ഉഭയകക്ഷി പ്രതിരോധ സഹകരണം വർധിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി ഇന്ത്യയും ഫ്രാൻസും. സംയുക്തമായി യുദ്ധ വിമാന എഞ്ചിൻ നിർമിക്കാനാണ് ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയെ തുടർന്നാണ് പ്രഖ്യാപനം. ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ സഫ്രാനും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) ചേർന്നാണ് നിർമാണം. ഈ സംയുക്ത വികസന പദ്ധതിക്കുള്ള റോഡ്മാപ്പ് ഈ വർഷം അവസാനത്തോടെ തയ്യാറാക്കും.
ഫ്രാൻസിലെ സഫ്രാൻ ഹെലികോപ്റ്റർ എഞ്ചിനുമായി ചേർന്ന് ഇന്ത്യയിലെ മൾട്ടി-റോൾ ഹെലികോപ്റ്റർ (ഐഎംആർഎച്ച്) പ്രോഗ്രാമിന് കീഴിലായി വരുന്ന ഹെവി-ലിഫ്റ്റ് ഹെലികോപ്റ്ററുകളുടെ വ്യാവസായിക സഹകരണത്തെ ഇരു രാജ്യങ്ങളും പിന്തുണച്ചു. പദ്ധതിയുടെ വിജയത്തിനായി ഐഎംആർഎച്ച് ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും ഫ്രാൻസിലെ സഫ്രാൻ ഹെലികോപ്റ്റർ എഞ്ചിനും തമ്മിലുള്ള ഓഹരി ഉടമകളുടെ ഉടമ്പടി അവസാനിപ്പിച്ചുവെന്ന് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, 26 റാഫേൽ-എം നാവിക യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ എയർഫോഴ്സിനായി (ഐഎഎഫ്) വാങ്ങിയ 36 റഫാൽ യുദ്ധവിമാനങ്ങളുടെ സമയബന്ധിതമായ കയറ്റുമതിയെക്കുറിച്ച് പ്രസ്താവനയിൽ പറയുന്നുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം പ്രതിരോധ ബന്ധങ്ങളാണെന്ന് മോദി പറഞ്ഞു. ഇത്തരം ബന്ധങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതീകമാണെന്നും രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനെത്തിയ മോദി സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പരിപാടികളിൽ ഫ്രാൻസ് ഒരു പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ” രാജ്യത്തെ അന്തർവാഹിനികളും നാവിക വിമാനങ്ങളും, ഞങ്ങളുടെ മാത്രമല്ല, മറ്റ് സൗഹൃദ രാജ്യങ്ങളുടെ ആവശ്യകതകളും നിറവേറ്റാനുള്ളതാണ് അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”- മോദി കൂട്ടിച്ചേർത്തു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഫ്രാൻസും ഒരുമിച്ചാണ്. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് ഞങ്ങളുടെ വിശ്വസം. ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് ഫ്രാൻസിൽ അവതരിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. കൂടാതെ തുറമുഖ പട്ടണമായ മാർസെയിൽസിൽ ഇന്ത്യ പുതിയ കോൺസുലേറ്റ് തുറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Credits: https://malayalam.indiatoday.in/













