ഒക്ടോബര്‍ 10,2025
ലണ്ടനിലേക്കുള്ള ആദ്യ യാത്ര…
മകളുടെ delivery അടുത്തിരിക്കുകയാണ്. അതിന്റെ ടെന്‍ഷന്‍ ആവോളമുണ്ട്.
പന്ത്രണ്ടേമുക്കാലോടെ കൊച്ചി വിമാനത്താവളത്തില്‍ ഊബറില്‍ എത്തി, അതെ ഊബറില്‍…… മിക്കവരും പറയുന്നതുപോലെ യൂബറിലല്ല
എന്റെ മുന്നിലെ ആളിനെ കുറെനേരം ഒരു ഹിന്ദിക്കാരന്‍ സെക്യൂരിറ്റി തടഞ്ഞു നിറുത്തിയത് ഒഴിച്ചാല്‍ കാര്യം സുഗമം.
എന്റെ സുഹൃത്തായ ജോണ്‍സണ്‍ എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ആ ബന്ധം കൊണ്ട് ക്യൂവില്‍ നില്‍ക്കാതെ രാജകീയമായി Kiosk C15 ലേക്ക്. എല്ലാം ധൃതഗതിയില്‍.Seat 39 ല്‍ നിന്ന് 24ലേക്ക് ഒരു കയറ്റം. അതും ജോണ്‍സന്റെ ബന്ധം മൂലമുള്ള മായാജാലം. വിമാനയാത്ര പുത്തരിയല്ലെങ്കിലും ഞാന്‍ അല്‍പം വേവലാതിയിലാണ്. പക്ഷെ
ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. എന്നെക്കാള്‍ ഈസ് ആയിരുന്നു ഷീബ. ഞാനോ നല്ല സംഭ്രമത്തിലും.
ഞാനങ്ങിനെയാണ്. പ്ലെയിനും ട്രെയിനും എനിക്കൊരങ്കലാപ്പാണ്. മതിഭ്രമം
ഡൂട്ടി ഫ്രീയില്‍ കുറച്ചു നേരം….. Glenfiddich നു ഒന്നിനൊന്നു ഫ്രീ. എന്റെ പരുങ്ങല്‍ കണ്ട് സുന്ദരിയായ Sales girl എന്നെ സമീപിച്ചു. ഏതാണ്ട് 7500 രൂപയ്ക്ക് രണ്ടെണ്ണമെന്ന ചിന്തയുടെ കുമ്പാരത്തില്‍ ഷീബ ചിത കൊളുത്തി, മോഹം വെറും ചുടുചാരമായി.
അവിടെ നിന്നു lounge ലേക്ക്. Marriot Diners Card ഉള്ളവന് ഒരു ചാകര…. സമയമില്ല എന്നു പറഞ്ഞു കരഞ്ഞു തിരിഞ്ഞു പോയ ഒരാളിനെ സങ്കടത്തോടെ ഞാന്‍ നോക്കി. 2 രൂപയ്ക്ക് 2 തവണ മദ്യപിക്കാമെന്നത്, അതും ഏതു വില കൂടിയ മദ്യവും എന്നത് എന്നെപ്പോലെയുള്ള സാധാരണക്കാരന് വലിയ കാര്യമാണ്.
എന്തു കൊണ്ടാണ് ഷീബ സമ്മതിച്ചതെന്നറിയില്ല. കൂപ്പണ്‍ വാങ്ങി ഞാനാരു ഓട്ടമായിരുന്നു. Smirnoff 2 എണ്ണം, കൂടെ മീനും ചിക്കനും ഒടുവില്‍ മേമ്പൊടിയായി ഷീബ കനിഞ്ഞു നല്‍കിയ മാമുക്കോയയുടെ ‘ഓം പ്ലേറ്റും’. നാലെണ്ണമടിക്കാനുള്ള പാസ് ഉണ്ടെങ്കിലും രണ്ടില്‍ നിറുത്തി. . എപ്പോഴും ഒരു മലയാളി ആവരുതല്ലോ? ‘ബെര്‍തെ കിട്ടിയാല്‍ ബലൂണും തിന്നുന്ന’ മലയാളി.
ബോര്‍ഡിംഗ് സ്ഥലത്തേക്ക് നീങ്ങി
3.55 ന് വിമാനം നീങ്ങിത്തുടങ്ങി. 4.15 ആകാന്‍ വെറുതെ aerofuel കളയാനെന്നോണം ഖത്തര്‍ പൈലറ്റ്, താവളത്തില്‍,ലൈസന്‍സ് എടുക്കാന്‍ ടൂവീലറുകാരു കറങ്ങുന്നതുപോലെ വെറുതെ അഭ്യാസം നടത്തുന്നു. അവര്‍ക്ക് ഇന്ധനത്തിനു വിലയില്ലല്ലോ?
3.55 ന് flight നീങ്ങി 4:11ന് ഉന്നതങ്ങളിലേക്ക് …..ബാക്കി കഥ ഇനി നാളെ ! അടുത്ത താവളമായ ദോഹയില്‍ ഇറങ്ങിയതിനുശേഷം…













