Threads App Musk: ട്വിറ്റർ-കില്ലർ ആപ്പ് എന്ന് വിളിക്കപ്പെടുന്ന പുതിയ ആപ്പ് ത്രെഡ്‌സിനെതിരെ ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് എതിരെ കേസ് കൊടുക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റർ. സെമാഫോറിന് ലഭിച്ച ഒരു ഔദ്യോഗിക മുന്നറിയിപ്പ് കത്ത് അനുസരിച്ച്, മുൻ ട്വിറ്റർ എഞ്ചിനീയർമാരെ വേട്ടയാടി പുതിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ മെറ്റ ബൗദ്ധിക സ്വത്തവകാശം ലംഘിച്ചുവെന്ന് ട്വിറ്റർ അവകാശപ്പെടുന്നു. മെറ്റ ഈ ആരോപണങ്ങൾ നിഷേധിക്കുകയും ത്രെഡ്‌സ് എഞ്ചിനീയറിംഗ് ടീമിലെ ആരും മുൻ ട്വിറ്റർ ജീവനക്കാരല്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
മെറ്റ മേധാവി മാർക്ക് സക്കർബർഗിനെ അഭിസംബോധന ചെയ്‌ത കത്തിൽ, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം നിർമ്മാതാവ് ആസൂത്രിതവും മനഃപൂർവവും നിയമവിരുദ്ധവുമായ ദുരുപയോഗത്തിൽ ഏർപ്പെട്ടിരിക്കുന്നതിൽ ഗുരുതരമായ ആശങ്കകളുണ്ടെന്ന് ട്വിറ്റർ കുറിക്കുന്നു.
“കഴിഞ്ഞ ഒരു വർഷമായി, മെറ്റ ഡസൻ കണക്കിന് മുൻ ട്വിറ്റർ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഈ ജീവനക്കാർ മുമ്പ് ട്വിറ്ററിൽ ജോലി ചെയ്‌തിരുന്നതായും, ഈ ജീവനക്കാർക്ക് ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും മറ്റ് അതീവ രഹസ്യാത്മക വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടായിരിക്കുകയും തുടരുകയും ചെയ്യുന്നു; ഈ ജീവനക്കാർക്ക് നിലവിലുള്ള ബാധ്യതകളുണ്ടെന്ന് ട്വിറ്ററിന് അറിയാം. കൂടാതെ ഈ ജീവനക്കാരിൽ പലരും ട്വിറ്റർ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും തെറ്റായി സൂക്ഷിച്ചിരിക്കുന്നു. ആ അറിവോടെ, മെറ്റ മനഃപൂർവം ഈ ജീവനക്കാരെ ട്വിറ്ററിന് എതിരെ പ്രത്യേക ഉദ്ദേശ്യത്തോടെ ഉപയോഗിക്കുന്ന “ത്രെഡ്‌സ്” ആപ്പ് വികസിപ്പിക്കാൻ നിയോഗിച്ചു. ഇത് വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും, സ്‌റ്റേറ്റ്, ഫെഡറൽ നിയമങ്ങളും അതുപോലെ തന്നെ ട്വിറ്ററിലേക്കുള്ള ജീവനക്കാരുടെ നിലവിലുള്ള ബാധ്യതകളും ലംഘിക്കുന്നു.” കത്തിൽ വ്യക്തമാക്കുന്നു.
കത്ത് പരസ്യമായതിന് ശേഷം, മെറ്റയുടെ ട്വിറ്റർ കോപ്പികാറ്റായി ത്രെഡ്‌സിനെ ഇലോൺ മസ്‌ക് അഭിസംബോധന ചെയ്‌തു. ‘മത്സരം നല്ലതാണ്, വഞ്ചന അങ്ങനെയല്ല’ അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
സെമഫോർ റിപ്പോർട്ടിൽ മെറ്റയുടെ പ്രതികരണവും ഉദ്ധരിക്കുന്നുണ്ട്. ട്വിറ്ററിന്റെ ആരോപണങ്ങൾ മെറ്റ നിഷേധിക്കുന്നു. “ത്രെഡ്‌സ് എഞ്ചിനീയറിംഗ് ടീമിലെ ആരും മുൻ ട്വിറ്റർ ജീവനക്കാരനല്ല” മെറ്റ അഭിഭാഷകൻ ആൻഡി സ്‌റ്റോൺ പറഞ്ഞു.
അതേസമയം, അക്കൗണ്ടില്ലാതെ പോസ്‌റ്റുകൾ കാണുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയാനുള്ള ട്വിറ്ററിന്റെ തീരുമാനം അടുത്തിടെ പുറത്തുവന്നിരുന്നു. ഉപയോക്താക്കൾക്ക് പ്രതിദിനം കാണാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിലും ട്വിറ്റർ പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്ഥിരമായി പണമടയ്ക്കാത്ത ട്വിറ്റർ ഉപയോക്താക്കൾക്കും ട്വിറ്റർ ബ്ലൂ വരിക്കാർക്കും പരിധി ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിനിടെയാണ് ഏറ്റവും വലിയ ട്വിറ്റർ ബദലായി ത്രെഡ്‌സ് ആപ്പ് എത്തിയത്. ലോഞ്ച് ചെയ്‌ത് 24 മണിക്കൂറിനുള്ളിൽ പ്ലാറ്റ്‌ഫോം 30 ദശലക്ഷം സൈൻ-അപ്പുകൾ നേടിയതായി സക്കർബർഗ് അറിയിച്ചു. അതേസമയം, 2022 മെയ് വരെ ട്വിറ്ററിന് പ്രതിമാസം 229 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്.