
ഒലിവര്‍ ട്വിസ്റ്റ് എന്ന അനാഥബാലന്‍ ഒരു നിര്‍മ്മാണശാലയിലാണു ജനിച്ചത്. അപ്രന്‍റീസ്ഷിപ്നായി ഒരു കെയര്‍ ടേക്കറോടൊത്ത് വില്‍ക്കപ്പെടുന്നു. 1837-39ല്‍ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവല്‍ സ്ക്കൂള്‍ വിദൃാര്‍ത്ഥിയായിരിക്കെ പാഠവിഷയമായി. നോവലൊന്നും ഞങ്ങളാരും വായിച്ചിട്ടില്ല. അതിന്‍റെ ഒരു ചുരുക്കം അധ്യാപകന്‍ വിവരിച്ചു തന്നു. മറ്റു വിഷയങ്ങളില്‍ അശ്രദ്ധ കാട്ടുന്ന എന്നെപ്പോലുള്ള പൊടി ഉഴപ്പന്മാരും ഈ അനാഥ ബാലന്‍റെ കഥ കേള്‍ക്കാന്‍ ക്ലാസില്‍ തികഞ്ഞ ജാഗ്രതയോടെ ഇരുന്നു.
അന്ന് നോവലിന്‍റെ ആഗോളപ്രശസ്തിയെക്കുറിച്ചോ ചാള്‍സ് ഡിക്കന്‍സ് എന്ന വിഖ്യാത നോവലിസ്റ്റിനെക്കുറിച്ചോ മനസ്സിലാക്കാനുളള അറിവോ താല്പ്പര്യമോ ഇല്ലായിരുന്നു. കഥ കേള്‍ക്കാനുളള താല്പര്യം മാത്രം. ഒരു മനോഹരഗാനം കേട്ടാലും ജീവിതഗന്ധിയായ ഒരു സിനിമ കണ്ടാലും അത് ആര് എഴുതി എന്നാരും ചിന്തിക്കില്ല. ഇന്നുള്ള അതേ അജ്ഞതയായതിരുന്നു ചെറുപ്പത്തില്‍ എനിക്കും. അനാഥനാണെങ്കിലും ബാല്യത്തില്‍ ഒട്ടേറേ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്ന ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം എന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു.
ആംഗലേയ സാഹിത്യത്തിലെ അനശ്വരനായ നോവലിസ്റ്റിന്‍റെ ഭവനം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കണ്ടു. ഈസ്റ്റ് ഹാമില്‍ നിന്ന് ഹോള്‍ ബോണ്‍ ഭൂഗര്‍ഭ റയില്‍വേ സ്റ്റേഷനിലേക്ക് ഭാര്യ ഓമനയ്ക്കൊപ്പം യാത്ര തിരിച്ചു. ഞങ്ങള്‍ ഇരിക്കുന്ന ട്രെയിനില്‍ ഒരു കറുത്ത് തടിച്ച കൊഴുത്ത നായ തന്‍റെ ജ്വലിക്കുന്ന കണ്ണുകളോടെ ട്രെയിനില്‍ വന്നു പോകുന്നവരെ സശ്രദ്ധം നോക്കുന്നുണ്ട്. അതിന്‍റെ ഉടമസ്ഥനായ സായിപ്പ് അവന്‍റെ പുറത്ത് തലോടുന്നുണ്ട്. വായ് തുറക്കാതിരിക്കാന്‍ ബെല്‍റ്റ് കൊണ്ട് കെട്ടിയിരിക്കുന്നു. അതിനാല്‍ കടിക്കുമെന്ന ഭയം വേണ്ട. അല്ലെങ്കിലും മനുഷ്യനൊപ്പം സഞ്ചരിക്കുന്ന നായ് ആരേയും കടിക്കാറില്ല. സ്വന്തം കുട്ടികളെപ്പോലെയാണ് നായും പൂച്ചയും വീടുകളില്‍ വളരുന്നത് മനുഷ്യന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവയ്ക്കും ലഭിക്കുന്നു. ഞങ്ങളുടെ മുന്നിലിരിക്കുന്ന ഒരു യൗവ്വനക്കാരി അവളുടെ പുരികം എഴുതി, ചുണ്ടില്‍ ചായം പൂശി, മുഖത്ത് സൗന്ദര്യ വര്‍ദ്ധനവ് നടത്തുന്നു. സ്വന്തം കാലിന് മുകളില്‍ വാനിറ്റി ബാഗ് വെച്ചിട്ട് അതിന് മുകളിലാണ് കണ്ണാടി വെച്ചിരിക്കുന്നത്. ശരീരത്ത് ആഭരണങ്ങള്‍ ഒന്നുമില്ല. പൊതുവില്‍ പെണ്‍കുട്ടികള്‍ ആഭരണ പ്രിയരല്ല.
ഹോള്‍ ബോണ്‍ സ്റ്റേഷനിലിറങ്ങി പത്ത് മിന്നിറ്റ് നടന്നപ്പോള്‍ ഡിക്കന്‍സിന്‍റെ മ്യൂസിയത്തിലെത്തി. ഇംഗ്ലണ്ടിലെ ഗ്രാമ-നഗരങ്ങലിലെല്ലാം വളരെ പുരാതനവും മനോഹരവുമായ കെട്ടിട നിര്‍മ്മിതിയാണ് കാണാന്‍ കഴിയുക. കാലം മാറുന്നതിനു അനുസരിച്ച് അവര്‍ അത് ഇടിച്ചുപൊളിച്ച് പണിയുന്നില്ല. കാലം മാറിയാലും രാജ്യവും സംസ്കാരവും മാറുന്നില്ലെന്നവര്‍ തിരിച്ചറിയുന്നു. എങ്ങും പ്രകൃതിക്കു അനുയോജ്യമായ കെട്ടിടങ്ങള്‍. കാലത്തിനനുസരിച്ച് ഈ ഭവനവും ഒരു പു:നസൃഷ്ടി നടത്തി പരിഷ്കൃതമായി മാറ്റാമായിരുന്നു. പക്ഷേ ബ്രിട്ടീഷുകാര്‍ ഇതുപൊലുളള പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ മുന്നിലാണ്. ചാള്‍സിന്‍റെ ഭവനം ഒരു സാധാരണ വീടാണ്. അതിനപ്പുറം ഒരു മ്യൂസിയത്തിന്‍റെ പ്രൗഡി ഒന്നും കാണാനില്ല. എഴുത്തുകാരുടെ ഭവനങ്ങള്‍ മ്യൂസിയങ്ങളാണ്. ഇതുപോലെ കേരളത്തിലെ എഴുത്തുകാരുടെ ഭവനങ്ങള്‍ മ്യൂസിയങ്ങള്‍ ആക്കാവുന്നതേ ഉളളൂ. ഇവിടെ ബഹു നില കെട്ടിടങ്ങളോ റോഡുകളില്‍ തിരക്കോ ഇല്ല. ഇവിടേക്ക് വരുന്ന ടൂറിസ്റ്റ് ബസുകള്‍ റോഡരികില്‍ കിടപ്പുണ്ട്. ഷെക്സ്പിയറിന്‍റെ ഭവനത്തില്‍ കണ്ട തിരക്ക് ഇവിടെയില്ല. വീടിന്‍റെ ആദ്യത്തെ മുറി ഇന്‍ഫര്‍മേഷന്‍ ഓഫീസാണ്. ചാള്‍സിന്‍റെ പുസ്തകങ്ങളടക്കം ധാരാളം സാധനങ്ങള്‍ അദ്ദേഹത്തിന്‍റെ പേരിലുള്ളത് പലതും ഇവിടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു. ഞാന്‍ വാങ്ങിയ ഒരു ചോക്ലേറ്റില്‍ പോലും ആ പേരുണ്ട്. സന്ദര്‍ശകര്‍ എന്തെങ്കിലും വാങ്ങാതെ മടങ്ങി പോകാറില്ല. പുസ്തകങ്ങള്‍ വാങ്ങുന്നവരെയാണ് കൂടുതല്‍ കണ്ടത്. എഴുത്തുകാരന്‍ മരിച്ചുപോയതുകൊണ്ട് അവരോടുളള ആദരവ് അവസാനിക്കുന്നില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ അവരെന്നും ജീവിക്കുന്നു. ഇവരുടെ പേരില്‍ റോഡുകളും സ്ഥാപനങ്ങളുമുണ്ട്. അത് മാനവ അംഗീകാരമാണ്. അവര്‍ മാനവരാശിക്ക് നല്‍കിയിട്ടുളള അംഗീകാരമാണ്. ഞങ്ങള്‍ ടിക്കറ്റെടുത്ത് അകത്ത് കടന്നു. വാതില്‍ക്കല്‍ ഏറെ പ്രായം ചെന്ന ഒരു സായിപ്പ് ചാള്‍സ് ഡിക്കന്‍സിനേപ്പറ്റിയും ഈ മ്യൂസിയത്തെപ്പറ്റിയും വിശദീകരിച്ചിട്ട് ഒരു വിസിറ്റര്‍ ഗൈഡ് നല്‍കി. അതില്‍ മുന്നു കെട്ടിടത്തിനുളളിലെ എല്ലാ വിവരങ്ങളും ഉണ്ട്. മനുഷ്യനെ അറിവിന്‍റെ, പരിജ്ഞാനത്തിന്‍റ ലോകത്തേക്കുയര്‍ത്തിയ ചാള്‍സ് ഡിക്കന്‍സ് ഉപയോഗിച്ച എഴുത്തു മേശയും കസേരയും വിനയപൂര്‍വം സന്ദര്‍ശകരെ നോക്കി കിടക്കുന്നു. എല്ലാവരും ആദരവോടെയാണ് അതെല്ലാം നോക്കി കാണുന്നത്. ഞാന്‍ ഭിത്തിയില്‍ തുങ്ങി കിടക്കുന്ന ആ പ്രതിഭയുടെ ഫോട്ടോയിലേക്ക് മിനിറ്റുകള്‍ നോക്കി നിന്നു. അവിടെ നല്ല തിരക്കാണ്. ഒലിവര്‍ ട്വിസ്റ്റ് പിറന്ന മുറിയില്‍ ഭക്തിപുരസ്സരമാണ് നില്‍്ക്കുന്നത്. ഞാന്‍ സ്ക്കൂളില്‍ പഠിച്ച ഒലിവര്‍ ട്വിസ്റ്റ് പിറന്ന മുറിക്കുളളില്‍ നില്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. കാലം എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു. പുറത്ത് വഴിയോരങ്ങളില്‍ കണ്ട നിറമാര്‍ന്ന പൂക്കളെപോലെ എന്‍റെ മനസ്സിലും വസന്തം വിരിഞ്ഞു. ഞങ്ങളുടെ മുന്നിലൂടെ ആളുകള്‍ മൗനം പൂണ്ടും ഫോട്ടോകള്‍ എടുത്തും നടക്കുന്നു. ചിലരാകട്ടെ ഭിത്തികളിലും മറ്റും എഴുതിവച്ചിരിക്കുന്നത് വളരെ താല്പ്പര്യത്തോടെ വായിക്കുന്നു.ഇതുപോലുളള എഴുത്തുകാരുടെ വീടുകള്‍ സന്ദര്‍ശിക്കുക ഒരു പുണ്യമായി കരുതുന്നു. ഒരു ദേവാലയത്തിനുളളിലെ ഏകാന്തതയാണ് ഇവിടെ അനുഭവപ്പെടുക. അദ്ദേഹം കിടന്നുറങ്ങിയ കട്ടില്‍, ധരിച്ചിരുന്ന തുണികള്‍, ചുമര്‍ ചിത്രങ്ങള്‍, തൊപ്പികള്‍ മുഖം നോക്കാനുപയോഗിച്ച കണ്ണാടിപോലും ആ കാലഘട്ടത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തുന്നു. ഓരോ മുറികളിലും ചാള്‍സുമായി ബന്ധമുളള വിവിധ ചിത്രങ്ങള്‍, പുസ്തകങ്ങള്‍ , ക്ലോക്കുകള്‍, പുകകുഴലുളള തീകുണ്ഡം, അടുക്കളയിലെ വിവിധ രൂപത്തിലുളള പാത്രങ്ങള്‍ മുതലായവ ഒരു രാജ്യത്തിന്‍റെ സമ്പത്തുപോലെ സൂക്ഷിച്ചിരിക്കുന്നു. അതില്‍ ഈ രാജ്യത്തോടെ അതിരറ്റ ബഹുമാനം തോന്നി. ഇവിടുത്തെ 49-ാം നമ്പര്‍ പ്രധാനമായും ഉപയോഗിക്കുന്നത് ശാസ്ത്ര-സാഹിത്യ-സാമൂഹിക യോഗങ്ങള്‍ക്കും മറ്റുമാണ്. സാഹിത്യം പോലെ തന്നെ ശാസ്ത്രരംഗത്തും അദ്ദേഹം എഴുതിയിട്ടുളള ചില കൃതികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവിടെ പുസ്തകങ്ങള്‍ മാത്രമല്ല അന്ന് ആനുകാലികങ്ങളില്‍ എഴുതിയ ധാരാളം ലേഖനങ്ങളും കണ്ടു. ആ കൂട്ടത്തില്‍ അദ്ധേഹത്തിന്‍റെ കൈയ്യക്ഷര പ്രതികളുണ്ട്. ചെറിയ ചെറിയ മുറികളായതിനാല്‍ അധികനേരം അവിടെ നില്‍ക്കാന്‍ സാദ്ധ്യമല്ല. അത് പിറകില്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ടാകും. ഇവിടേയും കുട്ടികളുടെ തിരക്കാണ്. ഓരോ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് കുട്ടികളേ ഇവിടേക്ക് കൊണ്ടുവരുന്നത്. മണ്ണില്‍ നിന്ന് നമ്മുടെ ശരീരമുണ്ടായതുപോലെ മനുഷ്യന്‍റെ തലച്ചോറിന് അറിവും വിദ്യയും ചിന്താശീലും നല്‍കിയ ആ മഹാ പ്രതിഭയുടെ വീട്ടില്‍ നിന്ന് ഞങ്ങള്‍ പുറത്തിറങ്ങി. അകത്ത് ലഭിച്ച ഏകാന്തതയും ഏകാഗ്രതയും പെട്ടന്ന് നഷ്ടമായി. . ആകാംക്ഷഭരിതരായ കുട്ടികള്‍ അകത്തേക്ക് പോയികൊണ്ടിരുന്നു.
ഞങ്ങള്‍ ഹോള്‍ബോണ്‍ റയില്‍വേ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടയില്‍ റഡ് ലയണ്‍ സ്വക്കയര്‍ ഗാര്‍ഡന്‍സ് എന്നൊരു പാര്‍ക്ക് കണ്ടു. മനോഹരങ്ങളായ പൂക്കള്‍ കണ്ടപ്പോള്‍ അതിനുളളിലൊന്ന് കയറണമെന്ന് തേന്നി. മരത്തടികൊണ്ടുളള ബഞ്ചിലിരുന്ന് ചിലര്‍ കുശലം പറയുന്നു. അതിനുമുമ്പിലെ പ്രതിമയിലേക്ക് നോക്കി. ബ്രിട്ടീഷ് ഭരണത്തോടെ യുദ്ധവിരുദ്ധ നിലപാട് എടുത്തിരുന്ന രാഷ്ട്രീയ പ്രമുഖനായ ഫെന്നര്‍ ബ്രോക്ക് വേയുടെ പ്രതിമയാണത്. ഒരു പത്രാധിപര്‍ കൂടിയായിരുന്ന അദ്ദേഹം യുദ്ധത്തിനെതിരെ മാത്രമല്ല മിണ്ടാപ്രാണികളെ കൊന്ന് തിന്നുന്നതിലും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു സസ്യഭുക്കായ അദ്ദേഹം മനുഷ്യന് കുടിക്കാന്‍ പാലു തരുന്ന മൃഗങ്ങളെ കൊല്ലുന്നതില്‍ ലജ്ജ ഇല്ലേ എന്ന് സമൂഹത്തോട് ചോദിച്ചു. അവിടെ അല്പ നേരം ഇരുന്നിട്ട് ഞങ്ങള്‍ മടങ്ങി. അടുത്ത ദിവസം ഞങ്ങള്‍ കാറില്‍ ചാള്‍സ് ഡിക്കന്‍സിന്‍റെ ജന്മഗൃഹം തേടി യാത്ര തിരിച്ചു. ഇംഗ്ലണ്ടിലെ പോര്‍ട്സ്മൗത്തില്‍ 1812 ഫെബ്രുവരി 7 നാണ് ചാള്‍സ് ജനിച്ചത്. ലണ്ടനില്‍ കണ്ടതുപോലെ ഈ ഭവനവും ഒരു മ്യൂസിയമായി മാറ്റിയിരിക്കുന്നു. എങ്ങും ഒരു ഗ്രാമീണ ഭംഗിയുണ്ട്. ഇതുപോലെയുളള സ്മാരകശിലകള്‍ കാണാന്‍ കൂടുതല്‍ വരുന്നതി വിദ്യാര്‍ത്ഥികളാണ്. ഈ സ്മാരക സ്ഥാപനങ്ങളിലെല്ലാം കുട്ടികളെ ഇവിടേക്ക് ആകര്‍ഷിക്കും വിധമുളള ശാസ്ത്ര-സാഹിത്യ-സാമൂഹിക ക്ലാസ്സുകള്‍, ശില്‍പ്പശാലകള്‍, മത്സരങ്ങള്‍, എക്സിബിഷനുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. ഇതില്‍ പലതും വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചാണ് വിശദമാക്കുന്നത്. അദ്ദേഹം ജനിച്ചു വീണ കട്ടിലിലേക്ക് ഞാന്‍ നിമിഷങ്ങള്‍ ആരാധനയോടെ നോക്കി നിന്നു. ജോണ്‍ ഡിക്കന്‍സിന്‍റെയും എലിസബിത്തിന്‍റയും എട്ടു മക്കളില്‍ രണ്ടാമനാണ് ചാള്‍സ്. ഇംഗ്ലണ്ടിലെ കെന്‍റില്‍ 4 വയസ്സുവരെ പാര്‍ത്തു. പിതാവ് അവിടുത്തെ നേവല്‍ ഓഫീസിലെ ക്ലര്‍ക്ക് ആയിരുന്നു. പിന്നീടാണ് ആ കുടുംബം ലണ്ടനിലേക്ക് വന്നത്. ചാള്‍സിന് 12 വയസ്സുളളപ്പോഴാണ് പണമിടപാടില്‍ കുറ്റക്കാരനായി കണ്ട് ജോണ്‍ അറസ്റ്റിലായത്. പിതാവ് ജയിലില്‍ പോയതിനെ തുടര്‍ന്ന് ആ കുടുംബത്തെ ദാരിദ്ര്യം ബാധിച്ചു. ആ സമയത്താണ് ചാള്‍സ് ഒരു കുപ്പികമ്പനിയില്‍ ലേബല്‍ ഒട്ടിക്കുന്ന ജോലി ചെയ്തത്. കൗമാര ജീവിതം ചാള്‍സിന് ദുഃഖപൂര്‍ണ്ണമായിരുന്നു. പിതാവ് ജയിലില്‍ നിന്നും മോചിതനായതോടെ ചാള്‍സ് പഠനം തുടര്‍ന്നു. ചെറുപ്പത്തില്‍ അനുഭവിച്ച ദുഃഖവും ദാര്യദ്ര്യവും പുസ്തകങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത് അറിവും ചാള്‍സിലെ സര്‍ഗ്ഗസിദ്ധി വളര്‍ത്തി. ആദ്യം എഴുതിയത് സമകാലീന സാമൂഹിക വിഷയങ്ങളായിരുന്നു. 1846 ല്‍ ലണ്ടനിലെ പ്രമുഖ പത്രമായ ദി ഡെയിലി ന്യൂസിന്‍റെ എഡിറ്ററായും തുടര്‍ന്ന് ബ്രീട്ടീഷ് പത്രങ്ങളിലെ നല്ലൊരു റിപ്പേര്‍ട്ടറായും പേരെടുത്തു. മറ്റുള്ളവരേക്കാള്‍ റിപ്പോര്‍ട്ട് പെട്ടന്ന് തയ്യാറാക്കാന്‍ സഹായിച്ചത് പിറ്റ് മാന്‍റ് ഷോര്‍ട്ട് ഹാന്‍ഡായിരുന്നു. അന്ന് ഉന്നത വിദ്യാഭ്യാസമുളളവരെയെല്ലാം ഷോര്‍ട്ട് ഹാന്‍ഡ് പഠിച്ചിരുന്നു. ഇതിനിടയില്‍ നിയമ വകുപ്പിലെ ഓഫീസ് ക്ലര്‍ക്കായും ജോലിചെയ്തു. 1834-36 ല്‍ മോണിംഗ് ക്രോണിക്കിളിന്‍റെ റിപ്പോര്‍ട്ടായി ജോലി ചെയ്യുമ്പോഴാണ് അവിടെ ജോലി ചെയ്തിരുന്ന സംഗീത നിരൂപകന്‍ ജോര്‍ജ്ജ് ഹോഗാര്‍ത്തിന്‍റെ മകള്‍ കാതറിനുമായി പ്രണയത്തിലാകുന്നത്. അവരുടെ വിവാഹം ചെല്‍സിയിലെ സെന്‍റ് ലുക്ക് ദേവാലയത്തില്‍ വെച്ച് 1836 ഏപ്രില്‍ 2 ന് നടന്നു. ആ ബന്ധത്തില്‍ ജനിച്ച് 10 മക്കള്‍. 1842 ല്‍ ഒരു നടനായി വേഷം കെട്ടിയാടുമ്പോഴാണ് അതില്‍ അഭിനയിച്ച നടി എലന്‍ ടെര്‍നാനുമായി അടുത്തത്. ഇതോടെ കാതറിനുമായി ഉളള ബന്ധം വേര്‍പെട്ട് പിന്നീടുളള പ്രണയബന്ധം ബാങ്കുടമയുടെ മകള്‍ ബെഡ്നെലുമായിട്ടായിരുന്നു. ബഹുഭാര്യബന്ധങ്ങള്‍ ക്രിസ്തീയ സഭ അനുവദിച്ചിരുന്നില്ല. സഭയുമായി അടുത്ത ബന്ധം പുലര്‍ത്തിപോന്ന ചാള്‍സ് അവരുമായി കൊമ്പുകോര്‍ക്കുന്നത് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍റെ സിദ്ധാന്തങ്ങളില്‍ തല്‍പ്പരനായതാണ്. മതപരിജ്ഞാനം മാത്രം പോരാ ശാസ്ത്രീയ സത്യങ്ങള്‍ അംഗീകരിക്കാന്‍ പൗരോഹിത്യം തയ്യാറാകണമെന്ന് അദ്ദേഹം തുറന്നെഴുതി. ചാള്‍സിന്‍റെ വാക്കുകള്‍ സഭയ്ക്ക് ഹൃദയത്തില്‍ ശരം പോലെ കൊണ്ടു. ചാള്‍സ് കരുത്തനായ ഒരു നോവലിസ്റ്റായിരിന്നു. സത്യങ്ങള്‍ തുറന്നഴുതുന്നതില്‍ സഭയോ സമൂഹമോ നോക്കിയില്ല. പല കിംവദന്തി കഥകള്‍ പുറത്തു വന്നെങ്കിലും അതിനൊന്നും അധികം ആയുസ്സുണ്ടായില്ല.
ഞങ്ങള്‍ നിന്നിടത്തേക്ക് ഒരാള്‍ ഫോട്ടോ എടുക്കാന്‍ വരുന്നത് കണ്ട് ഞങ്ങള്‍ മാറികൊടുത്തു. ചാള്‍സിന്‍റെ പുസ്തകങ്ങള്‍ പലഭാഗത്തായി ഇരിപ്പുണ്ട്. ചാള്‍സ് ഇരുപതോളം നോവലുകളും , നൂറിലധികം കഥകളും ധാരാളം ശാസ്ത്രീയ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അതില്‍ സിനിമ കഥകളുമുണ്ട്. ഇതെല്ലാം ശാസ്ത്രീയ-സാഹിത്യ-സാംസ്ക്കാരിക രംഗത്തെ മുതല്‍ക്കൂട്ടായി സര്‍ക്കാര്‍ ക്രമപ്പെടുത്തി സൂക്ഷിക്കുന്നു. അവിടേക്ക് കുറേ കുട്ടികള്‍ കൂട്ടമായി നടന്നു വരുന്നത് കണ്ട് ഞങ്ങള്‍ അടുത്ത മുറിയിലേക്ക് നടന്നു. അദ്ദേഹത്തിന്‍റെ ആദ്യ നോവലായ “ദി പിക്ക് വിക്ക് പേപ്പഴ്സിന്” തുടക്കത്തില്‍ വായനക്കാരുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ നോവലിന് വായനക്കാര്‍ കൂടി. 1864-65 ലാണ് “ഔവര്‍ മ്യൂച്ചല്‍ ഫ്രണ്ട്” 1850 ല്‍ രണ്ട് നോവലുകള്‍ എഴുതി. “ബ്ലീക്ക് ഹൗസ്” “ലിറ്റില്‍ ഡോറിറ്റ് “. ആദ്യത്തേത് നിയമത്തിലെ ന്യൂനതകളും രണ്ടാമത്തേത് ജയിലിനുളളിലെ അതിക്രമങ്ങളെപ്പറ്റിയുമായിരുന്നു. ഇത് ജയില്‍ ശിക്ഷ അനുഭവിച്ച് പിതാവില്‍ നിന്നുള്ള അറിവായിരുന്നു. അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസ് എന്നറിയപ്പെട്ടത് അത്മകഥാംശമുളള നോവലാണ് “ഡേവിഡ് ഓഫ് കോപ്പര്‍ ഫീല്‍ഡ്” . ചാള്‍സിന്‍റെ എഴുത്തിന്‍റെ നിലപാടുകളെ പ്രശംസിച്ചവരില്‍ പ്രധാനികളായിരുന്നു കാള്‍ മാക്സ് ബര്‍നാഡ്ഷാ. ഡി.എച്ച്. ലോറന്‍സ് തുടങ്ങിയവര്‍ ഇവരെല്ലാം സാമൂഹൃജീവിതജീര്‍ണ്ണതകള്‍ക്കെതിരെ തൂലിക പടവാളാക്കിയ കരുത്തരായ എഴുത്തുകാരായിരിന്നു. ഇവര്‍ ആരുടെയും വിടുപണി ചെയ്യുന്നവരായിരുന്നില്ല. അതിനാല്‍ ശത്രുക്കളുടെ എണ്ണവും കൂടിയിരുന്നു. വിവാദനായകനായിരുന്ന ലോറന്‍സിന്‍റെ ഇംഗണ്ടില്ലുള്ള നോട്ടിങ്ങഹാംഷയറിലെ വിക്ടോറിയ സ്ട്രീറ്റിലെ വീട് 2006 ല്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അദേഹത്തിന്‍റെ ജന്മഗൃഹവും ഇതുപോലെ മൃൂസിയമാണ്. മുറിക്കുളളിലെ കാഴ്ചകള്‍ കണ്ടു നടക്കവേ വെളുത്ത താടിയുളള ഒരു സായിപ്പ് ഞാനുമായി സൗഹൃദം പങ്കുവെച്ചു. താങ്കള്‍ ഇന്‍ഡ്യനോ ശ്രീലങ്കനോ. ഇന്‍ഡ്യക്കാരനാണെന്ന് മറുപടി കൊടുത്തു. വളരെ സ്നേഹത്തോടെ അദ്ദേഹം പറഞ്ഞു. ഞാന്‍ കേരളത്തിലും ഗോവയിലും പോയിട്ടുണ്ട്. ഞാന്‍ കേരളക്കാരനെന്നറിഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ കുളിര്‍ത്തിരുന്നു. കേരളം സുന്ദരമാണ്. നിങ്ങളുടെ ജാതി സമരം സഞ്ചാരികളെ വലയ്ക്കുന്നു. ഒരു ദിവസം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ കഴിച്ചു കൂട്ടി. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍. എന്‍റെ മനസ്സ് വ്യാകുലപ്പെട്ടു. എന്താണ് പറയുക. സമരങ്ങള്‍ നാടിന്‍റെ പുരോഗതിയെ തളര്‍ത്തുന്നുണ്ട്. പക്ഷേ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരങ്ങള്‍ ആവശ്യമല്ലേ സര്‍. അത് സഞ്ചാരികള്‍ക്ക് ഉപദ്രവമുണ്ടാക്കരുത്. ഞാനും അതിനോട് യോജിച്ചു. അദ്ദേഹത്തിന്‍റെ മുഖത്ത് വെറുപ്പുണ്ടു. ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു ജഗദീശ്വര കേരള ജനതയെ സമരക്കുഴിയില്‍ നിന്നും കരകയറ്റണേ.. ഒരു സഞ്ചാരിയുടെ ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്. ഓമന അടുത്തു വന്നപ്പോള്‍ അദ്ദേഹം നടന്നകന്നു.
ചാള്‍സ് 1870 ല്‍ ലണ്ടനില്‍ 58-ാം മത്തെ വയസ്സില്‍ മരണമടഞ്ഞു. അദ്ദേഹത്തെ അടക്കം ചെയ്തത് വെസ്റ്റ് മിനിസ്റ്റര്‍ ആബേയിലാണ്. ഇവിടുത്തെ ശവ പറമ്പില്‍ 3,300 പ്രമുഖരെ അടക്കം ചെയ്തിട്ടുണ്ട്. അതില്‍ രാജവംശത്തിലുളളവരുമുണ്ട്. ചാള്‍സ് ഡിക്കന്‍സിന്‍റെ അടുത്തായിട്ടാണ് ചാള്‍സ് ഡാര്‍വിനേയും ഐസക്ക് ന്യൂട്ടനേയും അടക്കം ചെയ്തിരിക്കുന്നത്. ഞങ്ങള്‍ അവിടെനിന്നു മിറങ്ങി് ് 1545 ല്‍ ഫ്രാന്‍സുമായുളള യുദ്ധത്തില്‍ സോളന്‍റ് കടലില്‍ മുങ്ങി പോയڔമേരി റോസ് യുദ്ധകപ്പല്‍ കാണാനാണ്. 1982 ല്‍ ആണ് സന്ദര്‍ശകര്‍ക്കായി ആഴക്കടലില്‍ നിന്നെടുത്ത് നേവല്‍ ബയിസിലെത്തിച്ചത്. ഓണ്‍ ലൈന്‍ വഴി ടിക്കറ്റെടുത്തതിനാല്‍ അകത്തുകടക്കാന്‍ പ്രയാസമൊന്നും തോന്നിയില്ല. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഭീമാകാരനായ ഒരു യുദ്ധ കപ്പല്‍ കാണുന്നത്. അത് കടലില്‍ നങ്കുരമിട്ട് കിടക്കുന്നതുപോലുണ്ട്. ഇതില്‍ കൊല്ലപ്പെട്ടത് 500 ല്‍ അധികം നാവികരാണ്. കപ്പലിന്‍റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞിട്ടുണ്ട്. മനസ്സിലേക്ക് കടന്നു വരുന്നത് 33 വര്‍ഷങ്ങള്‍ ഈ ഭീമന്‍ കപ്പല്‍ എത്രയെത്രയുദ്ധങ്ങള്‍ എത്രയോ കടലുകളില്‍ പോരാടിയതാണ്. ശക്തനായ യുദ്ധകപ്പല്‍ കാണുമ്പോള്‍ ശക്തനായിരുന്ന് ഇംഗ്ലണ്ടിന്‍റെ രാജാവ് ഹെന്‍ട്രി എട്ടാമനെ ഓര്‍ക്കും. ഇദ്ദേഹത്തിന്‍റെ കാലമാണ് ഇംഗ്ലണ്ട് ലോകത്തെ വന്‍ശക്തികളായിരുന്ന ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജൃങ്ങളെ ഈ പടകപ്പലിന്‍റെ സഹായത്താല്‍ തോല്‍പ്പിച്ചത്. വാളെടുക്കുന്നവന്‍ വളാല്‍ തീരും എന്നതുപോലെ വീരാളിയായിരുന്ന റോസ് മേരിയും ആഴകടലിലേക്ക് ആണ്ടുപോയത്. ചരിത്രത്തിലെ ഒരവിസ്മരണീയ സംഭവമായി ഇന്നും ഓര്‍ക്കപ്പെടുന്നു
ഞങ്ങളുടെ മുന്നില്‍ നിന്ന ഒരു സ്ത്രീയും പുരുഷന്നും അറിവിന്‍റെ മൂടുപടം തുറന്നത് തര്‍ക്കത്തിലൂടെയാണ്. കടലില്‍നിന്നുള്ള തണുത്ത കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ ഭാരൃയും ഭര്‍ത്താവുമെന്നു തോന്നി. അവരുടെ തര്‍ക്കവിഷയം മേരി റോസ്സിന്‍റെ പേരുമായി ബന്ധപ്പെട്ടാണ്. സ്ത്രീയുടെ കണ്ണുകളില്‍ ആത്മാഭിമാനവും രാജൃസ്നേഹവും നിറഞ്ഞുനില്‍ക്കുന്നു. ഭര്‍ത്താവിനോടു പറഞ്ഞു നിനക്ക് കണ്ണുണ്ട്. കാരൃങ്ങളറിയില്ല. അറിയാവുന്നവരോട് ചോദിക്ക്. പാലത്തില്‍ നിന്ന് കാല്‍വഴുതി വീണതുപോലെ ഭര്‍ത്താവ് എന്നെ നോക്കി. അദ്ദേഹത്തിന്‍റെ അനുവാദത്തോടെ ഞാന്‍ പറഞ്ഞു. ഹെന്‍ട്രി എട്ടാമന്‍റെ സഹോദരിയുടെ പേര് റോസ് ടുഡോര്‍ രാജവംശംത്തിന്‍റെ ഔദ്യോഗിക ചിഹ്നവുമാണ് മേരിറോസായി മാറിയത്. അല്ലാതെ യേശുവിന്‍റെ അമ്മയുടെ പേരല്ല. മദാമ്മക്ക് എന്‍റെ വാക്കുകള്‍ നന്നെ ബോധിച്ചു. ഒപ്പം നന്ദിയും പറഞ്ഞു.
നിന്‍റെ വാദം പൊളിഞ്ഞില്ലേ. ആ ദുര്‍ബല മനസ്സിനെ മദാമ്മ ശക്തിപ്പെടുത്തി മുന്നോട്ട് നടന്നു ഈ പടക്കപ്പല്‍ കാണാന്‍ വരുന്നവര്‍ മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയാണ്. റോസ് മേരിയെ സാക്ഷിയാക്കീ ഇവിടെ വിവാഹവും വിവാഹപാര്‍ട്ടികളും നടത്താറുണ്ട്. മേരിറോസ് എന്ന സുന്ദരി ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കന്നു. നീലിമയാര്‍ന്ന ആകാശത്തിനും കടലിനും ഒരേ നിറമാണ്. മഞ്ഞുളള രാവുകളില്‍ അവര്‍ ഒന്നായി പ്രണയിക്കാറുണ്ട്. അങ്ങകലെ കടലിലൂടെ കപ്പലുകള്‍ ബോട്ടുകള്‍ പോകുന്നു. ഇവിടെ വരുന്നവര്‍ക്ക് കടലിന്‍റെ സൗന്ദരൃം നന്നായി ആസ്വാദിക്കാം. കുറേ കാഴചകള്‍ കണ്ട് നടന്നതിന് ശേഷം പോര്‍ട്സ്മൗത്തിലെ മേരി റോസ് മൃൂസിയത്തില്‍ നിന്ന് ഞങ്ങള്‍ മടങ്ങി.













