തൊട്ടു പിറകില്‍ പ്ലേറ്റില്‍ സ്‌നാക്ക്‌സുമായി അക്‌സീനയും രമ്യയും.എപ്പോള്‍ അകത്തേക്കു പോയി എന്ന് മയിലിനെ ശ്രദ്ധിച്ചു നിന്ന ഞങ്ങള്‍ കണ്ടില്ല.അത്രയും ഇഷ്ടത്തോടെ ആയിരുന്നു ഞങ്ങള്‍ അതിന്റെ ഓരോ ചലനവും നോക്കി നിന്നത്. ആളിന്റെ ശബ്ദമൊ അനക്കമൊ അതിനെ ഭയപ്പെടുത്തിയില്ലെന്നു മാത്രമല്ല അത് ഞങ്ങളുടെ സമീപത്തേക്ക് കുറച്ചുകൂടി അടുത്തു വരിക തന്നെ ചെയ്തു.
മയിലുകള്‍ പീലി വിടര്‍ത്തി ആടുന്നതു കാണാന്‍ നല്ല ഭംഗിയാണ്. പക്ഷെ ഇവിടെ ആ ആട്ടം ഉണ്ടായില്ല. ഇണയില്ലാതെ ഒറ്റക്കു തീറ്റ കൊത്തിപ്പെറുക്കി നടക്കുന്നു. ജൂസു കഴിക്കാന്‍ വിളി വന്നപ്പോള്‍ ഞങ്ങള്‍ മുഖം അങ്ങോട്ടു തിരിച്ചു.
മുറ്റത്തേക്കെടുത്തിട്ട കസേരകളിലും ബാക്കിയുള്ളവര്‍ പോര്‍ച്ചിന്റെ അരഭിത്തിയിലും ഇരുന്ന് ജൂസു കൂടിച്ച് സ്‌നാക്‌സും കഴിച്ചു സൊറ പറഞ്ഞു കൊണ്ടിരുന്നു .നടക്കാന്‍ താല്‍പ്പര്യമുള്ളവരെ കൂട്ടി വിടിന്റെ ഉടമസ്ഥന്‍ പുരയിടം കാണിക്കാന്‍ കൊണ്ടുപോയി. പ്രായമായവര്‍ അകത്തേക്ക് കടന്നു അല്പസമയം നടുവു നിവര്‍ത്താനും റ്റോയ്‌ലറ്റു ഉപയോഗത്തിനുമായി. ബാക്കിയുള്ളവര്‍ മുറ്റത്തു തന്നെ കൂടി.വീണ്ടും ഇറങ്ങണം ഉച്ചക്കു
കഴിക്കാനുള്ള ആഹാരത്തിനായി പിന്നെന്തിന് എന്ന ചിന്തയില്‍. കിട്ടിയ തക്കത്തില്‍ പോര്‍ച്ചില്‍ കിടന്ന കാറിനോട് ചേര്‍ന്നു നിന്ന് കുടുംബനാഥയോടൊത്ത് ഒരു ഫോട്ടോക്ക് പോസു ചെയ്യാനും സൗകര്യം കിട്ടി. വര്‍ഷങ്ങള്‍ പഴക്കമുള്ളതെങ്കിലും ഇപ്പോഴും
പുതിയതു പോലെ സൂക്ഷിക്കുന്ന കാറ്. ഫോട്ടൊ എടുത്തു തരാന്‍ സാറിന്റെ മകള്‍ കൊണ്ടു വന്ന ഡ്രൈവറും .ഐഡിയായും ആ മോളുടെ തന്നെ. അതുകൊണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ആ ആള്‍ തന്നെ. പിന്നില്‍ നില്‍ക്കുന്നത് കുടുംബനാഥ ആ സൈഡില്‍ തന്നെ സാറിന്റെ മൂത്ത മകന്റെ ഭാര്യയും വലതു സൈഡിലായി സാറിന്റെ കൊച്ചുമക്കളും ഞാനും നടുവില്‍ രമ്യയും .
അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ എല്ലാവരുമായി ഹോട്ടലിലേക്ക് . ഇത്തവണ ഒരു വാഹനത്തിനു മാറ്റമുണ്ടായി ആളിന്റെ എണ്ണം കൂടിയതിനാല്‍ ഒരു കൂട്ടര്‍ വന്ന വാഹനം അവിടെ തന്നെ ഇട്ടിട്ട് ആ വീട്ടിലെ മറ്റൊരു വണ്ടിയാണ് കൊണ്ടു പോയത് .അതൊരു വലിയ വണ്ടിയായിരുന്നു. മക്കളുടെ കുടുംബം വരുമ്പോള്‍ എല്ലാവരും ഒരുമിച്ചു പോകാന്‍ ഉദ്ദേശിച്ചു വാങ്ങിയിട്ടിരിക്കുന്നത്. കൂട്ടുകാര്‍ ഒത്തുകൂടിക്കൊള്ളു ഞങ്ങള്‍ അതിലേക്കു കയറിക്കൊള്ളാം എന്ന് ഞാനും രമ്യയും മാറി മാറി പറഞ്ഞു. പക്ഷെ അവര്‍ രണ്ടു പേരും ആ വണ്ടിയിലാണ് കയറിയത്.
ലഞ്ചു കഴിച്ചതും ഒരു വെജിറ്റേറിയന്‍ ഹോട്ടലിലായിരുന്നു.തമിഴര്‍ നടത്തുന്ന ഹോട്ടല്‍ ശരവണ. നല്ല വൃത്തിയുള്ള ഫാമിലി റൂമുകളും കോമണ്‍ ഹാളും. ഭക്ഷണവും കുഴപ്പമില്ല.
അവരുടെ പ്രത്യേക രീതിയിലുള്ള കറികളെന്നു മാത്രം. എല്ലാവരും ലഞ്ച് കഴിച്ച് അല്പം വിനോദത്തിനായി ചുറ്റുമൊക്കെ കറങ്ങിക്കണ്ട് നെല്ലിയാമ്പതിയിലേക്ക് യാത്ര തിരിച്ചു. അന്നത്തെ താമസം പാഡിഗിരിയിലെ അവരുടെ റിസോര്‍ട്ടില്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നറിഞ്ഞു.
പുതിയ വണ്ടിയാണ് മുന്നില്‍. അവരാണല്ലൊ വഴികാട്ടികള്‍. അവര്‍ക്കാണല്ലൊ സ്ഥലപരിചയം അങ്ങനെ ഞങ്ങള്‍ നേരത്തെ സൂചിപ്പിച്ച സ്‌കൂളിന്റെ മുന്നില്‍ക്കുടി അതായത് നെന്മാറക്കാരന്റെ വീടിന്റെ വഴിത്തിരിവ് കടന്ന് നേരെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. വഴിയുടെ ഇടതു സൈഡിലായി പോത്തുണ്ടി എന്ന സൈന്‍ ബോര്‍ഡും പിന്നാലെ ചില്‍ഡ്രന്‍സ് പാര്‍ക്കും കണ്ടു . വണ്ടിയില്‍ കൊച്ചുകുട്ടികളാരും ഇല്ലാത്തതിനാലും സമയക്കുറവിനാലും അവിടെയിറങ്ങി പാര്‍ക്കു കാണാനൊ കയറാനൊ ആരും മിനക്കെട്ടില്ല. പോത്തുണ്ടിയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കു മാത്രമല്ല വലിയവര്‍ക്കായി സൈക്കിള്‍, മിനി ജീപ്പ് റൈഡിംഗ്, റോപ്പ് വേ, റോപ്പ് ജംബിംഗ് മുതലായവക്കു സൗകര്യമുള്ള അഡ്വഞ്ചര്‍ പാര്‍ക്കും ഉണ്ടത്രെ.
പാര്‍ക്കു കടന്ന് മുന്നോട്ടു പോകവെ ഡാമിന്റെ ബോര്‍ഡും ആരോ മാര്‍ക്കും ഇടതു വശത്ത് ഉയരത്തിലേക്ക് ഒരു വഴിയും കണ്ടു. നെന്മാറ നെല്ലിയാമ്പതി റോഡായിരുന്നു അത്.മുന്‍പില്‍ പോയ വണ്ടിയുടെ ഓട്ടം ആ റൂട്ടിലായി. ഞങ്ങളുടെ വണ്ടി പിന്നാലെയും.വഴി ഒരു വനത്തിലൂടെ പോകുന്ന പ്രതീതി ജനിപ്പിച്ചു. ഇടതുര്‍ന്ന കൂറ്റന്‍ മരങ്ങളും അതില്‍ ചാടി നടക്കുന്ന മലയണ്ണാന്മാരും പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന ചീവീടുകളും ചിലച്ചു പറക്കുന്ന പക്ഷികളും എല്ലാം എല്ലാം കണ്ണിന് ഇമ്പം നല്‍കുന്നതും കാതിനു കുളിര്‍മ്മയേകുന്നതുമായിരുന്നു.
കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ രണ്ടു മൂന്നു കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും അതിനടുത്തും മുകളിലുമായി കുരങ്ങന്മാര്‍ ചാടിനടക്കുന്നതും കാണാനിടയായി. അവര്‍ക്കറിയാം
ടൂറിസ്റ്റുകളുടെ കയ്യില്‍ കൊറിക്കാനൊ കഴിക്കാനൊ എന്തെങ്കിലും കാണുമെന്ന്. കയ്യില്‍ നിന്നു തട്ടിപ്പറിച്ചോടുന്ന ആശാന്മാരും, അതൊ ആശാട്ടിമാരൊ ! ഇല്ലാതില്ല. മുന്‍പില്‍ പോകുന്ന വണ്ടി സൈഡു ചേര്‍ക്കുന്നതു കണ്ട് ഞങ്ങളുടെ വണ്ടിയും പറ്റിയ ഒരിടം നോക്കി പാര്‍ക്കു ചെയ്ത് എല്ലാവരും പുറത്തിറങ്ങി . ഓരോരുത്തര്‍ അങ്ങോട്ടു നടന്നു. ഞാനും ബോര്‍ഡില്‍ എഴുതിയ കാര്യങ്ങള്‍ വായിച്ച് പതുക്കെ മുന്നോട്ടു നീങ്ങി. നെല്ലിയാമ്പതി മലനിരകളുടെ താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട്. മലനിരയില്‍ നിന്നൊഴുകുന്ന അയിലൂര്‍ നദിയുടെ കൈവഴി കളായ മീഞ്ചാടിപ്പുഴയ്ക്കും നെല്‍പ്പുഴയ്ക്കും കുറുകെ മണ്ണും കുമ്മായവും ശര്‍ക്കരയും കൂട്ടിക്കുഴച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഇന്ത്യയിലെ ആദ്യകാല ഡാമുകളില്‍ ഒന്നാണ്. പാലക്കാട് ജില്ലയിലെ 5470 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനത്തിനും ഒട്ടേറെ ഗ്രാമങ്ങളില്‍ കുടിവെള്ളത്തിനും ഉപയുക്ത
മാക്കുന്നു . അണക്കെട്ട് ചുറ്റി നടന്നു കാണാന്‍ പാതകളും അവയിലേക്ക് നടന്നു കയറാന്‍ പാര്‍ക്കില്‍ നിന്ന് പടിക്കെട്ടുകളും ഉണ്ട്. ഒപ്പമുള്ള ഒരാള്‍ക്ക് തിരികെ പോകേണ്ടതു കൊണ്ട് ഞങ്ങള്‍ ആ ഉദ്യമത്തില്‍ നിന്നു പിന്‍മാറി ഒന്നു രണ്ടു ഫോട്ടോകളെടുത്ത് തിരികെ വണ്ടികളില്‍ കയറി.
(തുടരും)











