പിന്‍വാതിലില്‍ കൂടി ഒന്നും രണ്ടും പേരായി മിണ്ടിപ്പറഞ്ഞ് അകത്തേക്കു കടന്നപ്പോള്‍ സാറിനും ഒപ്പം വന്ന മോനും ഞങ്ങള്‍ക്കുമായി ഒഴിച്ചിട്ട വലിയ മുറിയില്‍ ആകെ ബഹളം. യാത്ര പറയുന്നതിന്റെ ബഹളമായിരുന്നു അത്. മോളായിരുന്നു ഞങ്ങളുടെ മുന്‍പില്‍ അകത്തേക്കു കടന്നത്.
ഞങ്ങള്‍ അങ്ങോട്ടു കടന്നു ചെല്ലമ്പോള്‍ കാണുന്ന കാഴ്ച !
പപ്പായെ ആശ്ലേഷിച്ചു കരയുന്ന മകള്‍, മകളെ ഉറുപ്പടക്കം കെട്ടിപ്പിടിച്ച് വിതുമ്പുന്ന അപ്പന്‍
‘ഇനി നീ വരുമ്പോള്‍ എന്നെ ജീവനോടെ കാണുമൊ ‘എന്നപ്പന്‍
‘അങ്ങനെയൊന്നും പറയരുതേ
അച്ചാച്ചാ ‘എന്നു മോള്‍ .
അടുത്തായി സഹോദരങ്ങള്‍. ഇരുവരും മൂകസാക്ഷികളായി. തമ്മില്‍ തല്ലിയും ശുണ്ഠി പിടിപ്പിച്ചും കളിയും ചിരിയുമായി ഒത്തു വളര്‍ന്ന ഏക സഹോദരി.
പുറത്ത് വണ്ടിയുടെ ഹോണ്‍ കേട്ടപ്പോള്‍ മകള്‍ അപ്പന് പെട്ടെന്നൊരുമ്മ കൊടുത്ത് വിതുമ്പലോടെ സഹോദരങ്ങളുടെ കയ്യില്‍ പിടിച്ച് കണ്ണുകൊണ്ടുഴി ഞ്ഞ് തലയാട്ടി യാത്ര ചൊല്ലി
ബാഗും കയ്യിലെടുത്ത് ഓടി വെളി യിലേക്കിറങ്ങി. ഓട്ടത്തില്‍ ഇടക്ക് മൂക്കു തുടയ്ക്കുന്നതും കരച്ചിലടക്കാന്‍ പാടു പെടുന്നതും ഞങ്ങള്‍ക്കു കാണാമായിരുന്നു. ആരുടെയായാലും യാത്ര പറച്ചില്‍ ദുസ്സഹമായ ഒരു സംഗതിയാണ്.
ഞങ്ങളോടൊപ്പം ചിലവഴിച്ച നിമിഷങ്ങളോര്‍ത്ത് കണ്ടു നിന്ന ഞങ്ങളുടേയും മിഴികള്‍ ഈറനായി.
യാത്രയയക്കാന്‍ ഞങ്ങളും സാറുമൊഴിച്ച് ബാക്കിയുള്ളവരും
പിന്നാലെ ചെന്നു. മുന്‍വശത്തേക്കുള്ള കതകു തുറന്ന് പാളി നോക്കിയപ്പോള്‍ വണ്ടി മുന്നോട്ടെടുക്കുന്നതും കൈ വീശിക്കാണിച്ച് വണ്ടിയിലിരുന്നു പോകുന്ന പോകുന്ന മോളെയും കണ്ടു.വഴിയരികിലായി കൈ വീശിയ പടി നില്‍ക്കുന്ന കുട്ടികളും സഹോദരന്മാരും. പൂമുഖത്ത് പെയിന്റിംഗ് തകൃതിയായി നടത്തിക്കൊണ്ടിരുന്നവരും അല്പ സമയത്തേക്ക് അവരുടെ ജോലി മറന്ന് ആ കാഴ്ച കണ്ടു നില്‍ക്കുന്നതു കണ്ടു.കതകു പാതി തുറന്ന എന്നോടവര്‍ പറഞ്ഞു ‘ ആന്റി അടച്ചേക്ക് പെയിന്റിന്റെ സ്‌മെല്‍ ചിലപ്പോള്‍ പിടിക്കാതെ വരും.’ ചായയും പലഹാരവും കൊണ്ടു വന്ന പാത്രമെടുക്കാന്‍ വന്ന രാമചന്ദ്രന്‍ പുറകില്‍ നിന്നു പറഞ്ഞു. അതാണെന്റെ മൂത്ത മകന്‍ രഞ്ജിത് .ഒരാള്‍ കൂടിയുണ്ട് രാഹുല്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്നു. മൂത്തമകന്‍ പെയിന്റിംഗ് തൊഴിലാളി ഇളയവന്‍ എന്‍ജിനീയര്‍ എന്റെ ജിജ്ഞാസ പൂണ്ട മുഖഭാവം കണ്ട് ആള്‍ കൂട്ടി ചേര്‍ത്തു. ഇവനും പഠിപ്പൊക്കെയുണ്ട്. പക്ഷെ ആള്‍ ഇവിടൊക്കെ നോക്കി നടത്തുന്നു.
കെറ്റിലും പാത്രവുമെടുത്തു പോകാന്‍ തിരിഞ്ഞ രാമചന്ദ്രന്‍ ചോദിച്ചു ‘ രാത്രിയിലേക്കെന്താ വേണ്ടെ? ‘ഞാനെന്തു പറയണം എന്നറിയാതെ കുഴങ്ങി. നെന്മാറക്കാരനും ഭാര്യയും വണ്ടിക്കരികിലേക്കു പോയിരുന്നു. വണ്ടി പോയിട്ടും അവരോടൊപ്പം സംസാരിച്ച് അവിടത്തെ വിശേഷങ്ങള്‍ പറഞ്ഞു ചുറ്റിക്കറങ്ങുന്നു. അവസാനം ഞാന്‍ ചോദിച്ചു എന്താ ഉള്ളത്?
ചോറും കറികളും ഉണ്ട് അല്ലെങ്കില്‍ ചപ്പാത്തിയും ചിക്കനും. ഞങ്ങളുടെ പതിവ് ചപ്പാത്തിയാണ് .എങ്കിലും സാറിന് എന്തു വേണമെന്നറിയണ്ടെ?ഞാന്‍ അഭിപ്രായം ചോദിച്ചു വന്ന് രാമചന്ദ്രനോടു പറഞ്ഞു ‘ഏതെങ്കിലും ഒന്നു മതി ചപ്പാത്തി ചിക്കനായിക്കോട്ടെ.’
എല്ലാവരും മടങ്ങി വന്ന് യാത്രാ ക്ഷീണം മാറ്റാന്‍ അല്പനേരം അവരവര്‍ക്കായി തിരിച്ച മുറികളില്‍ കയറി. മക്കള്‍ രണ്ടു പേരും സാറിന്റെ ഇരുവശവും ഇരുന്ന് പല വിഷയങ്ങളും പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ബാക്കിയുള്ളവര്‍ കുളിക്കേണ്ടവര്‍ കുളിക്കാനും കിടക്കേണ്ടവര്‍ കിടക്കാനും. ഞങ്ങളോടൊപ്പം വന്ന രമ്യയെ ഒറ്റക്ക് ഡോര്‍മെട്രിയില്‍ കിടത്തുന്നതു ശരിയല്ലല്ലൊ എങ്കില്‍ കുട്ടികളോടൊപ്പമായിക്കൊള്ളട്ടെ എന്ന തീരുമാനവുമായി.
എല്ലാവരും പഴയ മൂഡിലേക്കു വന്നു തുടങ്ങിയതു കണ്ട് ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഒരു പ്രാര്‍ത്ഥന ചൊല്ലി. ഭക്ഷണം കൊണ്ടു വരുന്നതു വരെ സമയം കളയണമല്ലൊ. എന്റെ ഭര്‍ത്താവ് ഒന്നു രണ്ടു തമാശകള്‍ പൊട്ടിച്ചു
ചിരിപ്പിച്ചു തുടങ്ങി. തമാശകള്‍ അതിരുകടക്കാന്‍ സാദ്ധ്യത കണ്ടു തുടങ്ങിയപ്പോള്‍ ഞാന്‍ ചില പസില്‍സ് ചോദിച്ചു തുടങ്ങി കുട്ടികളും ഒപ്പം കൂടി. അവരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞും പറയാതെയും കുട്ടികളോടൊപ്പമിരുന്നു.പിന്നെ എല്ലാവരും അതിലേക്കായി. എന്റെ ഭര്‍ത്താവിന് രണ്ടു കംപ്യൂട്ടറുകളെ സംബന്ധിച്ച ഒരു ട്രിക്കി ചോദ്യമുണ്ടായിരുന്നു കയ്യില്‍. ആവേശം മൂത്ത് ആള്‍ ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവര്‍ക്ക് ആയിരം രൂപ വാഗ്ദാനവും ചെയ്തു. ഇന്നും എനിക്കാ ചോദ്യമെന്താണെന്നൊ അതിന്റെ ഉത്തരം എങ്ങനെ ആയിരിക്കണമെന്നോ അറിയില്ല. അറിഞ്ഞാല്‍ തന്നെ പറഞ്ഞു ഫലിപ്പിക്കാനും വശമില്ല. കുട്ടികള്‍ ചിന്തിച്ചു വശം കെട്ടപ്പോഴേക്കും താഴെ നിന്ന് ഭക്ഷണവുമായി ആളെത്തി. പിന്നെ എല്ലാവരുടേയും ശ്രദ്ധ അതിലായി.
(തുടരും)













