മുന്നിലും പുറകിലുമായി വണ്ടികള്‍ രണ്ടും യാത്ര തുടര്‍ന്നു. പോത്തുണ്ടി ഡാം കാഴ്ചയില്‍ നിന്നു മറഞ്ഞു .ഇനി ഒരു ഇരുപത്തഞ്ചു കിലോമീറ്ററോളം കുന്നു കയറണം പാഡിഗിരിയിലെ അവരുടെ റിസോര്‍ട്ടിലെത്താന്‍ . വളഞ്ഞു പുളഞ്ഞുള്ള വഴികള്‍. വഴിക്കിരുപുറവും ഇടതൂര്‍ന്ന വൃക്ഷങ്ങള്‍ അവയില്‍ നേരത്തെ
കണ്ടതുപോലെ കുരങ്ങന്മാരും മലയണ്ണാന്മാരും കിളികളും ചാഞ്ചാടി പറന്നു ചിലച്ചു നടക്കുന്നു .ഇടയ്‌ക്കൊന്നും ഒരു വീടു പോലും കാണാനായില്ല. കുറെ അകലെയെത്തിയപ്പോള്‍ ഒരു വ്യൂ പോയിന്റ് കണ്ടു. ഇറങ്ങി നിന്ന് ഫോട്ടോ എടുക്കാനും ബൈനോക്കുലറിലൊ അല്ലാതെയൊ ദൂരക്കാഴ്ചക്കുമായി വൃത്തിയുള്ള ഒരു മുനമ്പു പോലെ വഴിയില്‍ നിന്നുള്ളിലേക്കു സജ്ജമാക്കിയ അല്പം സ്ഥലവും വിശ്രമിക്കാന്‍ ചാരുബഞ്ചിട്ട ഒരു ഷെഡ്ഡും. അവിടെ ഇറങ്ങി കാലൊക്കെ ഒന്നു നിവര്‍ത്തി . ചിലരൊക്കെ കാഴ്ചകള്‍ പിന്നില്‍ വരത്തക്കവിധം പോസ് ചെയ്ത് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ അടുത്ത വണ്ടിയിലെ കുട്ടികളും അതു ചെയ്തു.
‘അയ്യപ്പന്‍ തിട്ട് ‘ എന്നായിരുന്നു ആ വ്യൂ പോയിന്റിന്റെ പേര്. അതിനടുത്ത് അയ്യപ്പന്റെ ഒരമ്പലം ഉണ്ടത്രെ. അതാണ് ആ പേരു വരാന്‍ കാരണം.സമയം അധികം കളയാനില്ലാത്തതിനാല്‍ അവര്‍ വേഗം വണ്ടിയില്‍ കയറി ഞങ്ങള്‍
വീണ്ടും യാത്ര തുടര്‍ന്നു.
ഇടയ്ക്ക് ഒരു റമ്പര്‍ തോട്ടവും കുറെ ചെറു വീടുകളും ഒന്നുരണ്ടു കടകളും കാണാറായി. റമ്പര്‍ തോട്ടത്തില്‍ പണിയെടുക്കുന്ന ആള്‍ക്കാരുടേതാവും വീടുകള്‍, കടകള്‍ അവരെ ഉദ്ദേശിച്ചുള്ളതും. ചിലരൊക്കെ ചായക്കടയ്ക്കുള്ളി ലിരുന്നു ചായ കുടിക്കുന്നു ചിലര്‍ പുറത്ത് ബഞ്ചിലിരുന്ന് സൊറ പറയുന്നു. എവിടെ ചായക്കട ഉണ്ടൊ അവിടൊക്കെ സംസാരിച്ചിരിക്കാന്‍ ആള്‍ക്കാരുണ്ടാവുമല്ലൊ. വീണ്ടും വണ്ടികള്‍ മുന്നോട്ടു പോയി. വഴി രണ്ടായി തിരിഞ്ഞു ‘ കൈ കാട്ടി ‘ എന്നായിരുന്നു ആ ജംഗ്ഷന്റെ പേര്. വലതുവശത്തു കിടക്കുന്ന വഴിയിലൂടെയായിരുന്നു ഞങ്ങള്‍ക്കു പോകേണ്ടിയിരുന്നത്
വണ്ടികള്‍ ആ വഴി മുന്നോട്ടു പോയി.
നാലു മണിയോടെ ഞങ്ങള്‍ പാഡിഗിരിയിലെ റിസോര്‍ട്ടില്‍ എത്തി. റിസോര്‍ട്ട് പെയിന്റിംഗ് നടത്തുന്ന സമയമായിരുന്നു. ഞങ്ങളുടെ തീരുമാനം പെട്ടെന്നായിരുന്നല്ലൊ എങ്കിലും പെയിന്റിംഗിന്റെ അവസാനഘട്ടം എത്തിയിരുന്നു. അതാകട്ടെ റിസോര്‍ട്ടിന്റെ പൂമുഖഭാഗവും. അതിനാല്‍ത്തന്നെ ഞങ്ങളുടെ വണ്ടി പുറകിലെ ചെറിയ ഒരു പുല്‍ത്തകിടിയിലും തിരിച്ചു പോകേണ്ട വണ്ടി വഴിയരികിലും നിര്‍ത്തി ഞങ്ങളെ റിസോര്‍ട്ടിന്റെ പുറകില്‍ വേലി കെട്ടിത്തിരിച്ച ഒരു മുറ്റത്തു കൂടി പുറകു വശത്തെ വാതിലില്‍ കൂടിയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.
ആ ഭാഗം ഒരു ഡോര്‍മെറ്ററി സെറ്റപ്പായിരുന്നു. താഴെയും മുകളിലുമായി ഈ രണ്ടു തട്ടുകളില്‍ ബെഡ്ഡുകളുള്ള നാലഞ്ചു സെറ്റുകള്‍. ഒരു സൈഡിലായി അവിടെ തങ്ങുന്നവര്‍ക്കുപയോഗിക്കന്‍
ടോയ്‌ലറ്റ്‌സും സാധനങ്ങള്‍ സൂക്ഷിക്കാനുള്ള കമ്പേര്‍ഡ്‌സും. അതു കടന്നകത്തേക്കു ചെല്ലുമ്പോള്‍ രണ്ടു മൂന്നു സിംഗിള്‍,കപ്പിള്‍സ്, ഫാമിലി റൂംസ്. അറ്റത്തായി നാലു ബെഡുകള്‍ നിരത്തിയിട്ടിരിക്കുന്ന ഒരു കോമണ്‍ റൂം അല്ലെങ്കില്‍ ഹാള്‍. എല്ലാ റൂമിലും ബഡ്ഡുകള്‍ ഭംഗിയായ വിരികളും അതിനു ചേരുന്ന തലയിണക്കവറുകളും കൊണ്ട് വിരിച്ചൊരുക്കിയിട്ടിരുന്നു ഓരോ റൂമിനും അനുബന്ധമായി ടോയ്‌ലറ്റുകളും ഡ്രസ്സിംഗ് റൂംസും, കുളിക്കാന്‍ ചൂടുവെള്ളം കിട്ടുന്ന സംവിധാനങ്ങളും.എല്ലാം കൊണ്ടും നല്ല ഭംഗിയും വെടിപ്പും ഉള്ള മുറികള്‍. മുറികളെല്ലാം കയറിയിറങ്ങി കണ്ട കൂടെ തന്നെ യാത്രയില്‍ അത്യാവശ്യം നടത്തേണ്ട കാര്യങ്ങളും നടത്തി പുറത്തു വന്നപ്പോള്‍ കെറ്റിലില്‍ ചായയും ഒഴിച്ചു കുടിക്കാന്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളും കഴിക്കാന്‍ ഏത്തക്കഅപ്പവുമായി വഴിക്കു തൊട്ടു താഴെയുള്ള ചായക്കടയില്‍ നിന്ന് കടയുടമസ്ഥനും റിസോര്‍ട്ടു നോക്കാന്‍ നെന്മാറക്കാരന്‍ ചാക്കോ സാര്‍ ഏല്‍പ്പിച്ചിരിക്കുന്ന രാമചന്ദ്രന്‍ എന്ന ചുമതലക്കാരന്‍ എത്തിയിരുന്നു.ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി അകത്തേക്കു കയറുന്നതു അവര്‍ കണ്ടിരുന്നു .ചെറുകടിയെക്കാള്‍ ചൂടു ചായ അത്യാവശ്യം വേണ്ട സന്ദര്‍ഭമായിരുന്നു അത്. ഞങ്ങള്‍ അത് ഊതിയൂതിക്കുടിച്ച് അപ്പവും കഴിച്ച് വെറുതെ ഒന്നു കാണാന്‍ പുറത്തേക്കിറങ്ങി ,കയറി വന്ന പിന്‍വാതിലില്‍കൂടി തന്നെ. മുന്‍വശത്തു കൂടി ഇറക്കം പാടില്ലല്ലൊ .അവിടെ പെയിന്റിംഗ്
ഫിനിഷിംഗ് റൗണ്ടിലായിരുന്നു. അതുകൊണ്ടു തന്നെ അങ്ങോട്ടുള്ള വാതില്‍ തഴുതിട്ടിരുന്നു അപ്പുറത്ത് പെയിന്റ് ചെയ്യുന്നവരുടെ സംസാരങ്ങളും ചിരിയും കേള്‍ക്കാമായിരുന്നു.
റിസോര്‍ട്ടിന്റെ തൊട്ടടുത്ത് ആ സൈഡില്‍ തന്നെ ഒരു കത്തോലിക്ക പള്ളി. എതിര്‍ വശത്തായി ഒരു കോണ്‍വെന്റും
നേരത്തെ അതിനടുത്തായി ഒരാശുപത്രി പ്രവര്‍ത്തിച്ചിരുന്നു ആയത് ഇപ്പോള്‍ ഒരു റിസോര്‍ട്ടിനായി തയ്യാറെടുക്കുന്നു അതിനിപ്പുറത്തായി രാമചന്ദ്രന്റെ ചായക്കടയും പുറകില്‍ അവരുടെ താമസസ്ഥലവുമായുള്ള കെട്ടിടം. കുറച്ചു മുന്നോട്ടു കണ്ണുകള്‍ പാഞ്ഞപ്പോള്‍ തേയിലയുടെ പച്ചപ്പു കണ്ടു. തേയിലത്തോട്ടം എവിടെക്കണ്ടാലും ഉള്ളില്‍ ഒരു പ്രത്യേക സവിശേഷത കടന്നു വരും.ഒരു തരം നൊസ്റ്റാള്‍ജിയ.
ജനിച്ചത് മൂന്നാറില്‍. കണ്ണന്‍ ദേവന്‍ കമ്പനിയുടെ തേയില തോട്ടത്തിലായിരുന്നു പപ്പായ്ക്കു ജോലി. വര്‍ഷങ്ങളോളം പല തേയില തോട്ടങ്ങളിലായി ജോലിയും കുടുംബമായി അതാതിടങ്ങളില്‍ താമസവും. അങ്ങോട്ടു പോകാന്‍ മനസ്സു വെമ്പി. പക്ഷെ അധിക നേരം അവിടെ നില്‍ക്കാനായില്ല. സാറിന്റെ മോള്‍ക്ക് തിരികെ പോകണം..അപ്പോള്‍ പുറപ്പെട്ടാലെ ഫ്‌ലൈറ്റിന് മൂന്നു മണിക്കൂര്‍ മുന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തൂ. വീട്ടില്‍ നിന്നെടുത്ത വണ്ടി അവിടെ കൊണ്ടിട്ടിട്ടു നാട്ടില്‍ നിന്നു കൊണ്ടു വന്ന വണ്ടിയില്‍ വേണം പോകാന്‍. മോള്‍ പെട്ടെന്നു പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്തി കാഴ്ചയര്‍പ്പിച്ചു പുറത്തു ‘വന്നു . ഞങ്ങള്‍ അക്കാര്യം പിറ്റേന്നു രാവിലത്തേക്കു മാറ്റി വച്ചു.
(തുടരും)













