിരുന്നു…
ലിസയുടെ പേടിയോടൊപ്പം
ചൂരലിൻ്റെ പേടിയുമായി അമ്മയുടെ പാട്ട് കേട്ടുകേട്ടുറങ്ങി…
രാവിലെ ഉണർന്നയുടനെ നേരേ പോയി അടുക്കളയിലിരുന്നു…
ചേച്ചിമാർ ചിരിക്കുന്നുണ്ട്.
അമ്മയുടെ ചുണ്ടിലും നേരിയ ചിരിയുണ്ട്…
വലിയേട്ടൻ വാതിൽക്കൽ വന്ന് എന്നെ നോക്കിയതും അമ്മ പതിവ് പല്ലവി പാടി-“പോട്ട് മോനേ,അവൻ കൊച്ചല്ലേ…”
അടുക്കളയിലെ തറയിൽ കാൽമുട്ടുകളേയും കെട്ടിപ്പിടിച്ച് ചുമരിൽ തല ചാരി,
നിറഞ്ഞ കണ്ണുകളോടെ,
പേടിയോടെ ദയനീയമായി ഇരിക്കുന്ന എൻ്റെ മുഖം കണ്ടപ്പോൾ വലിയേട്ടൻ തിരിച്ചു പോയി…
തിരിഞ്ഞു നടക്കുന്ന വലിയേട്ടൻ്റെ ചുണ്ടുകളിലും ചിരി വിരിയുന്നത് ഞാൻ കണ്ടു…
കുട്ടിക്കാലത്തെ എത്രയോ രാത്രികളിലാണ് ‘ലിസ’ പേടിപ്പിച്ച് എൻ്റെ ഉറക്കം നഷ്ടപ്പെടുത്തിയത്…………. ………….












