LIMA WORLD LIBRARY

ഇമ്മിണി ബല്യ മഹാഗോപുരം……..

ഇമ്മിണി ബല്യ മഹാഗോപുരം

പൂമരച്ചോട്ടിൽ 
ഡോ.ഇസ്മായിൽ മരിതേരി 
മലയാളം അറിയുന്നവരിൽ ബഷീറിനെ വായിക്കാത്തവർ വളരെ ചുരുക്കമായിരിക്കും.അത്ര മാത്രം ആ മഹാ പ്രതിഭ മലയാളത്തോടും മലയാളിത്തത്തോടും ഒട്ടി നിൽക്കുന്നുണ്ട്. നിലവിലുണ്ടായിരുന്ന സാഹിത്യ സങ്കൽപങ്ങളെ അടിമുടി പുതുക്കി പണിത അനിതരസാധാരണക്കാരനായ എഴുത്ത് കാരനായിരുന്നു അദ്ദേഹം. മനുഷ്യരെ മാത്രമല്ല തന്റെരചനകളിൽ അദ്ദേഹം വിഷയീഭവിപ്പിച്ചത്.നമുക്ക് ചുറ്റിലും കാണുന്ന സൂക്ഷ്മ സ്ഥൂല പ്രപഞ്ചങ്ങളിലെ സകലമാന ചരാചരങ്ങളെയും അദ്ദേഹം തന്റെ വിശലകലനത്തിന് വിധേയമാക്കി എന്ന് പറയാം.
നിലവിലുണ്ടായിരുന്ന “മ്‌ഴാഞ്ചൻ ആഖ്യാതങ്ങളെ” അദ്ദേഹം കീഴ്മേൽ മറിച്ചു.’ഞെമണ്ടൻ’ പുസ്തകങ്ങൾ എഴുതാതെ അദ്ദേഹം വായനക്കാരുടെ മനസ്സ് കീഴടക്കി.ലളിതമായ വാക്കുകൾ , ദീർഘമല്ലാത്ത വാചകങ്ങൾഎന്നിവ കൊണ്ട് അദ്ദേഹം മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ശൈലിയിൽ രസികൻ ആശയങ്ങൾ മലയാളിയുടെ ഹൃദയത്തിൽ പതിപ്പിച്ചു. സഞ്ചാരിയായിരുന്നു ബഷീർ.വഴിയിൽകണ്ടതെല്ലാം തന്റെ ഓർമ്മയുടെ ഭാണ്ഡത്തിൽ സൂക്ഷിച്ച് വെച്ച് കാലത്തിന്റെ മൂശയിലിട്ട്‌ പ്രതിഭ കൊണ്ട്പാകപ്പെടുത്തി കൂടുതൽ നിറപ്പകിട്ടോടെ മലയാളിക്ക് സമ്മാനിച്ചു.
നേരനുഭവങ്ങളുടെ അക്ഷയഖനിയുമായാണ് ബഷീർ വായനക്കാരിലേക്ക് തൻറെ മാസ്മരിക അവതരണപാടവവുമായി എത്തുന്നത്. ഏതെല്ലാം നാടുകൾ ,രാജ്യങ്ങൾ അദ്ദേഹം യാത്ര ചെയ്തെത്തിയിരുന്നു? എന്തെല്ലാം വൈവിധ്യമായ തൊഴിലുകൾഅദ്ദേഹം ചെയ്തിരിക്കുന്നു? അദ്ദേഹം കണ്ടത് എത്ര തരം വേറിട്ട മനുഷ്യർ,ഭൂപ്രദേശങ്ങൾ? ദീർഘമായി സഞ്ചരിച്ചിട്ടും ബഹുവിധ അനുഭവങ്ങളിലൂടെ അനുദിനം കടന്ന് പോയിട്ടും അദ്ദേഹം ചുരുക്കി മാത്രം എഴുതി.ആത്മകഥ എഴുതിയില്ല അദ്ദേഹം. എഴുതിയതിലെല്ലാം ആത്മാംശത്തിന്റെ മേമ്പൊടി ചാർത്തി കൃതികളെ മുഴുവനും ജീവനുള്ളതാക്കി.
മുപ്പത്തി നാലാമത്തെ വയസ്സിലാണ് എഴുപത്തി അഞ്ച് പേജ് മാത്രം വരുന്ന ബാല്യകാല സഖി അദ്ദേഹം മലയാളിക്ക് സമ്മാനിക്കുന്നത്.
സ്നേഹത്തിന്റെ കാറ്റത്ത് കാരുണ്യത്തിന്റെ ഓളങ്ങൾ തീർക്കുന്നവയാണ് ബഷീറിന്റെരചനകൾ എന്നു പറയാം .
പൂർണ്ണമായും വെറുക്കാൻ പറ്റുന്ന ഒരൊറ്റ കഥാ പാത്രവും ബഷീർ കൃതികളില്ല എന്ന് ടി പദ്മനാഭൻ നിരീക്ഷിച്ചത് ഏറെ പ്രസക്തമാണ്.സ്നേഹത്തിൻറെ മധുരോദാരമായ ഈ ഭാവമല്ലാതെ സൂഫിയും സന്യാസിയുമായിരുന്ന, ഈ എഴുത്ത്കാരന്റെ സൃഷ്ടികളിൽ മറ്റൊന്നും പ്രതീക്ഷിക്കാവതല്ലല്ലോ?
ഏറെയൊന്നും പഠിച്ചിട്ടില്ലാത്ത എന്നാൽ യാതനകൾ ഏറെ സഹിച്ച, ആ മനുഷ്യൻ വേദനകളിൽ വേദാന്തവും നർമ്മവും ചാലിച്ച് മലയാളത്തിനകത്ത് ഒരു പുതുപുത്തൻ ഉപഭാഷ സൃഷ്ടിച്ച ഭാഷയുടെ പെരുന്തച്ചൻ കൂടിയായിരുന്നു. ഹൃദ്യമായ സംഭവങ്ങളും ആകർഷകങ്ങളായ കഥാപാത്രങ്ങളും ഉള്ളുലയ്ക്കുന്ന ബിംബങ്ങളും സ്വതസിദ്ധമായ ശൈലിയിൽ പണിതെടുത്ത് അദ്ദേഹം സാമൂഹ്യ പ്രതിബദ്ധത തൊട്ട് തീണ്ടാത്ത വായനക്കാരെ കൂടി സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തിയാക്കി മാറ്റിയിട്ടുണ്ട്.
ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന് ,പാത്തുമ്മയുടെ ആട് ,ശബ്ദങ്ങൾ, അനുരാഗത്തിന്റെ ദിനങ്ങൾ തുടങ്ങി എത്രയെത്ര രചനകളിലാണ് ബഷീർ മലയാളിയുടെ പെരുമ നടിക്കലിനേയും വമ്പത്തരത്തേയും കപട സദാചാരങ്ങളേയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഏറെയൊന്നും വേദനിപ്പിക്കാതെ പുനപരിശോധിപ്പിക്കുന്നത്?
ബഷീറിൻ്റെ ഏത് കഥാപാത്രമാണ് നമ്മുടെ മനസ്സിൽ തങ്ങി നിൽക്കാത്തത് ? ഏത് സംഭാഷണമാണ് നമ്മെ വീണ്ടും വീണ്ടും ചിന്തിപ്പിക്കാത്തത്? വായനക്കാരന്റെ അറിവും നിരീക്ഷണ പാടവവും വളരുന്നതിനനുസരിച്ച് കൂടുതൽ കൂടുതൽ അടരുകളിൽ അർത്ഥം കണ്ടെടുക്കാവുന്ന അതുല്യ സൃഷ്ടികളാണ് ബഷീറിൻ്റെ ഓരോ കൃതിയും എന്നത് അതിശയോക്തിയല്ല. നിങ്ങൾക്ക് പൊക്കിളുണ്ടോ എന്ന ഒരു ചോദ്യത്തിലൂടെ , പട്ടാളത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട തൊഴിൽ രഹിതനും നിരാശനും അനാഥനുമായ ഒരാളെ മനുഷ്യബന്ധത്തിൻറെ പ്രാപഞ്ചികമുദ്രയിലേക്ക് ശ്രദ്ധതിരിക്കുന്നുണ്ട് ബഷീർ.ഭൂമിയിലെ മനുഷ്യരെല്ലാം ജാതി മത വർണ്ണ ദേശ ഭാഷാ ഭേദമന്യേ പരസ്പരം ബന്ധിതരാണ് എന്ന ദർശനത്തിന്റെ സീൽ ആണ് പൊക്കിൾ ചുഴിയെന്ന് ആ മനുഷ്യസ്നേഹി ചിന്തോദ്ദീപകമായി പ്രഖ്യാപിക്കുകയാണ്. ഒപ്പം പരമത നിന്ദയും ജാതി മേൽക്കോയ്മയും പേറി നടക്കുന്ന ജീർണ്ണ മനസ്സുകളിലേക്ക് മാനവികതയുടെ വെള്ളി വെളിച്ചം പകരുകയാണ് ബഷീർ ഈ ഒരൊറ്റ ചോദ്യത്തിലൂടെ എന്നും കാണാവുന്നതാണ്.
പ്രണയവും പ്രകൃതി സ്നേഹവും പ്രപഞ്ച വിസ്മയങ്ങളും പ്രതിക്ഷേധങ്ങളും പ്രതീക്ഷകളും ദുരാചാരങ്ങൾക്കെതിരെയുള്ള സൗമ്യവും സുശക്തവുമായ പ്രക്ഷോഭങ്ങളും എല്ലാം ബഷീർ കൃതികളിൽ അങ്ങിങ്ങോളം കാണാം.ഏത് തരത്തിലുള്ള വായനക്കാരനേയും പിടിച്ചിരുത്തിക്കളയും ബഷീർ.നർമ്മത്തിന്റെ കസവിനടിയിൽ മനുഷ്യധർമ്മത്തിന്റെ പേശിബലം പരിപോഷിപ്പിച്ച ബഷീർ എക്കാലത്തും മലയാളി എഴുത്ത് കാർക്കിടയിലെ ഇമ്മിണി ബല്യ മഹാ ഗോപുരമായി പ്രശോഭിക്കുക തന്നെ ചെയ്യും.
Credits: Malayalam news

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px